കേന്ദ്രത്തിന്റെ നിർദേശം പാലിച്ച് ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്ത് ആശയക്കുഴപ്പം തുടരുന്നു. ഇതിനിടെ തിങ്കളാഴ്ച സംസ്ഥാനത്ത് തുറന്ന കടകൾ പോലീസെത്തി അടപ്പിച്ചത് സംഘർഷത്തിന് കാരണമായി.

കോഴിക്കോട് മിഠായി തെരുവിൽ വ്യാപാരികൾ തുറന്ന കടകൾ പോലീസ് എത്തി കടകളടപ്പിച്ചു. മിഠായി തെരുവിൽ നിബന്ധനകൾ പാലിച്ചേ കടകൾ തുറക്കുവെന്ന് വ്യാപാരികൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഒരു ദിവസം ഒരു ഭാഗത്തും അടുത്ത ദിവസം മറുഭാഗത്തും കടകൾ തുറക്കാൻ അനുവദിക്കണമെന്നായിരുന്നു മിഠായി തെരുവിലെ വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എറണാകുളത്തെ ബ്രോഡ് വേയിലും തുറന്ന കടകൾ പോലീസ് എത്തി അടപ്പിച്ചു. കൂട്ടം ചേർന്നിരിക്കുന്ന കടകളായതിനാൽ ആളുകൾ ഒരുമിച്ചെത്തും എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പോലീസ് കടകൾ അടപ്പിച്ചത്. ഇതിനെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി.

ഗ്രീൻ സോണിലായ എറണാകുളത്ത് രാവിലെ ഏഴുമണി മുതൽ കടകൾ തുറന്നു തുടങ്ങിയിരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിലും ആളുകൾ കുറവുള്ള മേഖലകളിലും കടകൾ തുറക്കാമെന്നായിരുന്നു പോലീസ് നിർദേശം. അതേസമയം അവശ്യമേഖലയിലെ കടകൾ മാത്രം തുറന്നാൽ മതിയെന്നായിരുന്നു ജില്ലാ കളക്ടറുടെ ഉത്തരവ്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത തേടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രിസിഡന്റ് ടി നസ്‌റുദ്ദീൻ ചീഫ് സെക്രട്ടറിയെ സമീപിച്ചിരുന്നു. സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളിൽ കർശന നിയന്ത്രണങ്ങളും അല്ലാത്തിടങ്ങളിൽ ഇളവുകൾ നൽകുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്.