ലണ്ടന്‍: ഗ്രെന്‍ഫെല്‍ഡ് ടവര്‍ തീപ്പിടിത്തത്തില്‍ പ്രതിസ്ഥാനത്ത് സര്‍ക്കാര്‍. കെട്ടിടത്തിന്റെ ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍ സംബന്ധിച്ചുള്ള മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചതായാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ സുരക്ഷാ അവലോകനം വര്‍ഷങ്ങളായി നടന്നിട്ടില്ലെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ പുതിയ ചീഫ് ഓഫ് സ്റ്റാഫും ഹൗസിംഗ് മിനിസ്റ്ററുമായ ഗാവിന്‍ ബാര്‍വെല്ലിന് ഇക്കാര്യത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ല. കെട്ടിടങ്ങളില്‍ സ്പ്രിംഗ്‌ളറുകള്‍ സ്ഥാപിക്കാന്‍ കെട്ടിട നിര്‍മാതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുന്ന നിയമം നടപ്പിലാക്കാന്‍ മുന്‍ ഹൗസിംഗ് മിനിസ്റ്റര്‍ ബ്രാന്‍ഡന്‍ ലൂയിസ് വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇത്തരം നിബന്ധനകള്‍ നടപ്പാക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലെന്ന് പറഞ്ഞാണ് ലൂയിസ് ഇതിനെ എതിര്‍ത്തത്. സംഭവത്തില്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങളുമായി ജെറമി കോര്‍ബിന്‍ രംഗത്തെത്തി. ബാര്‍വെലും മുന്‍ മന്ത്രിമാരും സുരക്ഷാ പരിശോധനകളില്‍ കാര്യമായി ശ്രദ്ധിക്കാതിരുന്നതാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. തീപ്പിടിത്തത്തേത്തുടര്‍ന്ന് തെരേസ മേയ് ഇന്നലെ ഉച്ചയ്ക്കു ശേഷം ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിരുന്നു. കെട്ടിടത്തിന്റെ മറ്റ് ബ്ലോക്കുകളില്‍ പരിശോധനകള്‍ നടത്താനും തീരുമാനം എടുത്തിട്ടുണ്ട്.
2013ല്‍ പാര്‍ലമെന്റിന്റെ സഖ്യകക്ഷി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഗ്രൂപ്പ് വിളിച്ച് ചേര്‍ത്തിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളില്‍ പുനരവലോകനം ഉദ്ദേശിച്ചായിരുന്നു ഇത്. കാംബര്‍വെല്ലിലെ ലേകനാല്‍ ഹൗസിലുണ്ടായ തീപ്പിടിത്തതില്‍ ആറ് പേര്‍ മരിക്കുകയും 20 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍ പിന്നീട് വന്ന മന്ത്രിമാര്‍ ഈ പരിശോധനകള്‍ തുടരുന്നതില്‍ വീഴ്ച വരുത്തിയെന്ന് ഗ്രൂപ്പിന്റെ ഓണററി അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി റോണി കിംഗ്‌സ് പറഞ്ഞു.
Leave a Reply