മനോജ് ജോസഫ് ചെത്തിപ്പുഴ
ലിവർപൂൾ: ലിവർപൂൾ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള യൂണിവേഴ്സിറ്റി ഓഡിറ്റോറിയം ജനുവരി 31-ന് സാക്ഷ്യം വഹിച്ചത് യുകെയിലെ മലയാളി കുടിയേറ്റ ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിനായിരുന്നു. യുകെയിലെ പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) തങ്ങളുടെ ഇരുപത്തിയഞ്ചാം വാർഷികം അതിഗംഭീരമായി ആഘോഷിച്ചു. ലിമയുടെ രജതജുബിലി സംഗമത്തിൽ പ്രമുഖ വ്യക്തിത്വങ്ങളും എണ്ണൂറിലധികം പ്രവാസികളും പങ്കെടുത്തു. സംഘടനയുടെ കാൽനൂറ്റാണ്ടിന്റെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന വിപുലമായ പരിപാടികളാണ് വേദിയിൽ അരങ്ങേറിയത്.

വൈകുന്നേരം നടന്ന പൊതുസമ്മേളനം മെഴ്‌സിസൈഡ് പൊലീസിലെ ചീഫ് കോൺസ്റ്റബിളിന്റെ പ്രധിനിധിയായെത്തിയ മുഖ്യാതിഥി ശ്രീ. ഇയാൻ സ്പീഡ് (Community Engagement Officer, Merseyside) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് നമ്മുടെ സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ലിമയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം കൂട്ടായ്മകളാണ് വളർന്നു വരുന്ന പുതിയ തലമുറയ്ക്ക് മലയാളത്തനിമയും സംസ്കാരവും പകർന്നു നൽകുതെന്ന് മുഖ്യ പ്രഭാഷകൻ എബി സെബാസ്റ്റ്യൻ (National President at UUKMA) പറഞ്ഞു. ആശംസകൾ നേർന്നുകൊണ്ട് യുക്മയുടെ നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്‍റ് ശ്രീ. ഷാജി തോമസ് വാരക്കുടി സംസാരിച്ചു. കഴിഞ്ഞ 25 വർഷക്കാലം ലിവർപൂളിലെ മലയാളി സമൂഹത്തിന് ലിമ നൽകിയ കരുത്തിനെയും ഒരുമയെയും കുറിച്ച് അസോസിയേഷൻ പ്രസിഡന്‍റ് സോജൻ തോമസ് അനുസ്മരിച്ചു. സെക്രട്ടറി ആതിര, സംഘടനയുടെ വളർച്ചയിൽ ഓരോ അംഗത്തിനുമുള്ള പങ്കിനെ പ്രത്യേകം നന്ദിയോടെ സ്മരിച്ചു. ലിമയുടെ കഴിഞ്ഞ ഇരുപത്തിഅഞ്ചു വർഷക്കാലത്തെ സേവങ്ങളെ അനുസ്മരിച്ചു ശ്രീ ഫ്രാൻസിസ് മാത്യു (ലോ ആൻഡ് ലോയേർസ് സോളിസിറ്റേഴ്‌സ്), ജേക്കബ് വർഗീസ് ( പ്രസിഡന്‍റ് , ലിംകാ) തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചപ്പോൾ ജോസ് മാത്യു (ട്രഷറർ, ലിമ) നന്ദിയും പറഞ്ഞു.

സംഘടനയുടെ ദീർഘകാല വളർച്ചയ്ക്കും സേവനങ്ങൾക്കും നേതൃത്വം നൽകിയ മുൻകാല ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു. കൂടാതെ 25 വർഷത്തെ പ്രവർത്തന ജീവിതം സമൂഹത്തിനു സമർപ്പിച്ച ചില മഹത്വ വ്യക്തികളെയും, അഞ്ചു വർഷത്തിലധികം കമ്മിറ്റിയിൽ സേവനമനുഷ്ഠിച്ചു സംഘടനയുടെ വളർച്ചയ്ക്കു സമഗ്ര സംഭാവന നൽകിയവരെയും, തങ്ങളുടെ ഉത്തരവാദിത്തങ്ങൾക്കുമപ്പുറം അസാമാന്യമായ സേവനം കാഴ്ചവെച്ച പുതിയ തലമുറയിൽപ്പെട്ട കമ്മിറ്റി അംഗങ്ങളെയും പ്രത്യേകം ആദരിച്ചു. പൊതുസമ്മേളനത്തിനൊടൊപ്പം യുകെയിലെയും കേരളത്തിലെയും പ്രമുഖരുടെ എഴുത്തുകൾ ഉൾക്കൊള്ളുന്ന സുവനീറിന്റെ പ്രകാശനവും ഉണ്ടായിരുന്നു. കലയ്ക്കും സംഗീതത്തിനുമപ്പുറം ലിമ എന്ന സംഘടന ലിവർപൂളിലെ മലയാളി സമൂഹത്തിന് നൽകിയ സംഭാവനകളെ ഓർത്തെടുക്കുന്നതായിരുന്നു ഔദ്യോഗിക ചടങ്ങുകൾ.

സാംസ്കാരിക സമ്മേളനത്തിന് പിന്നാലെ വേദിയിൽ പ്രമുഖ കലാകാരന്മാർ അണിനിരന്ന കലാവിരുന്ന് ആരംഭിച്ചു. പിന്നണി ഗായിക ഡെൽസി നൈനാനും ‘ഐഡിയ സ്റ്റാർ സിംഗർ’ വില്യം ഐസക്കും ചേർന്ന് നയിച്ച സംഗീത വിരുന്ന് കാണികളെ ആവേശത്തിലാഴ്ത്തി. മനോഹരമായ മെലഡികളും ഫാസ്റ്റ് നമ്പറുകളും കോർത്തിണക്കിയ ഈ സംഗീത നിശ പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു.
ശ്രീസൂര്യ ഡാൻസ് സ്റ്റുഡിയോയും, സ്റ്റെപ് സോൺ ഡാൻസ് സ്റ്റുഡിയോയും അവതരിപ്പിച്ച നൃത്തങ്ങൾ വേദിക്ക് ശോഭ പകർന്നു. യുക്മ നാഷണൽ വിന്നേഴ്സായ ‘ഡാൻസിങ് സ്റ്റാർസ്’, മാഞ്ചസ്റ്ററിൽ നിന്നുമുള്ള ‘ദക്ഷിണ’ ഡാൻസ് ടീം എന്നിവരുടെ പ്രകടനങ്ങൾ പ്രൊഫഷണലിസം കൊണ്ടും ചടുലത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ലിവർപൂളിൽ നിന്നുള്ള ‘സാറ്റ്.വിക’ (Sattvika) ആർട്സ് ആൻഡ് കൾച്ചറൽ സെന്റർ നമ്മുടെ നാടിന്റെ തനതായ കലാരൂപമായ ചെണ്ടമേളം അവതരിപ്പിച്ചു. ഈ വിസ്മയ നിമിഷങ്ങളെല്ലാം അതിന്റെ പൂർണ്ണതയിൽ ഒപ്പിയെടുത്തത് സാറ്റ്മോ ഇവെന്റ്‌സായിരുന്നു. പരിപാടിക്കിടയിൽ മാസ് ഹൗസ് റെസ്റ്റോറന്റ് വിതരണം ചെയ്ത കേരളീയ വിഭവങ്ങൾ ആഘോഷങ്ങൾക്ക് മലയാള തനിമ പകർന്നു.
ലിമയുടെ രജതജുബിലി സമ്മാനമായി എല്ലാവർക്കും പ്രവേശനം തികച്ചും സൗജന്യമായിരുന്നു. ഉച്ചയ്ക്ക് 3 മണിക്ക് തുടങ്ങിയ പരിപാടികൾ രാത്രി ഒമ്പതര വരെ നീണ്ടുനിന്നു. ലിവർപൂളിലെ മലയാളി കുടിയേറ്റ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി ഈ 25-ാം വാർഷികാഘോഷം മാറി.












Leave a Reply