ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോക്കൽ കൗൺസിലുകളിലേയ്ക്കും മേയർ സ്ഥാനങ്ങളിലേയ്ക്കുമുള്ള തിരഞ്ഞെടുപ്പ് ഇംഗ്ലണ്ടിൽ ഇന്ന് നടക്കും. രാവിലെ 7 മണിക്കാണ് പോളിംഗ് ആരംഭിക്കുന്നത്. 24 കൗൺസിലുകളിലെയും 6 മേയർ സ്ഥാനങ്ങളിലേയ്ക്കുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആക്രമണ കുറ്റത്തിന് മുൻ ലേബർ എംപി മൈക്ക് അമേസ്ബറി രാജിവച്ചതിനെത്തുടർന്ന് റൺകോൺ, ഹെൽസ്ബി എന്നിവിടങ്ങളിൽ പാർലമെന്ററി ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട്.
പോളിംഗ് 22:00 ന് അവസാനിക്കും, അതിനുശേഷം വോട്ടെണ്ണൽ ആരംഭിക്കുകയും വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയോടെയും ഫലങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത് . പോളിംഗ് സ്റ്റേഷനുകളിൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണെന്ന് വോട്ടർമാരെ അറിയിച്ചിട്ടുണ്ട്. ഇന്ന് മുതൽ ആംഡ് ഫോഴ്‌സ് വെറ്ററൻ കാർഡ് പോലുള്ള പുതിയ തിരിച്ചറിയൽ കാർഡുകളും സ്വീകരിക്കും. സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ ഇന്ന് തിരഞ്ഞെടുപ്പുകളില്ല.
കഴിഞ്ഞവർഷം ജൂലൈ 4 – ന് നടന്ന പൊതു തിരഞ്ഞെടുപ്പിന് ശേഷം യുകെയിൽ നടക്കുന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. അതുകൊണ്ട് തന്നെ സർക്കാരിന് പ്രാദേശിക തെരഞ്ഞെടുപ്പ് ഫലം നിർണ്ണായകമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കൂടുതൽ സീറ്റുകൾ പ്രതിപക്ഷ പാർട്ടികൾ നേടിയാൽ അത് സർക്കാരിൻറെ രാഷ്ട്രീയ സാമ്പത്തിക നയങ്ങളോടുള്ള ജനങ്ങളുടെ എതിർപ്പ് പ്രതിഫലിപ്പിക്കുന്നതായി വ്യാഖ്യാനിക്കപ്പെടും. മിക്ക ഫലങ്ങളും വെള്ളിയാഴ്ച വൈകുന്നേരത്തോടെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പുകൾ ഷെഡ്യൂൾ ചെയ്തിട്ടില്ല.
Leave a Reply