ലണ്ടൻ: “കുടുംബമെന്ന ദേവാലയത്തിലെ ശുശ്രുഷകരായി ദമ്പതികൾ  വർത്തിച്ചാൽ ഭവനങ്ങളിൽ ഭദ്രതയും സ്വർഗ്ഗവും തീർക്കാം”എന്ന് ജോർജ്ജ് പനക്കലച്ചൻ. ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷനിൽ മുഖ്യ തിരുവചന ശുശ്രുഷ നയിച്ചു കുടുംബത്തെ ആസ്പദമാക്കി സന്ദേശം നൽകുകയായിരുന്നു പനക്കലച്ചൻ.” വിവാഹമെന്ന കൂദാശ സ്വീകരിച്ചവർ ദൈവ സമക്ഷം കുടുംബത്തിലെ കാർമ്മിക ശുശ്രുഷകരാവാനുള്ള ഉടമ്പടി ഏറ്റു പറഞ്ഞാണ് കുടുംബജീവിതത്തിനു തുടക്കം കുറിക്കുന്നത്.കുടുംബം ദേവാലയമാണെന്നും,മാതാപിതാക്കൾ പുരോഹിതരാണെന്നും, അവരുടെ ഉത്തരവാദിത്വം സമർപ്പണ ശുശ്രുഷയാണെന്നും മനസ്സിലാക്കി ഉടമ്പടി പാലിച്ചു കുടുംബം നയിക്കുന്നവർ സ്വർഗ്ഗീയാനന്ദം നുകരും. അങ്ങിനെ ദൈവത്തിൽ സമർപ്പിച്ച ഒരു കുടുംബവും തകരില്ല”എന്നും പനക്കലച്ചൻ ഉദ്‌ബോധിപ്പിച്ചു.
“ദൈവത്തെ കേന്ദ്രീകരിച്ചുള്ള പ്രാർത്ഥനകൾക്കെ പ്രതിഫലം കിട്ടൂ.വ്യക്തികളിൽ കേന്ദ്രീകരിച്ചുള്ള പ്രാർത്ഥനകൾ അത് ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും ലാഭേച്ഛയുടെയും നിരർത്ഥകമായ പ്രാർത്ഥനകൾ ആവുമെന്നും,ദൈവ സന്നിധിയിൽ അത് സ്വീകാര്യമാവില്ല” എന്നും  കൺവെൻഷനിൽ വചന സന്ദേശം പങ്കിട്ട ഫാ.ജോസഫ് എടാട്ട് സൂചിപ്പിച്ചു. “ദൈവത്തിനെ ആരാധിക്കുവാനും, സ്തുതിക്കുവാനും നന്ദി പറയുവാനും മറക്കാത്തവർ ആല്മീയ സന്തോഷവും അനുഗ്രഹങ്ങളും നേടും. ഓരോ വിജയങ്ങൾക്കും, നേട്ടങ്ങൾക്കും തങ്ങളുടെ കഴിവുകളിൽ ആശ്രയിക്കുന്നവർ പരാജയങ്ങളുടെയും നാശത്തിന്റെയും പടുകുഴിയിൽ തന്നെ പതിക്കും.” എന്നും ജോസഫച്ചൻ ഓർമ്മപ്പിച്ചു.

പരിശുദ്ധ അമ്മയുടെ മാതൃവണക്കമായി ജപമാല സമർപ്പിച്ചു കൊണ്ട് ആരംഭിച്ച കൺവെൻഷൻ തിരുക്കർമ്മങ്ങൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.

