ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ അടുത്ത അഞ്ചുവര്‍ഷങ്ങളിലെ (2017- 2022) അജപാലന കര്‍മ്മപരിപാടികള്‍ രൂപം നല്‍കുന്നതിനായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ നാളെ മുതല്‍ ആലോചനായോഗം ചേരും. വെയില്‍സിലെ ന്യൂട്ടണിലുള്ള കെഫെന്‍ലി പാര്‍ക്കില്‍ നാളെ വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ വൈദികരും സന്യസ്തരും ഓരോ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുമുള്ള അല്‍മായ പ്രതിനിധികളുമടക്കം 250ല്‍പരം ആളുകള്‍ പങ്കെടുക്കും.

തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ മൂന്ന് ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ആലോചനായോഗത്തിന് അടിസ്ഥാന ചിന്തകള്‍ നല്‍കുന്നതിനായി ‘ലിവിംഗ് സ്‌റ്റോണ്‍സ്’ എന്ന പേരില്‍ ഒരു മാസം മുമ്പ് കരട് രേഖ രൂപത പുറത്തിറക്കിയിരുന്നു. എട്ട് വിവിധ റീജിയണുകളിലായി ആദ്യ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടന്നപ്പോള്‍ ഇത് എല്ലാ കുടുംബങ്ങള്‍ക്കുമായി വിതരണം ചെയ്തിരുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ അംഗങ്ങളായിരിക്കുന്ന സഭാമക്കളുടെ പ്രത്യേക പ്രവാസ ജീവിത സാഹചര്യങ്ങള്‍ പരിഗണിച്ച് രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അല്‍മായ വിശ്വാസികളുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും ഇവിടുത്തെ ജീവിത സാഹചര്യത്തിന് അനുയോജ്യമായ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുമായാണ് പ്രധാനമായും ഈ ആലോചനയോഗം ചേരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രൂപത പുറത്തിറക്കിയ കരട് രേഖയില്‍ അടുത്ത ഓരോ വര്‍ഷങ്ങളിലും കുട്ടികള്‍, യുവജനങ്ങള്‍, ദമ്പതികള്‍, ഫാമിലി യൂണിറ്റുകള്‍, ഇടവകസമൂഹം എന്നിങ്ങനെ ഓരോ വിഭാഗത്തിലൂന്നിയ പ്രവര്‍ത്തനപദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആലോചനായോഗങ്ങളില്‍ ഈ ഓരോ വിഭാഗങ്ങളെക്കുറിച്ചും അവയില്‍ നടപ്പാക്കാന്‍ സഹായകമായ പദ്ധതികളെക്കുറിച്ചുമുള്ള പ്രസന്റേഷനുകള്‍, തുടര്‍ന്ന് പൊതുചര്‍ച്ച എന്നിവ ഉണ്ടായിരിക്കും. എല്ലാ കുടുംബങ്ങളിലേയ്ക്കും ‘ലിവിംഗ് സ്റ്റോണ്‍സ്’ എന്ന മാര്‍ഗ്ഗരേഖ നല്‍കിയതുവഴി രൂപതയിലുള്ള എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും രൂപതാസമിതിയെ അറിയിക്കാന്‍ അവസരമൊരുക്കുന്നു.

സീറോമലബാര്‍ സഭയുടെ തനിമ, പാരമ്പര്യം, ആത്മീയത, ആരാധനാക്രമം എന്നീ അടിസ്ഥാന സ്വഭാവ പ്രത്യേകതകളെക്കുറിച്ച് ആമുഖ പഠനവും ഈ ആലോചനായോഗത്തിന്റെ ആദ്യമണിക്കൂറുകളില്‍ ഉണ്ടായിരിക്കും. നാളെ വൈകിട്ട് 5.30ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ച് ആമുഖ പ്രഭാഷണം നടത്തും. പൊതുചര്‍ച്ചകളെ കൂടാതെ സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട പൊതു ചോദ്യോത്തരങ്ങള്‍ക്കുള്ള അവസരവും ഉണ്ടായിരിക്കും. സീറോ മലബാര്‍ സഭയുടെ വിവിധ യാമപ്രാര്‍ത്ഥനകളും ഈ ദിവസങ്ങളില്‍ നടക്കും.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ കൂടാതെ 35ല്‍ അധികം വൈദികരും സിസ്റ്റേഴ്‌സും ഇരുന്നൂറിലധികം അല്‍മായ പ്രതിനിധികളും ഈ ചരിത്രസമ്മേളനത്തില്‍ പങ്കുചേരാനെത്തും. ഈ സമ്മേളനത്തിലുരുത്തിരിയുന്ന ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും വെളിച്ചത്തിലായിരിക്കും സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രധാന പ്രവര്‍ത്തനശൈലി രൂപപ്പെടുത്തുന്നത്. ഈ ദിവസങ്ങളില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ സമൃദ്ധമായി ഉണ്ടാകുന്നതിനായി എല്ലാ വിശ്വാസികളും പ്രാര്‍ത്ഥിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.