ജനുവരി 12,13 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയിൽ യുകെയിലെ മലയാളികളെ പ്രതിനിധീകരിച്ച് അഞ്ചുപേര്‍ പങ്കെടുക്കും. നാലുപേര്‍ സഭയില്‍ പ്രതിനിധികളായും ഒരാള്‍ പ്രത്യേക ക്ഷണിതാവായുമാണ് പങ്കെടുക്കുന്നത്.

പൊതുപ്രവര്‍ത്തകനും അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്സ് പ്രതിനിധിയുമായ കാര്‍മല്‍ മിരാണ്ട, ബിബിസിയില്‍ മുന്‍ മാധ്യമ പ്രവര്‍ത്തകനും  ഇടതുപക്ഷ മതേതര സംഘടനയായ സമീക്ഷയുടെ വൈസ് പ്രസിഡണ്ടുമായ രാജേഷ് കൃഷ്ണ, ലണ്ടനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനും ഒഐസിസി യുകെയുടെ  പ്രസിഡന്റുമായ ടി ഹരിദാസ്, പ്രശസ്ത  എഴുത്തുകാരനായ മനു സി പിള്ള എന്നിവരാണ് പ്രതിനിധികള്‍. ബ്രിട്ടീഷ് റെയില്‍വേയില്‍ സ്ട്രക്ചറല്‍ എന്ജിനീയരും സാമൂഹ്യ പ്രവര്‍ത്തകയുമായ രേഖാ ബാബുമോനാണ് പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്നത്. ഇവരെയെല്ലാം സർക്കാർ നോമിനേറ്റ് ചെയ്യുകയായിരുന്നു.

ലോകമെമ്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ലോക കേരള സഭ ഒരു സ്ഥിരം സംവിധാനമായിരിക്കും. സംസ്ഥാനത്തിന്റെ എംപിമാരും എംഎല്‍എമാരും മറ്റു രാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികളുമുള്‍പ്പെടെ 351 പേര്‍ സഭയിലുണ്ടാകും. കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ സ്ഥിരം വേദിയുണ്ടാക്കുക എന്നിവയാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യങ്ങള്‍. 

ഇന്ത്യന്‍ പൗരന്മാരും കേരളീയ പ്രവാസികളുമായ 177 പേരെ സര്‍ക്കാര്‍ ലോക കേരള സഭയിലേക്ക് നാമനിര്‍ദേശം ചെയ്യും. രണ്ടുവര്‍ഷത്തിലൊരിക്കലെങ്കിലും സഭ യോഗം ചേരും. ആദ്യം നാമനിര്‍ദേശം ചെയ്തവരുടെ കാലാവധി കഴിയുമ്പോള്‍ പുതിയ ആളുകളെ നാമനിര്‍ദേശം ചെയ്യും. പ്രവാസിമലയാളികളുടെ സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തും. നിയമസഭയുടെ താഴത്തെ ഹാളിലായിരിക്കും ലോക കേരള സഭ ചേരുക. പ്രവാസത്തിന്റെ സാധ്യതകള്‍ എങ്ങനെയൊക്കെ ഉപയോഗിക്കാനാകുമെന്നും പ്രവാസികളോടുള്ള ഉത്തരവാദിത്ത്വം എങ്ങനെ നിറവേറ്റാനാകുമെന്നും സഭ ചര്‍ച്ച ചെയ്യും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുഖ്യമന്ത്രിയായിരിക്കും സഭാ നേതാവ്. പ്രതിപക്ഷ നേതാവ് ഉപനേതാവും ചീഫ് സെക്രട്ടറി സഭാ സെക്രട്ടറി ജനറലുമായിരിക്കും. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡിയമായിരിക്കും. സഭാ നേതാവ് നിര്‍ദേശിക്കുന്ന ഒരു പാര്‍ലമെന്റംഗം, ഒരു നിയമസഭാ അംഗം, ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഒരംഗം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒരംഗം, യൂറോപ്പില്‍ നിന്ന് ഒരംഗം, മറ്റ് രാജ്യങ്ങളില്‍നിന്ന് ഒരംഗം എന്നിങ്ങനെയായിരിക്കും പ്രസീഡിയം. സഭയിലുരുത്തിരിയുന്ന നിര്‍ദേശങ്ങളെ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശാസ്ത്രസാങ്കേതിക, സാമൂഹ്യ, കലാരംഗങ്ങളില്‍ പ്രഗത്ഭരായ മലയാളികള്‍ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. അത്തരം വിശിഷ്ട വ്യക്തികളെ സഭയിലേക്ക് പ്രത്യേകം ക്ഷണിക്കും. ലോക നിലവാരത്തിലേക്കുയര്‍ന്ന മലയാളികളുടെ ജീവിതം ഡോക്യുമെന്റ് ചെയ്യാന്‍ ലോക കേരള സഭ വേദിയാകണം, പ്രവാസികളില്‍നിന്ന് ഇന്‍വെസ്റ്റ്‌മെന്റ് തേടുക എന്നതിനപ്പുറം ഇതര രാജ്യങ്ങളിലെ വികസന മാതൃകകളും സാങ്കേതിക മുന്നേറ്റങ്ങളും പകര്‍ത്താനുള്ള അവസരമായി ഇതിനെ വിനിയോഗിക്കാനാണ് നീക്കം. ലോക കേരള സഭയുടെ ആദ്യ യോഗം ചേര്‍ന്ന് കഴിഞ്ഞാല്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകും.