ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്ത് ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദം വൻ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് 4 ആഴ്ച കൂടി വൈകിപ്പിക്കാൻ തീരുമാനമായി. ജൂൺ 21-ന് നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നത്. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും സ്ഥിതിവിശേഷം വിലയിരുത്തുമെന്നും നിലവിലെ സാഹചര്യത്തിൽ 4 ആഴ്ചയിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരില്ല എന്ന് കരുതുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ലോക് ഡൗൺ നീട്ടുന്നതിലൂടെ കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ എൻഎച്ച്എസിന് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബ്രിട്ടനിൽ ലോക്ക് ഡൗൺ പിൻവലിച്ചാൽ ജൂലൈ മാസത്തോടെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം ആയേക്കാം എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു . ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദത്തിൽനിന്ന് രാജ്യം നേരിടുന്നത് കടുത്ത ഭീഷണി ആണ് . ഇന്ത്യയിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഡെൽറ്റാ വേരിയന്റാണ് നിലവിൽ യുകെയിലെ 90% കോവിഡ് രോഗികളെയും ബാധിച്ചിരിക്കുന്നത്. കെന്റ്,ആൽഫാ വേരിയന്റിനേക്കാൾ 60 ശതമാനം കൂടുതൽ വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റാ വേരിയന്റ് എന്നുള്ളതാണ് യുകെയിൽ ഇത്രമാത്രം രോഗവ്യാപനം ഉണ്ടാകാനുള്ള കാരണം. മറ്റു വൈറസ് വകഭേദങ്ങളെക്കാൾ ഡെൽറ്റാ വേരിയന്റ് ബാധിച്ചവർ ഹോസ്പിറ്റലിൽ പ്രവേശിക്കാനുള്ള സാധ്യത രണ്ടിരട്ടിയാണ്.
Leave a Reply