ലണ്ടന്‍: ലോക്കല്‍ ബസുകള്‍ക്ക് പകരം ഊബര്‍ ടാക്‌സി ശൈലിയിലുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗെയ്‌ലിംഗ്. ബസുകള്‍ക്ക് പകരം ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് നടത്തുന്ന സംവിധാനങ്ങളാണ് വേണ്ടതെന്ന് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ലോര്‍ഡ് പീറ്റര്‍, ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡ് അധ്യക്ഷന്‍ മാര്‍ട്ടിന്‍ ടെറ്റ് എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് ഗെയ്‌ലിംഗ് പറഞ്ഞത്. ഊബര്‍ ശൈലിയിലുള്ള ഒരു ആപ്പ് ഉപയോഗിക്കാനായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി നല്‍കിയ നിര്‍ദേശമെന്ന് യോഗത്തിന്റെ മിനുറ്റ്‌സ് വ്യക്തമാക്കുന്നു.
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ബസുകള്‍ക്കുള്ള ഫണ്ടിംഗ് 2010 മുതല്‍ 33 ശതമാനം കുറച്ചിരുന്നു. നിരക്കുകള്‍ വര്‍ദ്ധിക്കുകയും യാത്രക്കാരുടെ എണ്ണം വലിയ തോതില്‍ കുറയുകയും ചെയ്തു. ഈ ഫണ്ടിംഗ് പ്രശ്‌നം പരിഹരിക്കുന്നതിനായാണ് ഗെയ്‌ലിംഗ് ആ മാര്‍ഗം നിര്‍ദേശിച്ചത്. എന്നാല്‍ ലേബറും ക്യാംപെയിനര്‍മാരും ട്രേഡ് യൂണിയനുകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിങ്ങള്‍ ബസ് ഉപേക്ഷിച്ച് ടാക്‌സികളില്‍ യാത്ര ചെയ്യൂ എന്ന് പറയുന്നതിന് തുല്യമാണ് ഈ നിര്‍ദേശമെന്നാണ് ലേബര്‍ പ്രതികരിച്ചത്. ബസുകളുടെ ഫണ്ടിംഗ് വെട്ടിക്കുറച്ച ശേഷം ഈ നിര്‍ദേശം നല്‍കുന്നത് ശരിയായ രീതിയല്ലെന്നും ലേബര്‍ കുറ്റപ്പെടുത്തി.
ചെറുപ്പക്കാര്‍ക്കും പ്രായമുള്ളവര്‍ക്കും അതുപോലെ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും കാറുകള്‍ സ്വന്തമായില്ലാത്തവര്‍ക്കും ഇത്തരം ബസുകളാണ് ആശ്രയമെന്ന് ഷാഡോ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആന്‍ഡി മക്‌ഡൊണാള്‍ഡ് പറഞ്ഞു. ബസുകള്‍ നേരിടുന്ന പ്രതിസന്ധികളേക്കുറിച്ച് സംസാരിക്കുന്നതിന് പകരം ജനങ്ങള്‍ ടാക്‌സികളില്‍ സഞ്ചരിക്കാനാണ് ഗെയ്‌ലിംഗ് നിര്‍ദേശിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോക്കല്‍ ബസുകള്‍ക്ക് പകരം ഊബര്‍ വരണമെന്ന് ഗെയ്‌ലിംഗിനല്ലാതെ ആര്‍ക്കും താല്‍പര്യമില്ലെന്നും ആന്‍ഡി മക്‌ഡൊണാള്‍ഡ് പറഞ്ഞു.
Leave a Reply