വിയന്ന: പ്രവാസ കേരളം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ലോക കേരള സഭയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ അഞ്ച് അംഗങ്ങള്‍ പങ്കെടുക്കും. നേരിട്ട് നാമനിര്‍ദ്ദേശം ലഭിച്ച നാല് പേരും, ഒരാള്‍ പ്രത്യേക ക്ഷണിതാവായിട്ടുമാണ് തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്.
സംഘടനയുടെ വൈസ് ചെയര്‍പേഴ്‌സണ്‍ ആനി ലിബു (യു.എസ്.എ), യു. കെ രക്ഷാധികാരി ഹരിദാസ് തെക്കുംമുറി, യൂറോപ്പ് റീജണല്‍ പി.ആര്‍.ഓ സിറോഷ് ജോര്‍ജ് പള്ളിക്കുന്നേല്‍ (ഓസ്ട്രിയ), സെയിന്റ് ലൂസിയ കോഓര്‍ഡിനേറ്റര്‍ സിബി ഗോപാലാകൃഷ്ണന്‍ (വെസ്റ്റ് ഇന്‍ഡീസ്), ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോണ്‍ സേവ്യര്‍ (ചെക്ക് റിപ്പബ്ലിക്ക്) എന്നിവരെയാണ് ലോക കേരള സഭയില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയുടെ പ്രഥമ സമ്മേളനം 2018 ജനുവരി 12, 13 തീയതികളില്‍ കേരള നിയമസഭയുടെ താഴയുള്ള ഹാളില്‍ ചേരും. കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ സ്ഥിരം വേദിയുണ്ടാക്കുക എന്നിവയാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യങ്ങള്‍. പ്രവാസത്തിന്റെ സാധ്യതകള്‍ എങ്ങനെയൊക്കെ ഉപയോഗിക്കാനാകുമെന്നും പ്രവാസികളോടുള്ള ഉത്തരവാദിത്ത്വം എങ്ങനെ നിറവേറ്റാനാകുമെന്നും സഭ ചര്‍ച്ച ചെയ്യും.
ഇന്ത്യന്‍ പൗരന്മാരും മലയാളി പ്രവാസികളുമായ 177 പേരെയാണ് (77 പേര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും 100 പേര്‍ വിദേശത്തുള്ളവരും) സര്‍ക്കാര്‍ ലോക കേരള സഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. പ്രവാസിമലയാളികളുടെ സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി നടക്കുന്ന സഭയില്‍ ആദ്യം നാമനിര്‍ദേശം ചെയ്തവരുടെ കാലാവധി കഴിയുമ്പോള്‍ പുതിയ ആളുകളെ നാമനിര്‍ദേശം ചെയ്യും. രണ്ടുവര്‍ഷത്തിലൊരിക്കലെങ്കിലും സഭ യോഗം ചേരുമെന്നാണ് വിവരം.
മുഖ്യമന്ത്രിയായിരിക്കും സഭാ നേതാവ്. പ്രതിപക്ഷ നേതാവ് ഉപനേതാവും ചീഫ് സെക്രട്ടറി സഭാ സെക്രട്ടറി ജനറലുമായിരിക്കും. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡിയമായിരിക്കും. സഭാ നേതാവ് നിര്‍ദേശിക്കുന്ന ഒരു പാര്‍ലമെന്റംഗം, ഒരു നിയമസഭാ അംഗം, ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഒരംഗം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒരംഗം, യൂറോപ്പില്‍ നിന്ന് ഒരംഗം, മറ്റ് രാജ്യങ്ങളില്‍നിന്ന് ഒരംഗം എന്നിങ്ങനെയായിരിക്കും പ്രസീഡിയം.
കേരളം എന്നത് നാലതിരുകള്‍ക്കുള്ളിലായി അടയാളപ്പെടുത്തപ്പെട്ട ഒരു ഭൂപ്രദേശം മാത്രമല്ലാതാവുകയും കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ സാന്നിധ്യം ലോകവ്യാപകമായി പടരുകയും ചെയ്ത സാഹചര്യത്തില്‍ കേരള ലോക സഭയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോകമലയാളി സമൂഹത്തെയാകെ ഒരേ ചരടില്‍ കോര്‍ത്തിണക്കാനും അത്തരമൊരു ഏകോപനം പ്രവാസി സമൂഹത്തിനും കേരളത്തിലുള്ളവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകണം എന്ന ചിന്തയാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Reply