ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓണത്തെ ഏറ്റവും ആവേശത്തോടെ ഗൃഹാതുരത്വത്തോടെ മനോഹരമായി കൊണ്ടാടുന്നവരാണ് യുകെ മലയാളികൾ. യുകെയിലെ വിവിധ സ്ഥലങ്ങളിലെ ഓണാഘോഷങ്ങൾ വായനക്കാരിലേക്കെത്തിക്കാൻ മലയാളം യുകെ ന്യൂസ് എന്നും മുൻപന്തിയിലാണ്. ഭൂരിപക്ഷം യുകെ മലയാളികളും ജോലി ചെയ്യുന്ന എൻഎച്ച്എസ്സിന്റെ ചരിത്രത്തിൽ കൈയ്യൊപ്പ് ചാർത്തിയ  ഒരു ഓണാഘോഷമാണ് ഇന്ന് മലയാളം യുകെ വായനക്കാരിലെത്തിക്കുന്നത്.

ഈസ്റ്റ് ആൻഡ് നോർത്ത് ഹെർട്ട്ഫോർഡ് ഷെയറിലെ എൻ എച്ച് എസ് ട്രസ്റ്റിലെ ഓണാഘോഷമാണ് മലയാളികൾക്കൊപ്പം ഇംഗ്ലീഷുകാരും ലോകമെങ്ങുമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് ഉള്ളവരുടെയും പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായത്. പ്രശസ്ത കവി ശ്രീകുമാരൻ തമ്പി രചിച്ച യേശുദാസ് ആലപിച്ച മലയാളികളുടെ പ്രിയപ്പെട്ട ഓണപ്പാട്ട് ഇംഗ്ലീഷുകാർ ആലപിച്ചപ്പോൾ യുകെയിലൊട്ടാകെയുള്ള മലയാളി നേഴ്സുമാർക്കുള്ള ആദരം കൂടിയായി.

ഇക്വാലിറ്റി ഡൈവേഴ്സിറ്റി ഇൻക്ലുഷൻ നെറ്റ്‌വർക്ക്, ഹെൽത്ത് കൾച്ചർ ടീം എന്നിവ സംയുക്തമായാണ് സെപ്റ്റംബർ 3 -ന് ലിസ്റ്റർ ഹോസ്പിറ്റലില്‍ ഓണം ആഘോഷിച്ചത്. മലയാളികൾക്കൊപ്പം യൂറോപ്യന്മാരും വിവിധ ഏഷ്യൻ രാജ്യങ്ങളിലുള്ളവരും ആസ്വദിച്ച് ഓണാഘോഷങ്ങളിൽ പങ്കെടുത്തു. ഭക്ഷണം ഉൾപ്പെടെയുള്ള മുഴുവൻ പരിപാടികളും ഇ എൻ എച്ച് ചാരിറ്റിയാണ് സ്പോൺസർ ചെയ്തത്.

ട്രസ്റ്റ് ചെയർ അനിത ഡേ, ചീഫ് നേഴ്‌സ് തെരേസ മർഫി. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലൂസി ഡേവിസ് എന്നിവർ ഉൾപ്പെടെ 20 തോളം പേരാണ് ഓണാഘോഷങ്ങളിൽ മുഖ്യാതിഥികൾ ആയി പങ്കെടുത്തത്. ഇതിൽ പലരും എത്തിയത് പരമ്പരാഗതമായ കേരളീയ വേഷം ധരിച്ചായിരുന്നു. അതിഥികളെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. നിലവിളക്ക് തെളിയിച്ച് ഇന്ത്യൻ്റെയുടെയും ബ്രിട്ടന്റെയും ദേശീയ ഗാനങ്ങൾ ആലപിച്ചാണ് ചടങ്ങ് ആരംഭിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ട്രസ്റ്റ് ചെയർപേഴ്സൺ ആയ അനിത ഡേ ഉദ്ഘാടന പ്രസംഗവും ചീഫ് നേഴ്സ് തെരേസ മർഫി മുഖ്യ പ്രഭാഷണവും നടത്തിയ ചടങ്ങിൽ നടന്ന മെഗാ തിരുവാതിര എല്ലാ വിഭാഗത്തിൽ പെട്ടവർക്കും കണ്ണിനും കാതിനും ആസ്വാദകരമായ കാഴ്ചയായിരുന്നു.

ചടങ്ങിലെ ഏറ്റവും പ്രധാനപ്പെട്ടതും വ്യത്യസ്തമായതുമായ ഓണപ്പാട്ട് പൂവിളി പൂവിളി പൊന്നോണമായി ആലപിച്ചത് ജോൺ നീൽ, ഡെസ്രി എന്നീവറും ചേർന്നാണ്. വിവേക് പൊറ്റക്കാട് ഒരുക്കിയ കേരളീയ ശില്പങ്ങൾ അടങ്ങിയ ആർട്ട് ഗാലറി നമ്മുടെ സാംസ്കാരിക തനിമ വിളിച്ചോതുന്നതായിരുന്നു.  ആരോമൽ ജിനരാജ്, ജെസ്ലിൻ വിജോ, ജോസ് ചാക്കോ എന്നിവർ ഗാനങ്ങൾ ആലപിച്ചു.അതിമനോഹരമായ അത്തപ്പൂക്കളത്തിന്റെ കാര്യങ്ങൾ ആദ്യം തൊട്ട് അവസാനം വരെ ഭംഗിയായി നിർവഹിച്ചത് ബിജു തങ്കപ്പൻ്റെ നേതൃത്വത്തിലാണ്. ജോസെലിൻ ജോബി, ആൻഡ്രിയ ജെയിംസ് വേദ വിവേക്, പല്ലവി ബിജു മെറിറ്റ ഷിജി, ദിയ സാജൻ, വൈഗ   എന്നിവരുടെ ബോളിവുഡ്, ക്ലാസിക്കൽ നൃത്തങ്ങൾ ചടങ്ങിന് വർണ്ണപകിട്ടേകി. സരോ സജീവും വന്ദനയും ചേർന്നാണ് മെഗാ തിരുവാതിര ഏകോപിച്ചപ്പോൾ ജെസ്ലിൻ വിജോ ആണ് സാംസ്കാരിക പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്. ഷോൺ മക്ഗീവർ, ആഷ്‌ലി ബ്രെൻ്റ്, പ്രബിൻ, ദിദിൽ, വിവേക്, ജിജ, അഞ്ജൽ റോയ്, വന്ദന, സരോ സജീവ് , റാണി, ബെറ്റി എന്നിവരായിരുന്നു പരിപാടിയുടെ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ. അനീറ്റ സജീവ് ആയിരുന്നു പരിപാടിയുടെ അവതാരക.

എൻഎച്ച്എസിൻ്റെ ചരിത്രത്തിൽ ഇടംപിടിച്ച ഓണാഘോഷത്തിന് നേതൃത്വം കൊടുത്തത് പ്രബിൻ ബേബി ആയിരുന്നു. എൻഎച്ച്എസിലെ വൈവിധ്യമാർന്ന ജീവനക്കാരുടെ കൂട്ടായ പരിശ്രമമാണ് ഓണാഘോഷം വിജയമായതിന്റെ മുഖ്യ ഘടകമെന്ന് സുഹൃത്തുക്കൾ പ്രിയ എന്ന് വിളിക്കുന്ന പ്രബിൻ ബേബി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. തിരുവല്ല സ്വദേശിനിയായ പ്രബിൻ  ബേബി ബെയിം കോ ചെയറും പേഷ്യന്റ് എക്സ്പീരിയൻസ് നേഴ്സും ആണ്.  നഴ്സിംഗ് ടൈംസ് ഓവർസീസ് നേഴ്സ് ഓഫ് ദി ഇയർ -2024 ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രബിൻ, ഈസ്റ്റ്‌ ആൻഡ് നോർത്ത് ഹെർട്ട്ഫോർഡ് ഷെയറിലെ എൻ എച്ച് എസ് ട്രസ്റ്റ്‌ -2024 ലെ ത്രൈവിംഗ് പീപ്പിൾ ഓഫ് ദി ഇയർ അവാർഡ് ജേതാവുമാണ്.