സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധയെത്തുടർന്ന് ബ്രിട്ടണിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ മൂലം 200,000 അധികം മരണങ്ങൾ ഉണ്ടാകുമെന്ന് ഗവൺമെന്റ് റിപ്പോർട്ട്. മറ്റു ചികിത്സ സൗകര്യങ്ങളിൽ ഉണ്ടാകുന്ന കാലതാമസത്തെ തുടർന്നാണ് ഇത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതുമൂലം ആദ്യത്തെ ആറു മാസങ്ങളിൽ 12000 മുതൽ 25000 മരണങ്ങൾ വരെ ഉണ്ടാകും. ഇതോടൊപ്പം തന്നെ ആത്മഹത്യകളിലും വർദ്ധനവ് ഉണ്ടാകും എന്ന് റിപ്പോർട്ടിൽ പറയുന്നു. ചീഫ് സയന്റിഫിക് അഡ്വൈസർ സർ പാട്രിക് വല്ലൻസ് തയ്യാറാക്കിയ റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അതിനാൽ വീണ്ടുമൊരു ലോക്ക് ഡൗൺ ഗുണങ്ങളേക്കാളേറെ ദോഷങ്ങൾ ചെയ്യും എന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നത്.

ആരോഗ്യവകുപ്പ്, ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ്, ആഭ്യന്തരവകുപ്പ് തുടങ്ങിയവയുടെ കണക്കുകളെല്ലാം ഉൾപ്പെടുത്തിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ലോക്ക് ഡൗൺ എൻ എച്ച് എസിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. നിരവധി ആളുകൾക്ക് ചികിത്സ ലഭിക്കുന്നത് വൈകും. പലപ്പോഴും കൊറോണ ബാധ പകരും എന്ന ഭീതികൾ ജനങ്ങൾ ആശുപത്രികളിൽ ചികിത്സ തേടാൻ മടിക്കുന്നുണ്ടെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞദിവസം ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പുറത്തുവിട്ട പഠനറിപ്പോർട്ടിൽ, മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിൽ സാധാരണയെക്കാൾ കുറവ് ഹൃദ്രോഗികൾ ആണ് ആശുപത്രികളിൽ എത്തിയതെന്ന് രേഖപ്പെടുത്തുന്നു.

ഇതോടൊപ്പം തന്നെ ലോക്ക് ഡൗൺ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ആകമാനം തകർക്കുമെന്നതും ആശങ്കാജനകമാണ്. ഇനിയൊരു ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് ആശങ്കകൾക്ക് വഴിവെക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസനും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ലോക്ക് ഡൗൺ നടപ്പാക്കാത്തത് രോഗത്തിന്റെ അതിവേഗ വ്യാപനത്തിന് ഇടയാകുമെന്നതും ജനങ്ങളെ പരിഭ്രാന്തരാക്കുന്നു.