ശ്രീ ഗുരുവായൂരപ്പൻ്റെ പരമ ഭക്തനും ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ചെയർമാനുമായിരുന്ന ശ്രീ തെക്കുമുറി ഹരിദാസ് എന്ന യുകെ മലയാളികളുടെ സ്വന്തം ഹരിയേട്ടൻ യശശ്ശരീരനായിട്ട് മാർച്ച് 24 ന് ഒരു വർഷം തികയുന്നു. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ കഴിഞ്ഞ 29 വർഷങ്ങളായി മുടക്കമില്ലാതെ വിഷുവിനോടനുബന്ധിച്ച്, വിഷുദിനത്തിൽ പ്രത്യേക വിഷുവിളക്ക് നടത്തുവാൻ അത്യപൂർവ്വ ഭാഗ്യം സിദ്ധിച്ച പുണ്യാത്മാവായിരുന്നു ഹരിയേട്ടൻ. 30 വർഷങ്ങൾക്കുമുമ്പ്, എല്ലാ വർഷവും, ഉദാരമതികളായ ഭക്തജനങ്ങളിൽ നിന്നും സ്വരൂപിക്കുന്ന സംഭാവനകളിലൂടെയും , ഗുരുവായൂരിലെ ചില വ്യക്തികളുടെ അശ്രാന്ത പരിശ്രമത്തിലൂടെയും ചെറിയ തോതിൽ നടത്തിവന്നിരുന്ന വിഷുവിളക്ക് പിന്നീട് ഭഗവാന്റെ നിയോഗം എന്നപോലെ ഹരിയേട്ടൻ മുൻകൈയെടുത്തു സ്ഥിരമായി സ്പോൺസർ ചെയ്തു വിപുലമായി നടത്തി വരികയായിരുന്നു.

ലണ്ടനിലെ ഇന്ത്യൻ എംബസ്സിയിലെ ഔദ്യോഗികത്തിരക്കും, കുടുംബ-ബിസിനസ്സ് തിരക്കും, പൊതുകാര്യ സന്നദ്ധ പ്രവർത്തനങ്ങളുമെല്ലാം എത്രയേറെയുണ്ടെങ്കിലും, കഴിഞ്ഞ 29 വർഷവും മുടങ്ങാതെ വിഷുദിനത്തിൽ ഗുരുവായൂരപ്പനെ കാണുവാനും വിഷുവിളക്കു ഭംഗിയായി നടത്തുവാനും ഭഗവത് സന്നിധിയിൽ എത്തിയിരുന്നു ഹരിയേട്ടൻ.

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിക്കാറുള്ള പാവങ്ങൾക്കായുള്ള വിഷുസദ്യയും വർഷങ്ങളായി അമ്മയുടെ പേരിൽ മുടങ്ങാതെ സ്പോൺസർ ചെയ്ത് നടത്തിയിരുന്നതും ഹരിയേട്ടനായിരുന്നു. 2020ലെ വിഷുവിളക്ക് പൂർവ്വാധികം ഭംഗിയായി നടത്തുവാനുള്ള ശ്രമത്തിനിടയിലാണ്, നിർഭാഗ്യവശാൽ, യുകെയിലും ഇന്ത്യയിലുമടക്കം ഒട്ടനവധി രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്.

കഴിഞ്ഞ 30 വർഷത്തിനിടയിൽ 2020ൽ ആദ്യമായി ഹരിയേട്ടന് കോവിഡ് നിയന്ത്രണങ്ങൾ മൂലം ഗുരുവായൂരിൽ എത്തുവാൻ സാധിച്ചിരുന്നില്ല. ഹരിയേട്ടൻ്റെ ഓർമ്മക്കായി 2022 ഏപ്രിൽ മുതൽ ലണ്ടനിൽ എല്ലാ വർഷവും വിഷു വിളക്കും സൗജന്യ വിഷു സദ്യയും സംഘടിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഹരിയേട്ടൻ്റെ കുടുംബവും ലണ്ടൻ ഹിന്ദു ഐക്യവേദിയും.

കുട്ടികളും മുതിർന്നവരും ചേർന്ന് സമർപ്പിക്കുന്ന നൃത്താവിഷ്കാരം – “വിഷുക്കണി”, യുകെയിലെ അനുഗ്രഹീത ഗായിക ദൃഷ്ടി പ്രവീൺ അവതരിപ്പിക്കുന്ന ഭക്തിഗാന സുധ, സുപ്രസിദ്ധ തെന്നിന്ത്യൻ സിനിമാതാരം ശങ്കറിൻ്റെ പത്നിയും, പ്രസിദ്ധ നൃത്തസംവിധായികയുമായ ചിത്രാലക്ഷ്മി ടീച്ചറുടെ സംവിധാനമേൽനോട്ടത്തിൽ ഹരിയേട്ടൻ്റെ ഓർമ്മക്കായി അവതരിപ്പിക്കുന്ന ദക്ഷിണ യുകെയുടെ നൃത്ത ശില്പം, യുകെയിലെ പ്രസിദ്ധ കലാകാരൻ ജിഷ്ണു രാജേഷ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, നവധാര സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ ആഭിമുഖ്യത്തിൽ സുപ്രസിദ്ധ വാദ്യകലാകാരൻ വിനോദ് നവധാരയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന മേജർ സെറ്റ് ചെമ്പടമേളം, ഹരിയേട്ടൻ്റെ ഓർമ്മക്കായ് തെളിയിക്കുന്ന വിഷു വിളക്ക്, ദീപാരാധന, വിഷു സദ്യ (അന്നദാനം) എന്നിവയാണ് ലണ്ടൻ വിഷുവിളക്കിനോടനുബന്ധിച് 2022 ഏപ്രിൽ 30 ന് നടത്തുവാനുദ്ദേശിച്ചിരിക്കുന്ന കാര്യപരിപാടികൾ.

ഹരിയേട്ടനോട് അടുത്ത് നിൽക്കുന്നവരും യുകെയിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കുന്ന ലണ്ടൻ വിഷു വിളക്കിലേക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നതായി ഹരിയേട്ടന്റെ കുടുംബത്തോടൊപ്പം ലണ്ടൻ ഹിന്ദു ഐക്യവേദി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

സുരേഷ് ബാബു: 07828137478, സുഭാഷ് സർക്കാര : 07519135993, ജയകുമാർ: 07515918523, ഗീത ഹരി: 07789776536, ഡയാന അനിൽകുമാർ: 07414553601

Vishu Vilakku Venue: West Thornton Communtiy Cetnre, London Road, Thornton Heath, Croydon CR7 6AU
Date and Time: 30 April 2022
Email: [email protected]