ലണ്ടനില്‍ 180ഓളം ക്രിമിനല്‍ സംഘങ്ങളുണ്ടെന്ന് മെറ്റ് പോലീസ്. കമ്മീഷണര്‍ ക്രെസിഡ ഡിക്ക് ആണ് ഇക്കാര്യം അറിയിച്ചത്. വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിച്ച് കൈവശം വെച്ചിരിക്കുന്ന ഈ ഗ്യാംഗുകള്‍ പ്രൈമറി സ്‌കൂള്‍ കുട്ടികളെപ്പോലും തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കുകയാണ്. ലണ്ടനില്‍ അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് മെറ്റ് പോലീസ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. കൊലപാതകങ്ങളുടെ എണ്ണത്തില്‍ സാരമായ വര്‍ദ്ധന നേരിട്ടിരുന്നു. ഇതുവരെ 127 കൊലപാതകങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഗ്യാംഗുകള്‍ തമ്മിലുള്ള പോര് വെടിവെയ്പ്പുകളിലേക്കും കത്തിക്കുത്തിലേക്കുമൊക്കെ നീളുകയാണ്. അക്രമ സംഭവങ്ങള്‍ തടയാന്‍ കൂടുതല്‍ സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് പരിശോധനകളും ആയുധങ്ങളുമായി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതും ആവശ്യമായി വരികയാണെന്ന് ക്രെസിഡ ഡിക്ക് പറഞ്ഞു.

അതേ സമയം തലസ്ഥാനത്തെ ക്രിമിനല്‍ സംഘങ്ങളെ കണ്ടെത്തി തുടച്ചു നീക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരുമെന്നും അവര്‍ പറഞ്ഞു. പോലീസിന് മാത്രം ഇത് സാധിക്കില്ല. അഞ്ച് വയസ് മുതല്‍ പ്രായമുള്ള കുട്ടികളെ ഗ്യാംഗുകള്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഇവര്‍ വളര്‍ന്നു വരുമ്പോള്‍ വലിയ ക്രിമിനലുകള്‍ ആയി മാറുന്നു. ഇവരെ പിന്തിരിപ്പിക്കുകയെന്നത് വലിയ ജോലിയാണ്. ലണ്ടനില്‍ മാത്രം 180 ഗ്യാംഗുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ കുട്ടികളെ സംഘത്തില്‍ ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. ഈ സംഘങ്ങള്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടിച്ചു കഴിഞ്ഞിരിക്കുന്നതായും ക്രെസിഡ ഡിക്ക് വെളിപ്പെടുത്തി. സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകള്‍ വര്‍ദ്ധിപ്പിച്ചതോടെ അക്രമ സംഭവങ്ങളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

25 വയസില്‍ താഴെ പ്രായമുള്ളവരില്‍ കത്തിക്കുത്തേല്‍ക്കുന്നതില്‍ കുറവുണ്ടായിട്ടുണ്ട്. സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചിനു പുറമേ പ്രശ്‌നബാധിതമെന്ന് കരുതുന്ന പ്രദേശങ്ങളില്‍ പോലീസ് സാന്നിധ്യം വര്‍ദ്ധിപ്പിച്ചു. തെരുവില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കുന്നതോടെ അക്രമ സംഭവങ്ങള്‍ കുറയുമെന്നാണ് കരുതുന്നത്. സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകളില്‍ തോക്കുകളും കത്തികളും പിടിച്ചെടുക്കപ്പെടുന്നുണ്ട്. ഇവ കൈവശം വെക്കുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. മൂന്നു വര്‍ഷമായി വര്‍ദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങള്‍ക്ക് ഇതോടെ കുറവു വന്നിട്ടുണ്ടെന്നും ക്രെസിഡ ഡിക്ക് അവകാശപ്പെട്ടു.