അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആദരണീയനായ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തന്റെ ജീവിത സപര്യയായും, ദൈവീക കര്‍മ്മ പാതയിലെ ദൗത്യവുമായി ഏറ്റെടുത്തിട്ടുള്ള ‘അജപാലനത്തോടൊപ്പം സുവിശേഷവല്‍ക്കരണം’ എന്ന സല്‍ക്രിയയുടെ ഒന്നാം ഘട്ടമെന്ന നിലയില്‍ അഖില യു കെ ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നു.യു കെ യിലെ മുഴുവന്‍ രൂപതാംഗങ്ങള്‍ക്കും പങ്കെടുക്കുവാന്‍ സൗകര്യപ്രദമായി എട്ടു മേഖലകള്‍ ആയി തിരിച്ചു കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നതുവെന്നതിലും, ഏവരുടെയും വലിയ പ്രതീക്ഷയും അഭിലാഷവുമായ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ തന്നെ അതിനായി ഒരുക്കുന്നതിലും സഭാ മക്കള്‍ ഏറെ താല്പര്യപൂര്‍വ്വം ഉള്ള കാത്തിരിപ്പിലാണ്.

കണ്‍വെന്‍ഷന്‍ കേന്ദ്രങ്ങള്‍ ദൈവീക ശക്തിയാല്‍ അനുഗ്രഹങ്ങളുടെ പറുദീസകളായി മാറുവാന്‍ പിതാവിന്റെ നിര്‍ദ്ദേശാനുസരണം പ്രാര്‍ത്ഥനാ ഗ്രൂപ്പുകളിലും,കുര്‍ബ്ബാന കേന്ദ്രങ്ങളുടെ നേതൃത്വത്തിലും കൂടാതെ എല്ലാ ഭവനങ്ങളിലും അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രതേകം മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടത്തി വരുന്നു.

പരിശുദ്ധാത്മ ശുശ്രൂഷകളിലെ കാലഘട്ടത്തിലെ ശക്തനായ ധ്യാന ഗുരുവും, തിരുവചനങ്ങളെ അനുഗ്രഹവും, രോഗശാന്തിയും, സാന്ത്വനവും, അഭിഷേകവുമായി ധ്യാന പങ്കാളികളിലേക്ക് ദൈവീക ശക്തിധാരയായി പകരുവാന്‍ കഴിയുന്ന അനുഗ്രഹീത ശുശ്രുഷകനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ ആണ് എട്ടു റീജിയനുകളിലും ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ നയിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലണ്ടന്‍ റീജിയണല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ മാസം 29 ഞായറാഴ്ച ലണ്ടനിലെ പ്രമുഖ വേദികളിലൊന്നായ ‘അല്ലിന്‍സ് പാര്‍ക്കി’ല്‍ നടത്തപ്പെടും. രാവിലെ പത്തു മുതല്‍ വൈകുന്നേരം ആറു വരെയാണ് കണ്‍വെന്‍ഷന്‍ സമയം ക്രമീകരിച്ചിരിക്കുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്റ് വുഡ്, സൗത്താര്‍ക്ക് എന്നീ ഇംഗ്‌ളീഷ് കാത്തലിക്ക് രൂപതകളുടെ പരിധിയിലുള്ള സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളിലെ മുഴുവന്‍ അംഗങ്ങളും, ഇതര റീജിയണല്‍ കണ്‍വെന്‍ഷനുകളില്‍ പങ്കുചേരുവാന്‍ സാധിക്കാത്ത വിശ്വാസികളും അടക്കം അയ്യായിരത്തില്‍പരം ആളുകള്‍ ഈ ലണ്ടന്‍ തിരുവചന ശുശ്രുഷയില്‍ പങ്കു ചേരും എന്നാണു കരുതുന്നത്.

