സമൂഹ മാധ്യമങ്ങളിലൂടെ ആവര്‍ത്തിച്ചു ഭീഷണികള്‍ വന്നതോടെ 24 മണിക്കൂറും പോലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ട് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ രംഗത്ത്. ബ്രിട്ടനിലെ ഈവർഷത്തെ മികച്ച രാഷ്ട്രീയനേതാവിനുള്ള പുരസ്കാരം നേടിയ ആളാണ് സാദിഖ് ഖാന്‍. ലണ്ടനിലെ ആദ്യ മുസ്ലിം മേയറാണ് അദ്ദേഹം. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ഥി സാക് ഗോള്‍ഡ് സ്മിത്തിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
2016-ലെ ബ്രെക്സിറ്റ് റഫറണ്ടത്തിന് ശേഷമാണു ഇത്രയധികം ഭീഷണികള്‍ ഉയര്‍ന്നതെന്ന് സാദിഖ് ഖാന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷത്തെ അവസാന മൂന്ന് മാസങ്ങളില്‍ മാത്രം 17 കേസുകളാണ് പോലീസിന് രജിസ്റ്റര്‍ ചെയ്തതെന്നും, സോഷ്യൽ മീഡിയയിലൂടെ 237 ഭീഷണികളാണ് ഉണ്ടായതെന്നും ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങളിലും ട്രോളുകളിലും തുടങ്ങി ഭീകരവാദിയായി ചിത്രീകരിക്കുന്നതില്‍വരേ കാര്യങ്ങള്‍ എത്തിയിരിക്കുന്നതായി സാദിഖ് ഖാന്‍ വെളിപ്പെടുത്തി.
“ഇത്തരം ഭീഷണികളെ ഞാന്‍ ഭയപ്പെടുന്നില്ല. പക്ഷെ, എന്‍റെ കൂടെയുള്ളവര്‍ അങ്ങനെയല്ല. ലണ്ടന്‍ മേയറായും പൊതുജീവിതത്തില്‍ ഒരു മുസ്ലിമായും ജീവിക്കാന്‍ എനിക്കു കഴിയണം. അതിനാണ് പോലീസിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചത്” സാദിഖ് ഖാന്‍ പറഞ്ഞു. ബ്രക്സിറ്റ് പ്രഖ്യാപനത്തിനു ശേഷം സമൂഹമാധ്യമങ്ങളിലൂടെയുള്ള തെറിവിളികളും ഭീഷണിയും വര്‍ധിച്ചുവെന്ന പരാതിയുമായി പന്ത്രണ്ടോളം എം.പിമാര്‍ ഇതിനോടകം രംഗത്തു വന്നിട്ടുണ്ട്. ലേബര്‍പാര്‍ട്ടി എം.പിയായിരുന്ന ജോ കൊക്സിന്‍റെ കൊലപാതകത്തെ തുടർന്ന് എല്ലാ എംപിമാരുടെയും സുരക്ഷ വർധിപ്പിച്ചിരുന്നു.
ഇസ്ലാമോഫോബിയയും യഹൂദവിരോധവും വംശീയതയും സമൂഹത്തില്‍ കൂടി വരികയാണെന്നും, വ്യക്തിഹത്യയില്‍ തുടങ്ങി ജോ കൊക്സിനു സംഭവിച്ചതുപോലെ കൊലപാതങ്ങളിലാണ് അതു കലാശിക്കുന്നതെന്നും സാദിഖ് ഖാന്‍ പറയുന്നു.
Leave a Reply