ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വിദൂരമായി വിമാന ഗതാഗതം നിയന്ത്രിക്കുന്ന ലോകത്തിലെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായി ലണ്ടൻ സിറ്റി എയർപോർട്ട്. 70 മൈലിലധികം അകലെയുള്ള ഒരു നിയന്ത്രണ ടവറിൽ നിന്നാണ് വിമാനങ്ങൾ നിയന്ത്രിക്കുന്നത്. എയർപോർട്ടിൽ 50 മീറ്റർ ഉയരമുള്ള ഒരു ടവർ നിർമ്മിച്ചിട്ടുണ്ട്, അതിൽ 14 ഹൈ-ഡെഫനിഷൻ ക്യാമറകൾ ഉണ്ട്, അത് വീഡിയോയും ഓഡിയോയും ഹാംപ്ഷെയറിലെ എയർ ട്രാഫിക് കൺട്രോളർ നാറ്റ്സ് അധിഷ്ഠിതമായ റിമോട്ട് കണ്ട്രോൾ സെന്ററിലേക്ക് നൽകും. സ്വീഡനിലെ സാബ് ഡിജിറ്റൽ എയർ ട്രാഫിക് സൊല്യൂഷനുകളാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. വ്യോമയാന വ്യവസായത്തിന്റെ ഒരു പ്രധാന മാറ്റത്തെ ഇത് അടയാളപ്പെടുത്തുന്നു. കാര്യക്ഷമതയും സുരക്ഷയും മെച്ചപ്പെടുത്തുകയാണ് റിമോട്ട് ടവർ ലക്ഷ്യമിടുന്നതെന്ന് എയർപോർട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അലിസൺ ഫിറ്റ്സ്ജെറാൾഡ് പറഞ്ഞു.

റഡാർ, കാലാവസ്ഥാ വിവരങ്ങൾ എന്നിവ പോലുള്ള അധിക വിവരങ്ങൾ നിറഞ്ഞ പനോരമിക് സ്ക്രീനുകളിളാണ് റൺവേകൾ കാണുന്നത്. വിമാന ഗതാഗതം വിദൂരമായി നിയന്ത്രിക്കുന്നതിൽ ചില സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിലും കർശനമായ പരിശോധന പ്രക്രിയ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തിക്കൊണ്ട് അവ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് സൈബർ സുരക്ഷാ വിദഗ്ദ്ധനായ ഹോളി വില്യംസ് അഭിപ്രായപ്പെട്ടു. വ്യോമയാനത്തിലെ ഒരു പ്രധാന ചുവടുവെപ്പായിട്ടാണ് പുതിയ സാങ്കേതികവിദ്യയെ എല്ലാവരും കാണുന്നത്. അപകടസാധ്യത കുറയ്ക്കുന്നതിനും പ്രതിരോധം മെച്ചപ്പെടുത്തുന്നതിനും വിമാനത്താവളങ്ങളെ കൂടുതൽ സഹായിക്കുന്നതിനും ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്ന് എഞ്ചിനീയറിംഗ് കൺസൾട്ടൻസി സ്ഥാപനമായ അരൂപ്പിലെ ഗ്ലോബൽ ഡിജിറ്റൽ ഏവിയേഷൻ ലീഡറായ അലൻ ന്യൂബോൾഡ് ചൂണ്ടിക്കാട്ടി.