ലണ്ടന്‍: ലണ്ടന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കാനഡയില്‍ നിന്നുള്ള യുവതിയും. കൊല്ലപ്പെട്ടവരില്‍ ആദ്യം തിരിച്ചറിഞ്ഞതും ഇവരെയാണ്. ക്രിസ്റ്റീന്‍ ആര്‍ച്ചിബാള്‍ഡ് എന്ന യുവതി കുത്തേറ്റ് മരിച്ചത് തന്റെ പ്രതിശ്രുത വരന്റെ കൈകളില്‍ കിടന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടീഷ് കൊളംബിയയിലെ കാസില്‍ഗാര്‍ സ്വദേശിനിയായ യുവതിയും പ്രതിശ്രുത വരനായ ടൈലര്‍ ഫെര്‍ഗൂസനും ആക്രമണം നടക്കുമ്പോള്‍ ലണ്ടന്‍ ബ്രിഡ്ജില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ഫെര്‍ഗൂസണ്‍ ആകെ തകര്‍ന്നു പോയതായി സഹോദരി കാസി ഫെര്‍ഗൂസണ്‍ കാനഡയിലെ സിബിസി ന്യൂസിനോട് പറഞ്ഞു.
വീടില്ലാത്തവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായിരുന്നു ക്രിസ്രറ്റീന്‍ എന്നും കാസി പറഞ്ഞു. അവളെ ആദരിക്കാന്‍ അവളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുടര്‍ച്ചയുണ്ടാകണമെന്നും കാസി ആവശ്യപ്പെടുന്നു. ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ കനേഡിയന്‍ പൗരത്വമുള്ളവരും ഉണ്ടെന്നതില്‍ ദുഖമുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഭീകരാക്രമണത്തെ അപലപിക്കുന്നതായും പ്രസ്താവനയില്‍ ട്രൂഡോ വ്യക്തമാക്കി.
ശനിയാഴ്ച രാത്രി ലണ്ടന്‍ ബ്രിഡ്ജിലും ബറോ മാര്‍ക്കറ്റിലുമായി നടന്ന ഭീകരാക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. 48 പേര്‍ക്ക് പരിക്കേറ്റു. ജനങ്ങള്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചു കയറ്റുകയും മൂന്ന് അക്രമികള്‍ ജനങ്ങളെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഇവരെ പിന്നീട് പോലീസ് വെടിവെച്ച് വീഴ്ത്തി. സംഭവത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്. മൂന്ന് മാസത്തിനിടെ മൂന്ന് ഭീകരാക്രമണങ്ങളാണ് ബ്രിട്ടന് നേരിടേണ്ടി വന്നത്.
Leave a Reply