ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണും സാമൂഹിക അകലം പാലിക്കൽ നടപടിയും കൗമാരക്കാർക്ക് പലവിധത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചതായി ന്യൂറോ സയന്റിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. സുഹൃത്തുക്കളുമായുള്ള ബന്ധം കുറയുന്നതും സമൂഹത്തോട് കൂടുതൽ അടുക്കാൻ കഴിയാത്തതും കൗമാരക്കാരിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് അവർ വെളിപ്പെടുത്തി. വ്യക്തിത്വ വികസനം നടക്കുന്ന ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് അവരുടെ മസ്തിഷ്ക വികസനം, പെരുമാറ്റം, മാനസികാരോഗ്യം എന്നിവയെ ബാധിച്ചേക്കാം. ലോക്ക്ഡൗണും ഓൺലൈൻ ക്ലാസ്സുകൾ മൂലവും വീടിനുള്ളിൽ തളച്ചിടപ്പെട്ടത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാമെന്നാണ് വിദഗ്ദാഭിപ്രായം. ഇതുമൂലം കുട്ടികൾ സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. കൊറോണ ഭീതി ഒഴിഞ്ഞ് സുരക്ഷിതമാവുമ്പോൾ സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതാണ് ഉചിതമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
10 വയസ്സിനും 24 വയസ്സിനും ഇടയിലുള്ളവർ അവരുടെ കുടുംബത്തേക്കാൾ കൂടുതൽ സമയം സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. കൗമാരപ്രായത്തിലാണ് തലച്ചോറിന്റെ വികാസം കൂടുതലായി നടക്കുന്നത്. അതുപോലെതന്നെ മാനസിക-ആരോഗ്യ പ്രശ്നങ്ങൾ കൂടുതലും ഉണ്ടാകാൻ സാധ്യതയുള്ള ജീവിത കാലഘട്ടം കൂടിയാണത്. കൊറോണ വൈറസിന്റെ വരവ് കുട്ടികളുടെ മാനസിക വളർച്ചയെ തടസ്സപ്പെടുത്തിയെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗത്തിൽ നിന്നുള്ള പ്രൊഫ. സാറാ-ജെയ്‌ൻ ബ്ലാക്ക്‌മോർ പറഞ്ഞു. കോവിഡ് -19 തിന്റെ ആഘാതം കാരണം, ലോകമെമ്പാടുമുള്ള നിരവധി ചെറുപ്പക്കാർക്ക് അവരുടെ സമപ്രായക്കാരുമായി മുഖാമുഖം സംവദിക്കാനുള്ള അവസരങ്ങൾ കുറവാണ്.” കൗമാരക്കാരിൽ സാമൂഹിക അകലം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തണമെന്ന് കേംബ്രിഡ്ജിലെ റിസർച്ച് ഫെലോ ആയ ആമി ഓർബെൻ, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള ലിവിയ ടോമോവ എന്നിവർ ചേർന്നെഴുതിയ ലേഖനത്തിൽ പറയുന്നു.
ബ്രിട്ടനിൽ 12നും 15നും ഇടയിൽ പ്രായമുള്ള 69% ചെറുപ്പക്കാർക്കും ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ട്. വ്യക്തിബന്ധം നിലനിർത്താൻ സാമൂഹിക മാധ്യമങ്ങൾ ഒരു പരിധിവരെ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. എന്നിരുന്നാലും സാമൂഹിക മാധ്യമത്തിന്റെ ദുരുപയോഗം ധാരാളം പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുന്നുണ്ട്. മാർച്ച് 20 മുതൽ യുകെയിലെ സ്കൂളുകൾ എല്ലാം അടച്ചതിനാൽ കുട്ടികളേറെപേരും വീട്ടിലെ നാല് ചുവരുകൾക്കുളിൽ കഴിഞ്ഞുകൂടുകയാണ്.
Leave a Reply