ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനുമായും, പ്രവാസി മലയാളികളെ സംസ്ഥാനത്തിന്‍റെ സമഗ്ര വികസന പദ്ധതിയിലെ പ്രധാന പങ്കാളികളാക്കി മാറ്റാനും ലക്‌ഷ്യം വച്ച് ആരംഭിച്ച ലോക കേരള സഭയുടെ ആദ്യ സമ്മേളനം വിജയകരമായി പര്യവസാനിച്ചു. ജനുവരി12,13 തീയതികളില്‍ തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തില്‍ തന്നെയായിരുന്നു ലോക കേരള സഭയുടെ ആദ്യ സമ്മേളനവും നടന്നത്. കേരള സര്‍ക്കാരിനെ പ്രവാസി മലയാളികളുമായി നേരിട്ട് ബന്ധിപ്പിച്ച് കൊണ്ട് നടത്തിയ ഈ സമ്മേളനം ലോകമെങ്ങുമുള്ള പ്രവാസികളില്‍ വന്‍ പ്രതീക്ഷയാണ് ഉണര്‍ത്തിയിരിക്കുന്നത്.

യുകെയില്‍ നിന്ന് അഞ്ച് മലയാളികള്‍ക്കാണ് ലോക കേരള സഭയില്‍ പ്രതിനിധികളും ക്ഷനിതാക്കളും ആകാന്‍  ഭാഗ്യം ലഭിച്ചത്. ലണ്ടനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനും ഒഐസിസി യുകെയുടെ കണ്‍വീനറുമായ ടി. ഹരിദാസ്‌, പൊതുപ്രവര്‍ത്തകനും അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രതിനിധിയുമായ കാര്‍മല്‍ മിറാന്‍ഡ, ഇടതുപക്ഷ മതേതര സംഘടനയായ സമീക്ഷ യുകെയുടെ വൈസ് പ്രസിഡണ്ടും ബിബിസിയില്‍ മുന്‍മാധ്യമ പ്രവര്‍ത്തകനുമായ രാജേഷ്‌ കൃഷ്ണ, എഴുത്തുകാരനായ മനു പിള്ള എന്നിവരെ പ്രതിനിധികളായും സാമൂഹ്യ പ്രവര്‍ത്തകയും ബ്രിട്ടീഷ് റെയില്‍വേയില്‍ സ്ട്രക്ച്ചറല്‍ എന്‍ജിനീയറുമായ രേഖ ബാബുമോനെ പ്രത്യേക ക്ഷണിതാവായും ആദ്യ ലോക കേരള സഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കേരള സര്‍ക്കാര്‍ ആണ് ഇവരെ നോമിനേറ്റ് ചെയ്തത്. ഇതില്‍ തന്നെ ടി. ഹരിദാസ് പിന്നീട് സഭയെ നിയന്ത്രിക്കുന്ന ഏഴംഗ പ്രസീഡിയത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

കാര്‍മല്‍ മിറാന്‍ഡ, രാജേഷ്‌ കൃഷ്ണ, ടി. ഹരിദാസ്‌, മനു പിള്ള, രേഖ ബാബുമോന്‍

എന്നാല്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച ഇവരെ അപമാനിക്കുന്ന രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച് കൊണ്ട് യുകെയിലെ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഇന്ന് രംഗത്ത് വന്നത് വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. യുകെയില്‍ ഉള്ള മലയാളികളായ സാമൂഹിക പ്രവര്‍ത്തകരെയും ബിസിനസുകാരെയും അപമാനിച്ച് നിരന്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പോര്‍ട്ടല്‍ ഇത്തവണയും പതിവ് തെറ്റിക്കാതെ രംഗത്തെത്തുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ രണ്ട് പേരെ വ്യക്തിപരമായി അപമാനിച്ച് കൊണ്ട് വാര്‍ത്ത പ്രസിദ്ധീകരിച്ചാണ് ഈ പോര്‍ട്ടല്‍ രംഗത്ത് എത്തിയത്.

