ന്യൂസ് ഡെസ്ക് മലയാളം യുകെ

വിദ്യാർത്ഥികളുമായി സഞ്ചരിച്ച സ്കൂൾ ബസ് കൺട്രി റോഡിൽ വച്ച് അപകടത്തിൽപ്പെട്ടു. ലിങ്കൺഷെയറിലെ നോർത്ത് ഹൈക്കെഹാമിന് സമീപമുള്ള മെഡോ ലെയ്‌നിൽ നിന്ന് പുറപ്പെട്ട ഡബിൾഡക്കർ ബസിൽ അറുപതോളം കുട്ടികളാണ് ഉണ്ടായിരുന്നത്. കുട്ടികൾക്കാർക്കും തന്നെ ഗുരുതരപരിക്കുകളില്ല. പന്ത്രണ്ട് വയസ്സുള്ള ഒരു ആൺകുട്ടിയുടെ കൈയൊടിയുകയും പതിന്നാലു വയസ്സുള്ള ഒരു പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെ റോഡ് വീണ്ടും തുറന്നതായി ലിങ്കൺഷയർ പോലീസ് അറിയിച്ചു. തങ്ങൾ സംഭവം കൈകാര്യം ചെയ്തപ്പോൾ ക്ഷമയോടെ അതിൽ സഹകരിച്ചതിന് ജനങ്ങളോട് നന്ദി അറിയിക്കുന്നെന്നും ഗുരുതരമായി ആർക്കുംതന്നെ പരിക്കേറ്റിട്ടില്ലെന്നും പോലീസ് ട്വീറ്റ് ചെയ്തു. സംഭവസ്ഥലത്ത് കൂടിച്ചേരാതെ ലിങ്കണിലെ സെന്റ് ക്രിസ്റ്റഫേഴ്സ് സ്കൂളിലേക്ക് വരാൻ മാതാപിതാക്കളോട് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നോർത്ത് ഹൈക്കെഹാമിലെ സർ റോബർട്ട് പാറ്റിൻസൺ അക്കാദമി, നോർത്ത് കെസ്റ്റെവൻ അക്കാദമി എന്നീ രണ്ട് സെക്കൻഡറി സ്‌കൂളുകളിലേയ്ക്കുള്ള വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്. ബസ് പെട്ടെന്ന് ഒരു സൈഡിലേക്ക് മറിയുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന ഒരു വിദ്യാർത്ഥി പറഞ്ഞു. ബസിലുണ്ടായിരുന്ന ഭൂരിഭാഗം വിദ്യാർഥികൾക്കും പരിക്കുകൾ ഒന്നുംതന്നെയില്ലെന്നും കുറച്ചുപേർക്ക് ചെറിയ മുറിവുകളും ചതവുകളും ഉണ്ടെന്നും ചീഫ് ഇൻസ്പെക്ടർ ഫിൽ വിക്കേഴ്സ് പറഞ്ഞു. അപകടകാരണം ഇതുവരെയും വ്യക്തമല്ല. വാഹനം അടുത്തുള്ള ഒരു വേലിയിലേയ്ക്ക് തെന്നി മറിഞ്ഞതായാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുകുട്ടികളെ ലിങ്കൺ ഹോസ്പിറ്റലിലേയ്ക്കാണ് കൊണ്ടുപോയതെന്ന് ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് ആംബുലൻസ് സർവീസിന്റെ വക്താവ് പറഞ്ഞു.