ബൈബിൾ കൺവെൻഷനോടനുബന്ധിച്ചു നടത്തിയ ആഘോഷമായ വിശുദ്ധ കുർബ്ബാനയിൽ മാർ ജോസഫ്സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. നിരവധി വൈദികർ സഹകാർമികരായിരുന്നു.
കുർബ്ബാന മദ്ധ്യേ സന്ദേശം നൽകിയ പിതാവ് ” മാമോദീസ സ്വീകരിച്ചാൽ ക്രിസ്ത്യാനി ആയെന്ന മിഥ്യാ ബോദ്ധ്യം മാറ്റണമെന്നും, ക്രിസ്തുവിന്റെ അനുയായി ആയി  ദൈവത്തിന്റെ ശിഷ്യഗണത്തിലെ അംഗങ്ങളാണെന്നും മിഷനറികളാണെന്നുമുള്ള ബോദ്ധ്യത്തിൽ നാം ജീവിക്കണം. ജീവിതത്തിൽ മറ്റുള്ളവർക്ക് നമ്മിൽ ക്രിസ്തുവിനെ ദർശിക്കുവാൻ കഴിയുന്നില്ലെങ്കിൽ അത് പാപമാണ്. ക്രൈസ്തവ ജീവിതത്തിന്റെ അകലം തലച്ചോർ മുതൽ മനസ്സുവരെയാണ്. തലച്ചോർ ഉപയോഗിച്ച് സമാധാനം തേടുന്നവർ യഥാർത്ഥ സമാധാനവും സന്തോഷവും നേടുകയില്ല. അത് അഹന്തയും വ്യക്തിഭ്രമവുമാവും” എന്നും പിതാവ് കൂട്ടിക്കിച്ചേർത്തു.
 ബൈബിൾ കൺവെൻഷനിൽ തിരുവചനം പങ്കു വെച്ച ഫാ. ആൻറണി പറങ്കിമാലിൽ “ജീവിതത്തിലെ ഓരോ പരാജയങ്ങൾക്കും മറ്റുള്ളവരിൽ ഉത്തരവാദിത്വം കാണുവാൻ ശ്രമിക്കുന്നവർക്ക് ഒരിക്കലും അനുഗ്രഹത്തിന്റെ തുറവയും, സമാധാനവും ലഭിക്കുകയില്ല എന്ന് പറഞ്ഞു. വിദ്വേഷമോ,വെറുപ്പോ മനസ്സിൽ സൂക്ഷിക്കുന്ന ഒരാൾക്കും വിജയമോ ആല്മീയ സന്തോഷം നുകരുവാനോ ആവില്ല, മറിച്ച് മനസ്സിനെയും ശരീരത്തെയും അതു ക്യാൻസർ പോലെ കാർന്നു തിന്നും. കഠിനമായ പ്രിതിസന്ധികളിൽ ദൈവത്തിൽ ആനന്ദിക്കുവാൻ കഴിയുന്നവർ ജീവിതത്തിൽ ഉന്നതമായ വിജയം കൊയ്യും”എന്നും പറങ്കിമാലിൽ അച്ചൻ കൂട്ടിച്ചേർത്തു.
കുട്ടികൾക്കും യുവജനങ്ങൾക്കുമായി ഡിവൈൻ ടീം നയിച്ച പ്രത്യേക ശുശ്രുഷകൾ  ആല്മീയോർജ്ജം പകരുന്നതും അനുഗ്രഹദായകവുമായി. ഗാന ശുശ്രുഷകൾക്കു ആന്റണി ഫെർണാണ്ടസ്,ഷിജു ടീം നേതൃത്വം നൽകി.
തിരുവചന ശുശ്രുഷകളുടെ സമാപനത്തിൽ നടന്ന ആരാധനയും ദിവ്യകാരുണ്യ എഴുന്നള്ളിപ്പും ആല്മീയ സാന്ദ്രത പകരുകയും കൃപാവരങ്ങളുടെയും അനുഗ്രഹങ്ങളുടെയും വൻ അഭിഷേകവുമായി.
ഫാ.സോജി ഓലിക്കൽ, ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ. ഹാൻസ് പുതുകുളങ്ങര, ഫാ.ജോസ് അന്ത്യാംകുളം, ഫാ.സാജു പിണക്കാട്ട് ഡീക്കൻ ജോയ്‌സ് പള്ളിക്കമ്യാലിൽ എന്നിവർ ശുശ്രുഷകളിൽ പങ്കു ചേർന്നു. ഫാ.ടോമി എടാട്ട് ഏവർക്കും ഹൃദ്യമായ കൃതജ്ഞത രേഖപ്പെടുത്തി.

ഫാ.ജോസ് അന്ത്യാംകുളം, ജോസ് ഉലഹന്നാൻ, മാർട്ടിൻ ആന്റണി, അനിൽ ആൻ്റണി, ബാസ്ററ്യൻ, ജോമോൻ,ജീസൺ, ആൻ്റണി, ഡെൻസി, മാത്തച്ചൻ, കെവിൻ തുടങ്ങിയവർ   നേതൃത്വം നൽകിയ മൂന്നാമത് ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷനിൽ വിശ്വാസികൾ തിരുവചനങ്ങളിലൂടെ ആല്മീയ സാന്ത്വനവും, അനുഗ്രഹ സ്പർശവും, അഭിഷേകവുമായി ആല്മീയ സന്തോഷം നുകർന്നാണ് മടങ്ങിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