സ്‌കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ചു വീണു. ആലുവയിലാണ് ദാരുണമായ അപകടം നടന്നത്. ബസിന്റെ എമർജെൻസി വാതിൽ വഴിയാണ് കുട്ടി തെറിച്ചു വീണത്. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. പെങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്‌കൂളിന്റെ ബസിൽനിന്നാണ് അപകടം ഉണ്ടായത്.
വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം നടന്നത്. കുട്ടിക്ക് സാരമായ പരിക്കുകളില്ല. ബസിൽ നിന്ന് കുട്ടി റോഡിലേക്ക് വീണതിന് പിന്നാലെ ഇതു കണ്ടുനിന്നവർ ഓടിയെത്തി എടുക്കുകയും ബസ് നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ബസ് നിർത്തി. കുഞ്ഞിന് സാരമായ പരിക്ക് ഇല്ലെന്ന് കണ്ടതിനെ തുടർന്ന് തിരികെ ബസിൽ കയറ്റിവിട്ടു.
കുഞ്ഞിന് പ്രാഥമികമായ ചികിത്സ പോലും നൽകിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. വീണതിനെ തുടർന്ന് ശരീരവേദനയും ചതവും ഉണ്ടെന്ന് കുഞ്ഞിന്റെ കുടുംബം ആരോപിച്ചു. അതേസമയം ബസ് ഡ്രൈവറോ സ്‌കൂൾ അധികൃതരോ കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.
മറ്റു കുട്ടികളെ എല്ലാം വീട്ടിലെത്തിച്ചതിന് ശേഷമാണ് തങ്ങളുടെ കുട്ടിയെ വീട്ടിലെത്തിച്ചതെന്ന് അവർ പറഞ്ഞു. കുട്ടിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴാണ് കുട്ടിയുടെ ശരീരത്തിൽ ചതവും വേദനയും ഉണ്ടെന്നും അപകടം സംഭവിച്ചുവെന്ന് അറിഞ്ഞതെന്നും വീട്ടുകാർ ആരോപിച്ചു. സ്‌കൂൾ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുകയോ വിവരം അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. വിഷയത്തിൽ കുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ചിട്ടുണ്ട്.
Leave a Reply