ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും വെയിൽസിലും നടന്ന ലോക്കൽ കൗൺസിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ആദ്യ ഫലസൂചനകൾ ലേബർ പാർട്ടിക്ക് അനുകൂലമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വർഷങ്ങളായി ടോറികൾ കൈവശം വച്ചിരുന്ന പല കൗൺസിലുകളും ഇപ്രാവശ്യം ലേബർ പാർട്ടി പിടിച്ചടക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുൻപുള്ള സെമിഫൈനലായാണ് കൗൺസിൽ തെരഞ്ഞെടുപ്പുകളെ നിരീക്ഷകർ കാണുന്നത്.
ഇംഗ്ലണ്ടിൽ ഉടനീളം 107 കൗൺസിലുകളിലേയ്ക്കും 11 മേയർ സ്ഥാനത്തേയ്ക്കും നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആണ് പുരോഗമിക്കുന്നത്. കൺസർവേറ്റീവ് എംപി സ്കോട്ട് ബെന്റൺ രാജിവച്ച ഒഴിവിൽ ബ്ലാക്ക്പൂൾ സൗത്ത് മണ്ഡലത്തിൽ നടന്ന പാർലമന്‍റ് ഉപതിരഞ്ഞെടുപ്പിന്റെയും ഫലം ഉടനെ പുറത്തുവരും.
ഇത് കൂടാതെ ജനം വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 37 പൊലീസ് ആൻഡ് ക്രൈം കമ്മിഷണർ ആരൊക്കെയാണെന്നും ഉടനെ അറിയാം . വോട്ടെടുപ്പ് അവസാനിച്ചതിനുശേഷം ഇന്നലെ രാത്രി 10 മണി തന്നെ വോട്ടെണ്ണൽ ആരംഭിച്ചിരുന്നു . ഗ്രേറ്റർ ലണ്ടൻ, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഗ്രേറ്റർ മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള മേയർ ഫലങ്ങൾ ഇന്നും നാളെയുമായി പ്രഖ്യാപിക്കും.
ഇതിനിടെ ടോറി പക്ഷത്തിന് കടുത്ത നാണക്കേടായി മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന് വോട്ട് ചെയ്യാനാകാതെ മടങ്ങേണ്ടതായി വന്നു. വോട്ട് ചെയ്യാൻ അംഗീകരിച്ച ഐഡി കാർഡ് അദ്ദേഹം കൊണ്ടുവന്നില്ല. ബോറിസ് ജോൺസൺ വോട്ട് ചെയ്യാതെ മടങ്ങിയത് എല്ലാ മാധ്യമങ്ങളിലും വൻ തലക്കെട്ട് സൃഷ്ടിച്ചിരുന്നു. പിന്നീട് ഐഡി കാർഡുമായി എത്തി സൗത്ത് ഓക്സ്ഫോർഡ് ഷെയറിൽ അദ്ദേഹം വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്യാൻ ഫോട്ടോ ഐഡി ആവശ്യപ്പെടുന്ന പുതിയ നിയമങ്ങൾ നടപ്പിൽ വരുത്തിയത് 2022-ൽ ബോറിസ് ജോൺസൺ സർക്കാരായിരുന്നു.
Leave a Reply