അഖില യു കെ ബൈബിള്‍ കലോത്സവം, വനിതാ ഫോറം, സെമിനാരി, ബിരുദ പഠന സൗകര്യങ്ങള്‍, കുട്ടികള്‍ ക്കായുള്ള സംഘടനകള്‍, വിവിധ പ്രായക്കാര്‍ക്കുതകുന്ന ശുശ്രുഷകള്‍, ചെറുപ്പക്കാരെ സഭയുടെ ലിറ്റര്‍ജിയില്‍ പിന്തുടര്‍ക്കുവാനും, ആകര്‍ഷിക്കുവാനുമായി ഇംഗ്ലീഷ് കുര്‍ബ്ബാനകള്‍, അല്മായ അഭിപ്രായ വേദി, സഭാതലങ്ങളെ സജീവമാക്കുവാന്‍ ഉതകുന്ന അധികാര വികേന്ദ്രീകരണം, സുവിശേഷവല്‍ക്കരണത്തില്‍ കൂടുതല്‍ ശ്രദ്ധ, അജപാലന സംവിധാനങ്ങളെ ശക്തമാക്കുന്ന കര്‍മ്മ പദ്ധതികള്‍, വിശ്വാസ സത്യങ്ങളുടെ നേര്‍സാക്ഷികളാകുവാന്‍ അനുഭവേദ്യമാക്കുന്ന അന്തര്‍ ദേശീയ പുണ്യ സ്ഥല തീര്‍ത്ഥാടനങ്ങള്‍, മാതൃ ഭക്തി പ്രഘോഷണവും, മരിയോത്സവും ആക്കി മാറ്റിയ വാല്‍സിങ്ങാം തീര്‍ത്ഥാടനം, സഭാമക്കളെ നേരില്‍ കാണുവാനായി നടത്തുന്ന അക്ഷീണ സന്ദര്‍ശനങ്ങള്‍, ദുഖാര്‍ത്തര്‍ക്ക് സാന്ത്വനവുമായി ഓടിയെത്തുന്ന ഇടയ സന്ദര്‍ശനം, ഏകീകരണ മതബോധന വിദ്യാഭ്യാസം അങ്ങിനെ രൂപതയുടെ വെറും ഒരു വയസ്സിനിടെ വലിയ നേട്ടങ്ങളും സേവനങ്ങളും ആയി മുന്നോട്ടു കുതിക്കുമ്പോള്‍ ആദ്ധ്യാത്മിക വളര്‍ച്ചക്കായി രൂപതാ തലത്തില്‍ സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷനുകളിലൂടെ പരിശുദ്ധാ്തമ കൃപയും,ആത്മീയ നവീകരണവും രൂപതയാകെ നിറയട്ടെയെന്നാണ് സഭാ സ്നേഹികളുടെ പ്രാര്‍ത്ഥനകള്‍.

രോഗ ശാന്തികളുടെ, സാന്ത്വനത്തിന്റെ, കുടുംബ ഐക്യത്തിന്റെ, മാനസാന്തരത്തിന്റെ, ക്ഷമയുടെ, വിടുതലിന്റെ, വിജയങ്ങളുടെ തുടങ്ങി നിരവധിയായ അനുഗ്രഹങ്ങളുടെ വാതായനങ്ങള്‍ തുറക്കപ്പെടുന്ന പരിശുദ്ധാത്മ കൃപാശക്തി പ്രാപിക്കുവാനായി ഒക്ടോബര്‍ 29ന് നടക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷനിലേക്കു ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി വികാരി ജനറാള്‍ ഫാ.തോമസ് പാറയടി, റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഫാ.സെബാസ്റ്റിയന്‍ ചാമക്കാലായില്‍, കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ഫാ.ഹാന്‍സ് പുതിയകുളങ്ങര എന്നിവരും, കണ്‍വെന്‍ഷന്‍ സംഘാടക സമിതിയും അറിയിച്ചു.

Allianz Park, Greenlands Lanes, Hendon, London NW4 1RL