ലോക കേരള സഭ എന്നത് സര്‍ക്കാര്‍ പണം മുടക്കാനുള്ള ഒരു വെള്ളാനയാണ് എന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത എഴുതിയ പോര്‍ട്ടല്‍ ഇന്ന് ആരോപിച്ചിരിക്കുന്നത് അര്‍ഹതയില്ലാത്തവര്‍ ആണ് ലോക കേരള സഭയില്‍ യുകെയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് എന്നാണ്. യുകെയില്‍ നിന്ന് ഇടതു പക്ഷ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേരില്‍ കാര്‍മല്‍ മിറാന്‍ഡ ഒഴികെയുള്ള രണ്ട് പേര്‍ മന്ത്രിമാര്‍ യുകെയിലെത്തുമ്പോള്‍ സ്വീകരണം നല്‍കിയതും കൊണ്ട് നടന്നതും വഴിയാണ് പ്രതിനിധികളായത് എന്ന ആരോപണമാണ് പോര്‍ട്ടല്‍ ഉന്നയിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഷാജന്‍ സ്കറിയ, കെ ആര്‍ ഷൈജുമോന്‍

ഷാജന്‍ സ്കറിയയുടെ ഉടമസ്ഥതയില്‍, കവന്‍ട്രിയില്‍ താമസിക്കുന്ന കെ ആര്‍ ഷൈജുമോന്‍ എന്നയാളുടെ മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പോര്‍ട്ടലില്‍ ആണ് ഗുരുതരമായ ഈ ആക്ഷേപം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുകെയിലെ ഒരു പ്രമുഖ ബിസിനസുകാരന് എതിരെ നുണക്കഥകള്‍ എഴുതി പ്രചരിപ്പിച്ചതിന് വന്‍തുക പിഴയായി നല്‍കേണ്ടി വന്ന് മാസങ്ങള്‍ കഴിയുന്നതിന് മുന്‍പാണ് ഇവര്‍ വീണ്ടും വ്യക്തിഹത്യയുമായി ഇറങ്ങിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

യുകെയിലും കേരളത്തിലും ഉള്ള ഇടതുപക്ഷ പ്രവര്‍ത്തകരുടെ ഇടയില്‍ കനത്ത പ്രതിഷേധം ആണ് ഈ വാര്‍ത്ത ഉണ്ടാക്കിയിരിക്കുന്നത്. പോര്‍ട്ടലിന് എതിരെ നിയമ നടപടി സ്വീകരിക്കുന്നതിനൊപ്പം കേരളത്തിലും യുകെയിലും ഉള്ള ഇവരുടെ വീടുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിക്കാനും വരെ യുകെയിലെ ഇടത് പക്ഷ പ്രവര്‍ത്തകര്‍ ആലോചിച്ച് കഴിഞ്ഞു.

മന്ത്രിമാരുടെയും നേതാക്കളുടെയും ഇടയില്‍ എനിക്ക് ഉള്ള സ്വാധീനം ഇത്ര വലുതാണ്‌ എന്ന് ഒരു മഞ്ഞ പത്രം വഴി അറിയേണ്ടതില്ലെന്നും അതിനാല്‍ തന്നെ വിലകുറഞ്ഞ ഈ ആരോപണത്തെ അവജ്ഞയോടെ തള്ളിക്കളയുന്നു എന്നും ഇപ്പോള്‍ കേരളത്തിലുള്ള രാജേഷ്‌ കൃഷ്ണ മലയാളം യുകെ പ്രതിനിധിയോട് പറഞ്ഞു. എന്നാല്‍ തന്നെക്കുറിച്ച് പറഞ്ഞതിലുപരി സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ലോക കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു വനിതയെക്കുറിച്ച് എഴുതിയതില്‍ ശക്തമായ പ്രതിഷേധം ഉണ്ടെന്നും ഇത്തരം നിലപാടുകള്‍ തുടര്‍ന്നും ഉണ്ടാവാതിരിക്കാന്‍ വേണ്ട ശക്തമായ നടപടികള്‍ സ്വീകരിക്കും എന്നും രാജേഷ്‌ കൃഷ്ണ അറിയിച്ചു. യുകെയിലെ ഇടതുപക്ഷ സുഹൃത്തുക്കള്‍ ഇക്കാര്യത്തില്‍ വേണ്ട പ്രതിഷേധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാജേഷ്‌ പറഞ്ഞു.

രേഖ ബാബുമോനെ പ്രതികരണത്തിനായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു എങ്കിലും ലഭ്യമായില്ല.