സ്വന്തം ലേഖകൻ
ലണ്ടൻ : ജൂൺ ഒന്നുമുതൽ രാജ്യത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വരുമെന്നിരിക്കെ പ്രാദേശിക ലോക്ക്ഡൗൺ എന്ന നടപടിയാവും ഇനി സർക്കാർ സ്വീകരിക്കുക. കേസുകളുടെ എണ്ണമനുസരിച്ച് ഒരു പ്രദേശത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന നടപടിയാണിത്. കൊറോണ വൈറസ് കേസുകൾ ഉയർന്നുനിൽക്കുന്ന പ്രദേശങ്ങളിൽ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നും അവിടുത്തെ സ്കൂളുകളും ജോലിസ്ഥലങ്ങളും അടച്ചിടുമെന്നും കമ്മ്യൂണിറ്റി സെക്രട്ടറി റോബർട്ട് ജെൻറിക് പറഞ്ഞു. സർക്കാരിന്റെ ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഏതൊക്കെ പ്രദേശങ്ങൾ അടച്ചിടണമെന്ന് തീരുമാനിക്കുന്നത്. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ നൽകുമെന്നും ജെൻറിക് കൂട്ടിച്ചേർത്തു.
കേസുകൾ ഉയരുന്ന പ്രദേശങ്ങൾ ജോയിന്റ് ബയോസെക്യൂരിറ്റി സെന്ററിന്റെയും എൻ എച്ച് എസിന്റെയും കീഴിലാകും. തൽഫലമായി ആ പ്രദേശങ്ങളിലെ സ്കൂളുകൾ, ബിസിനസുകൾ, ജോലിസ്ഥലങ്ങൾ എന്നിവ അടച്ചിടാമെന്ന് സർക്കാരിന്റെ പദ്ധതിയിൽ പറയുന്നു. എല്ലാ പ്രദേശങ്ങളിലും ഒരുപോലെ ലോക്ക്ഡൗൺ ഇളവുകൾ നൽകിയാൽ അത് വൈറസിന്റെ രണ്ടാം ഘട്ട വ്യാപനത്തിലേക്ക് വഴിയൊരുക്കുമെന്ന് അധികൃതർ ഭയപ്പെടുന്നു. അതിനാൽ തന്നെ സർക്കാരിന്റെ പദ്ധതി പ്രകാരം പ്രാദേശിക ലോക്ക്ഡൗൺ നടപ്പിലാക്കുമ്പോൾ അത് കൂടുതൽ സുരക്ഷിതമായ നടപടിയായി മാറുന്നുണ്ട്. കേസുകൾ ആദ്യം ഉയർന്നുനിന്നത് ലണ്ടൻ, മിഡ്‌ലാന്റ്സ്, ഇംഗ്ലണ്ടിന്റെ നോർത്ത് വെസ്റ്റ് എന്നിവിടങ്ങളിലായിരുന്നു. എന്നാൽ ഇപ്പോൾ സൗത്ത് വെയിൽസിലും നോർത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ് എന്നിവിടങ്ങളിലുമാണ് രോഗം തീവ്രമായി തുടരുന്നത്.
ജൂൺ ഒന്നുമുതൽ ടെസ്റ്റ്, ട്രാക്ക്, ട്രേസ് സിസ്റ്റം രാജ്യത്ത് കൊണ്ടുവരുമെന്നും 25,000 കോൺടാക്ട് ട്രേയിസർസിലൂടെ ഒരു ദിവസം 10000 പുതിയ കേസുകൾ ട്രാക്ക് ചെയ്യാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ടെസ്റ്റിങ്ങിനും ട്രാക്കിങ്ങിനും ആയി സ്കോട്ട്ലൻഡും വെയിൽസും , വടക്കൻ അയർലൻഡും സ്വന്തം പദ്ധതികൾ ആവിഷ്കരിച്ചു. രോഗികളുമായി സമ്പർക്കം പുലർത്തുന്ന ആളുകളെ തിരിച്ചറിയുന്നതിലൂടെ പകർച്ചവ്യാധികളുടെ വ്യാപനം മന്ദഗതിയിലാക്കാൻ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് കോൺടാക്റ്റ് ട്രെയ്‌സിംഗ്. ഫോൺ വഴിയോ ഇമെയിൽ വഴിയോ ട്രാക്ക് ചെയ്യുന്നതാണ് ഒരു രീതി. മൊബൈൽ ആപ്ലിക്കേഷൻ വഴിയിൽ ലൊക്കേഷൻ ട്രേസ് ചെയ്യുന്നതാണ് മറ്റൊരു രീതി. രോഗവ്യാപനം പഴുതടച്ച് തടയാനുള്ള നടപടിയാണ് ഇതിലൂടെയൊക്കെ സർക്കാർ ലക്ഷ്യമിടുന്നത്.
Leave a Reply