ലണ്ടൻ: ലോക്ക് ഡൗൺ തുടരുമ്പോഴും യുകെയിലെ പ്രവാസി മലയാളികൾക്ക് ദുഃഖം നൽകി ലണ്ടനിലെ ആദ്യകാല മലയാളിയും ബിസിനസ്സുകാരനുമായ പി.എം. രാജു (62) നിര്യാതനായി. ലണ്ടനിലെ നോർത്ത് ഹുഡിൽ ആണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്. ഭാര്യ ഗ്രേസ് രാജു. ഹാൻസൺ, ബെൻസൺ എന്നിവർ മക്കളും ജിഷ ഹാൻസൺ മരുമകളുമാണ്. നാട്ടിൽ അടൂർ സ്വദേശിയാണ്.
കൊറോണ പിടിപെട്ട് ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് മരണം സംഭവിച്ചിരിക്കുന്നത്. രാജുവിന് വേണ്ടി കുർബാന അർപ്പിച്ചു പള്ളിയിൽ നിന്നും വീട്ടിൽ എത്തിയപ്പോൾ രാജുവിന്റെ മരണ വിവരമാണ് ഇടവക വികാരിയച്ചന്റെ ഫോണിൽ എത്തിയത്. വളരെ വികാരപരമായിട്ടാണ് രാജുവിന്റെ മരണ വിവരം ഇടവക ജനങ്ങളെ അച്ചൻ അറിയിച്ചിരിക്കുന്നത്. എല്ലാവരുടെയും രാജു അങ്കിൾ ആണ് നഷ്ടപ്പെട്ടിരിക്കുന്നത് എന്നും വികാരിയച്ചൻ തന്റെ സന്ദേശത്തിൽ പറയുന്നു.
ഇന്ന് യുകെയിൽ മരിച്ച 258 ഉൾപ്പെടെ 1,17,116 പേർക്കാണ് കൊറോണ പിടിപെട്ട് ഇതുവരെ യുകെയിൽ ജീവൻ നഷ്ടമായത്. പുതിയതായി 10,972 കോവിഡ് പിടിപെട്ടതായി ഇന്ന് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 15 മില്യൺ ആളുകൾക്ക് കൊറോണ വാക്സീൻ നൽകി വലിയ ഒരു നേട്ടം ബ്രിട്ടൻ നേടിയ ദിവസമാണ് മറ്റൊരു മലയാളി കൂടി കോവിഡ് പിടിപെട്ടു മരണപ്പെട്ടിരിക്കുന്നത്.
മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന കൗണ്‍സില്‍ മെമ്പറും ഹെമല്‍ ഹെംപ്സ്റ്റഡ് സെന്റ്. തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകാംഗവുമാണ് പരേതനായ രാജു.
പി.എം. രാജുവിന്റെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖിതരായ ബന്ധുമിത്രാദികളെ അറിയിക്കുകയും ചെയ്യുന്നു.
Leave a Reply