ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിനു ശേഷമുള്ള ആദ്യ ഇടവക ദേവാലയം ലിവര്‍പൂളിലെ ലിതര്‍ലണ്ടില്‍ തിങ്ങി നിറഞ്ഞ വിശ്വാസിസമൂഹത്തെ സാക്ഷി നിര്‍ത്തി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. ലിവര്‍പൂള്‍ അതിരൂപത ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് ദാനമായി നല്‍കിയ സമാധാന രാജ്ഞി ആയ പരിശുദ്ധ മറിയത്തിന്റെ നാമധേയത്തിലുള്ള മനോഹരമായ ദേവാലയം ലിവര്‍പൂള്‍ അതിരൂപതയില്‍ ഉള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഇനി മുതല്‍ ഇടവക ദേവാലയം ആയിരിക്കും. ഇടവക പ്രഖ്യാപനത്തോടനുബന്ധിച്ചു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ലിവര്‍പൂള്‍ അതിരൂപത ആര്‍ച് ബിഷപ് മാര്‍ മാല്‍ക്കം മക്മെന്‍ ഓ.പി വചനസന്ദേശം നല്‍കി.
മാര്‍ത്തോമാശ്ലീഹായുടെ വിശ്വാസ പാരമ്പര്യം അഭംഗുരം കാത്തു സൂക്ഷിക്കുന്ന സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടനില്‍ വലിയ വിശ്വാസ സാക്ഷ്യമാണ് നല്‍കികൊണ്ടിരിക്കുന്നതെന്നും അവരുടെ ആരാധന ക്രമത്തിലുള്ള പങ്കാളിത്തവും വിശ്വാസ പരിശീലനവും ഏവര്‍ക്കും മാതൃകായാണെന്നും ലിവര്‍ പൂള്‍ ആര്‍ച് ബിഷപ് പറഞ്ഞു. കത്തോലിക്ക സഭയിലെ ഒരു വ്യക്തി സഭയായ സീറോ മലബാര്‍ സഭയുടെ പാരമ്പര്യവും തനിമയും വരും തലമുറയിലേക്കു പകര്‍ന്നു നല്‍കാന്‍ മാതാപിതാക്കള്‍ കാണിക്കുന്ന തീഷ്ണതയും ശ്രദ്ധയും സ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലിവര്‍പൂള്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോം വില്യംസ്, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറല്‍മാരായ ഫാ. സജി മോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, പാസ്റ്ററല്‍ കോഡിനേറ്റര്‍ ഫാ. ടോണി പഴയകളം, സി എസ്. ടി ചാന്‍സലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ സെമിനാരി റെക്ടര്‍ ഫാ. വര്‍ഗീസ് പുത്തന്‍പുരക്കല്‍, ഫാ. മാര്‍ക് മാഡന്‍, പ്രെസ്റ്റന്‍ റീജിയന്‍ കോഡിനേറ്റര്‍ ഫാ. സജി തോട്ടത്തില്‍, പ്രഥമ വികാരിയായി നിയമിതനായ ഫാ. ജിനോ അരീക്കാട്ട് എം.സി. ബി.എസ്, ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവരുള്‍പ്പെടെ നിരവധി വൈദികര്‍ സഹകാര്‍മ്മികരായിരുന്നു.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായി ഒന്നര വര്‍ഷത്തിനുള്ളില്‍ തന്നെ ലിവര്‍പൂളില്‍ സ്വന്തമായി ഇടവക ദേവാലയം ലഭിച്ച സന്തോഷത്തില്‍ ആണ് രൂപതയിലെ വൈദികരും അല്‍മായരും അടങ്ങുന്ന വിശ്വാസി സമൂഹം. സീറോ മലബാര്‍ സഭയുടെ ആരാധനക്രമ പരികര്‍മ്മത്തിനു അനുയോജ്യമായ രീതിയില്‍ ഈ ദേവാലയത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തിയതിനു ശേഷമാണ് ഇന്നലെ ഔദ്യോഗികമായി ഇടവക ഉദ്ഘാടനം നടന്നത്. 2018 മാര്‍ച് 19ന് രൂപതാധ്യക്ഷന്‍ തന്റെ സര്‍ക്കുലറിലൂടെ നിര്‍ദേശിച്ച രൂപതയിലെ മറ്റ് 74 മിഷനുകളും ഇത് പോലെ ഇടവകകള്‍ ആകാനുള്ള പരിശ്രമത്തില്‍ ആണ്.
Leave a Reply