മനോജ് ജോസഫ്
ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) തിളക്കമാർന്ന വിജയം നേടി ചാമ്പ്യൻപട്ടം കരസ്ഥമാക്കി. ആവേശകരമായ പ്രകടനങ്ങളിലൂടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ലിമ ഈ അത്യുജ്ജ്വല നേട്ടം കൈവരിച്ചത്. ലിമയുടെ ആഭിമുഖ്യത്തിൽ ലിവർപൂളിലെ ലിതർലാൻഡ് സ്പോർട്സ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന ഈ കായികമാമാങ്കം അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ച് വൻ വിജയമായി മാറി.
രാവിലെ പത്തുമണി മുതൽ വൈകിട്ട് എട്ട് മണി വരെ നടന്ന കായികമേളയിൽ യുകെയിലെ നോർത്ത് വെസ്റ്റ് റീജിയണിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നായി നൂറുകണക്കിന് കായികതാരങ്ങളും കാണികളും പങ്കെടുത്തു. രാവിലെ 9.30 മണിക്ക് ലിമയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പാസ്റ്റോടെയാണ് മത്സരങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. യുക്മ നാഷണൽ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ ഉദ്ഘാടന വേളയിൽ സന്നിഹിതനായിരുന്നു. ട്രാക്കിലും ഫീൽഡിലുമായി ഒരേ സമയം ഇടവേളകളില്ലാതെ നടന്ന മത്സരങ്ങൾ കായികപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
ലിവർപൂൾ മലയാളി അസോസിഷേനിൽ നിന്നുമുള്ള രൺവീർ മിലാൻഡ് ആനപ്പറമ്പിൽ, ഷീൻ മാത്യു, അനസ് അലി എന്നിവർ വ്യക്തിഗത ചാംപ്യൻഷിപ്പ് കരസ്ഥമാക്കി.
റീജിയനൽ ഓവറോൾ ചാമ്പ്യൻ പട്ടം ആതിഥേയ അസോസിയേഷനായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) കരസ്ഥമാക്കിയപ്പോൾ വിഗൻ മലയാളി അസോസിഷേൻ രണ്ടാം സ്ഥാനവും, ബേർൻലി മലയാളി അസോസിഷേൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഓരോ മത്സരവും നിറഞ്ഞ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്. താരങ്ങൾ കാഴ്ചവെച്ച മികച്ച പ്രകടനങ്ങൾ കായികമേളയ്ക്ക് മാറ്റുകൂട്ടി. ലിമയുടെ സംഘാടന മികവ് പരിപാടിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. സമയബന്ധിതമായ മത്സരക്രമീകരണങ്ങളും മികച്ച സൗകര്യങ്ങളും പങ്കെടുത്തവരുടെയെല്ലാം പ്രശംസ പിടിച്ചുപറ്റി. ഇത് ഒരു കായികമേള എന്നതിലുപരി മലയാളി സമൂഹത്തിന്റെ ഒത്തുചേരലിന്റെയും സൗഹൃദത്തിന്റെയും വേദിയായി മാറി.
കായികമേളയുടെ ഹൈലൈറ്റുകളിലൊന്നായ ആവേശകരമായ വടംവലി മത്സരത്തിൽ വിജയികളായ ടീമിന് “ലൗ റ്റു കെയർ” സ്പോൺസർ ചെയ്ത ഉജ്ജ്വലമായ ക്യാഷ് അവാർഡും, യുക്മ എവർ റോളിങ്ങ് ട്രോഫിയും സമ്മാനിച്ചു.
കായിക മത്സരങ്ങൾക്ക് പുറമെ ഒരു ദിവസത്തെ ദിനചര്യകളിൽ നിന്ന് മാറിനിൽക്കാനും, പ്രിയപ്പെട്ടവരുമായി ഒത്തുചേർന്ന് ആഘോഷിക്കാനുമുള്ള അവസരം ലഭിച്ചതിൽ പങ്കെടുത്തവരെല്ലാം നിറഞ്ഞ സംതൃപ്തി രേഖപ്പെടുത്തി. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള വൻ വിജയമാക്കി തീർത്തതിന്, പങ്കെടുത്ത കായികതാരങ്ങൾക്കും, കാണികൾക്കും, നിസ്വാർത്ഥമായി പ്രവർത്തിച്ച സംഘാടകർക്കും, എല്ലാ പിന്തുണയും നൽകിയ സ്പോൺസർമാർക്കും ലിമ ഭാരവാഹികൾ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.
Leave a Reply