അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന ഒന്നാമത് രൂപതാ ബൈബിള്‍ കലോത്സവത്തിന്റെ രണ്ടാം ഘട്ടമായ റീജിയണല്‍ മത്സരങ്ങള്‍ക്ക് യുകെ യില്‍ വേദികള്‍ തയ്യാറായി. വിശുദ്ധ ഗ്രന്ഥം പകര്‍ന്നു നല്‍കിയ വിശ്വാസ സത്യങ്ങളുടെ അറിവും, കലാപരമായി പ്രഘോഷിക്കുവാന്‍ ഉള്ള പാഠവവും അരങ്ങത്തെത്തിക്കുവാന്‍ ഉള്ള സുവര്‍ണ്ണാവസരമാണ് കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രഥമ ബൈബിള്‍ കലോത്സവത്തിലൂടെ ലഭിക്കുക. ലണ്ടന്‍ റീജിയണിലെ വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്‍ഡ്വുഡ്, സൗത്താര്‍ക്ക് രൂപതകളുടെ പരിധിയില്‍ വരുന്ന ഓരോ കുര്‍ബ്ബാന കേന്ദ്രങ്ങളിലും നടത്തപ്പെട്ട പ്രാഥമിക മത്സരങ്ങളിലെ വിജയികളാണ് റീജിയണല്‍ മത്സരങ്ങളില്‍ മാറ്റുരക്കുക. റീജിയണല്‍ മത്സരങ്ങളിലെ വിജയികളാവും നവംബര്‍ 4 നു നടത്തപ്പെടുന്ന അഖില രൂപതാ ബൈബിള്‍ കലോത്സവ ഫൈനലില്‍ മാറ്റുരക്കുവാന്‍ അര്‍ഹരാവുന്നത്.

വൈദികരുടെയും സന്യസ്തരുടെയും പാരീഷ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കലോത്സവത്തില്‍ പങ്കുചേരുവാനുള്ള മാതാപിതാക്കളുടെയും കുട്ടികളുടെയും വലിയ താല്പര്യവും നിര്‍ലോഭമായ പ്രോത്സാഹനവും വിശ്വാസവും ആണ് ഒന്നാം ഘട്ട മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ തെളിഞ്ഞു കണ്ടത്. മികവിന് അംഗീകാരം നേടുവാനുള്ള അവസരത്തോടൊപ്പം ഒരു വലിയ ശക്തമായ കൂട്ടായ്മക്കാവും ഈ കലോത്സവം കാരണഭൂതമാവുക.

ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സവങ്ങള്‍ക്ക് ലണ്ടനിലെ ‘സലേഷ്യന്‍ ഹൗസ്’ വേദിയാകും. സലേഷ്യന്‍ ഹൗസില്‍ വിവിധ സ്റ്റേജുകളിലായി ഒരേ സമയം വ്യത്യസ്ത മത്സരങ്ങള്‍ നടത്തുവാനുള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളും ഉണ്ട്. സെപ്തംബര്‍ 30 ശനിയാഴ്ച രാവിലെ 9:00 മണിക്ക് ആരംഭിക്കുന്ന ബൈബിള്‍ കലോത്സവം വൈകുന്നേരം 6:00 മണിയോടെ പൂര്‍ത്തീകരിക്കുവാനുള്ള ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്.

ബൈബിള്‍ കലോത്സവത്തിന്റെ വിജയത്തിനായുള്ള പ്രാര്‍ത്ഥനയും, സഹകരണവും, പ്രോത്സാഹനവും അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം ഏവരെയും സ്നേഹപൂര്‍വ്വം കലോത്സവ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ജനറാള്‍ ഫാ.തോമസ് പാറയടി, ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്റര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, ചാപ്ലൈന്മാരായ ഫാ.ജോസ് അന്ത്യാംകുളം, ഫാ.ഹാന്‍സ് പുതുക്കുളങ്ങര എന്നിവര്‍ അറിയിച്ചു.

ബൈബിള്‍ കലോത്സവ വേദിയുടെ വിലാസം:

സലേഷ്യന്‍ ഹൗസ്, 47 സറേ ലെയിന്‍, ലണ്ടന്‍, എസ് ഡബ്ള്യൂ 11 3 പിഎന്‍