നാളെ തുടങ്ങുന്ന ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉറുഗ്വായെ നേരിടേണ്ട കടുത്ത സമ്മര്‍ദത്തിനിടയിലും അര്‍ജന്റീനയുടെ പടനായകന്‍ ഒരു പയ്യനോട് കാണിച്ച സമാനതകളില്ലാത്ത സ്‌നേഹമാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകമാകെ ചര്‍ച്ച ചെയ്യുന്നത്.
ഫുട്‌ബോള്‍ ഇതിഹാസങ്ങളിലൊരാളായ അര്‍ജന്റീനയുടെ ലയണല്‍ മെസി കളിക്കളത്തിന് പുറത്തും പ്രശസ്തനാണ്. സഹജീവികളോട് കാരുണ്യം കാണിച്ച് മുമ്പും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട് മെസി.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉറുഗ്വയുമായി നിര്‍ണായക മത്സരത്തിനായി മോണ്ടെവിഡിയോയിലെത്തിയ മെസിയെ കാണാന്‍ ഒരു കുഞ്ഞ് ആരാധകനുമെത്തിയിരുന്നു. സെക്യൂരിറ്റി ഒരുക്കിയ അതിര്‍വരമ്പുകള്‍ ഭേദിക്കാനാകാതെ അവന്‍ കരയുന്നത് കണ്ടപ്പോള്‍ ഇതിഹാസ താരത്തിന്റെ മനസലിഞ്ഞു. അദ്ദേഹം തന്റെ കുഞ്ഞു ആരാധകനെ സ്‌നേഹപൂര്‍വ്വം സ്വീകരിക്കുകയായിരുന്നു.
മെസ്സിയും കൂട്ടരും ടീം ബസ്സിലേക്ക് കയറുന്നതിനിടെയാണ് സംഭവം. ടീം ബസിറങ്ങി ഹോട്ടലിലേക്കു പോയിക്കൊണ്ടിരുന്ന മെസ്സിയുടെ ഏതാനും മീറ്ററുകള്‍ അകലെ വരെ സെക്യൂരിറ്റി ഗാര്‍ഡുകളെ കബളിപ്പിച്ചു കുഞ്ഞു ആരാധകന്‍ എത്തി. എന്നാല്‍, തന്റെ ആരാധനാ പാത്രത്തെ ഒന്നു തൊടാനുള്ള ആഗ്രഹത്തെ തച്ചുടച്ചു സെക്യൂരിറ്റി ഗാര്‍ഡുകള്‍ പയ്യനെ പിടിച്ചു മാറ്റി നിര്‍ത്തി. ഇതോടെ ആരാധകന്‍ കരച്ചിലാരംഭിച്ചു. എന്താണ് സംഭവിക്കുന്നത് മനസിലാകാതിരുന്ന മെസ്സി പതിയെ സംഭവം മനസിലാക്കിയതോടെ സെക്യൂരിറ്റിക്കാരനോട് പയ്യനെ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. ശേഷം ആരാധകന്റെ കൂടെ നിന്ന് ഒരു ഫോട്ടോയെടുത്ത് ഓട്ടോഗ്രാഫും നല്‍കി. അതിരില്ലാത്ത സന്തോഷത്തില്‍ നിന്ന അവനെ കെട്ടിപ്പിടിച്ച ശേഷമാണ് മെസി നടന്നുനീങ്ങിയത്.
വീഡിയോ പുറത്തുവന്നതോടെ മെസി ആരാധകരും കായിക ലോകവും ഇത് ഏറ്റെടുക്കുകയായിരുന്നു.
Leave a Reply