വായ്പ തട്ടിപ്പുകാരന്‍ നിരവ് മോദിക്കെതിരെ ലണ്ടന്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. നിരവ് മോദി ഏത് സമയവും അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. യുകെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് നിരവ് മോദിയെ എക്‌സട്രാഡിറ്റ് ചെയ്യാനുള്ള അപേക്ഷയില്‍ ഒപ്പ് വച്ചിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 13,000 കോടി രൂപയിലധികം വായ്പയെടുത്ത് തിരിച്ചടക്കാതെ കഴിഞ്ഞ വര്‍ഷം നിരവ് മോദി ലണ്ടനിലേയ്ക്ക് മുങ്ങുകയായിരുന്നു.
അറസ്റ്റിന് പിന്നാലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ വിചാരണ തുടങ്ങും. കോടതി ഉത്തരവിട്ടാല്‍ നിരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള എക്‌സ്ട്രാഡിഷന്‍ ഉത്തരവില്‍ യുകെ ഗവണ്‍മെന്റ് ഒപ്പ് വയ്ക്കും. 2018 ജനുവരിയിലാണ് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും അറസ്റ്റും ഒഴിവാക്കാനായി നിരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും മുങ്ങിയത്.
മെഹുല്‍ ചോക്‌സി ആദ്യം യുഎസിലെത്തുകയും ഇവിടെ നിന്ന് ആന്റിഗ്വയിലേയ്ക്ക് കടക്കുകയും ചെയ്തു. നിരവ് മോദി ലണ്ടന്‍ തെരുവിലൂടെ നടക്കുന്നതിന്റെ ഫോട്ടോകള്‍ യുകെയിലെ ദ ടെലിഗ്രാഫ് പത്രം പുറത്തുവിട്ടിരുന്നു. സോഹോയില്‍ ഒരു വജ്രവ്യാപാര സംരംഭം നിരവ് മോദി തുടങ്ങിയതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Leave a Reply