ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്പിലെ ഏറ്റവും തിരക്കേറിയ നഗരം എന്ന സ്ഥാനം ലണ്ടന് ആണെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. പാരീസിനും ഡബ്ലിനിനും ആണ് ലണ്ടന് തൊട്ടു പിന്നിലുള്ളത്. ട്രാൻസ്‌പോർട്ട് അനലിറ്റിക്‌സ് കമ്പനിയായ ഇൻറിക്‌സിൻ്റെ കണക്കനുസരിച്ച് തലസ്ഥാനത്തെ ഡ്രൈവർമാർ ശരാശരി 101 മണിക്കൂർ ആണ് ട്രാഫിക്കിൽ കഴിഞ്ഞ വർഷം ചെലവഴിച്ചത് . ഇത് മുൻ വർഷത്തേക്കാൾ 2% വർധന ആണ് കാണിക്കുന്നത് . ലണ്ടനിലെ തിരക്കിന് സമീപവർഷങ്ങളിൽ സ്ഥിരമായ വർദ്ധനവ് ഉണ്ടായതായുള്ള കണക്കുകളും പുറത്തുവന്നിട്ടുണ്ട്. 2022 – ൽ 97 മണിക്കൂറ് ആയിരുന്നെങ്കിൽ 2023 -ൽ അത് 99 മണിക്കൂറായി ഉയർന്നു.
ലണ്ടനിലെ A40 വെസ്റ്റ് വേ യുകെയിലെ ഏറ്റവും തിരക്കേറിയ റോഡാണെന്നാണ് നിലവിൽ വിലയിരുത്തപ്പെടുന്നത്. ഈ റോഡിൽ തന്നെ വൈകുന്നേരം 5 മുതൽ 6 വരെയുള്ള സമയം ഏറ്റവും മോശമായ സമയമാണ്. ലണ്ടനു പിന്നിൽ തിരക്കിന്റെ കാര്യത്തിൽ തൊട്ടു പിന്നിലുള്ളത് പാരീസാണ്. കഴിഞ്ഞവർഷം ഡ്രൈവർമാർ ബ്ലോക്കിൽ കുടുങ്ങിയ ശരാശരി സമയം പാരിസിൽ 97 മണിക്കൂറാണ്. ഡബ്ലിൻ 81 മണിക്കൂറായി മൂന്നാം സ്ഥാനത്തുണ്ട്.
വിവിധ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് യൂറോപ്പിലെ ഏറ്റവും തിരക്കേറിയ നഗരങ്ങൾ ഏതാണെന്നും അവിടങ്ങളിൽ ഡ്രൈവർമാർ എത്രമാത്രം റോഡിൽ കുടുങ്ങിയെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയത്. ലണ്ടൻ കഴിഞ്ഞാൽ ബ്രിസ്‌റ്റാളും ലീഡ്സുമാണ് തിരക്കിന്റെ കാര്യത്തിൽ തൊട്ടു പിന്നിലുള്ളത് . എന്നാൽ ഇവിടങ്ങളിൽ 65 ഉം 60 ഉം മണിക്കൂർ ആണ് ഡ്രൈവർമാർ ഗതാഗത കുരുക്കിൽ പെട്ടത്. ഇത് ലണ്ടനുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. തിരക്കിന്റെ കാര്യത്തിൽ കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ലണ്ടനിൽ നേരിയ വർദ്ധനവ് മാത്രമേ ഉണ്ടായുള്ളൂ. എന്നാൽ മറ്റ് നഗരങ്ങളിലെ തിരക്ക് വൻതോതിൽ കുതിച്ചുയർന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ മാഞ്ചസ്റ്ററിൽ തിരക്കിന്റെ കാര്യത്തിൽ 13 ശതമാനം വർദ്ധനവ് ആണ് ഉള്ളത് .
Leave a Reply