ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലണ്ടനിൽ കുറ്റകൃത്യങ്ങൾ കുറയുന്നതായി അധികൃതർ അവകാശപ്പെടുമ്പോഴും പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകൾ. മുൻ വർഷത്തെ അപേക്ഷിച്ചു 17% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021 ൽ 131 അക്രമ സംഭവങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട്‌ ചെയ്തത്. എന്നാൽ കഴിഞ്ഞ ഒരു വർഷം 106 കേസുകൾ മാത്രമാണ് റിപ്പോർട്ട്‌ ചെയ്തത്. മെയിൽ ഓൺലൈൻ ആണ് കണക്കുകൾ പുറത്ത് വിട്ടത്. കൗമാരക്കാരായ ആൺകുട്ടികൾക്കിടയിലാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചു കൊണ്ടിരുന്നത്. 30 പേരാണ് ഇത്തരത്തിൽ 2021 ൽ കൊല്ലപ്പെട്ടത്. എന്നാൽ കഴിഞ്ഞ വർഷം കേവലം 13 കേസുകൾ മാത്രമെ റിപ്പോർട്ട്‌ ചെയ്തുള്ളു. കൊല്ലപ്പെട്ടവരിൽ ഏറെയും കത്തികൊണ്ടുള്ള ആക്രമണത്തിലാണ് മരിച്ചത്.

സബിത തൻവാനി എന്ന പത്തൊൻപതുകാരി കൊല്ലപ്പെട്ടത് കഴിഞ്ഞ മാർച്ച് മാസം 19 ന് ആയിരുന്നു. സിറ്റി യൂണിവേഴ്സിറ്റിയിലെ വസതിയിൽ അവളുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. 2022-ലെ ആദ്യ കൊലപാതകം റിപ്പോർട്ട്‌ ചെയ്തത് ഡാരിയസ് വോലോസ് (46) ന്റെ ആയിരുന്നു.വെസ്റ്റ് ഡ്രെയ്‌ടണിലെ ടാവിസ്റ്റോക്ക് റോഡിൽ ജനുവരി 4 ന് പുലർച്ചെയാണ് കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, കഴിഞ്ഞ വർഷത്തെ അവസാന മരണം റിപ്പോർട്ട്‌ ചെയ്തത് ന്യൂഇയർ തലേന്നാണ്. 39 കാരിയായ സ്റ്റെഫാനി ഹാൻസെനെയാണ് രാവിലെ 10.13 -ന് ഹെയ്‌സിലെ വില്ലെൻഹാൾ ഡ്രൈവിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.


എന്നാൽ സുരക്ഷയുടെ കാര്യത്തിൽ മറ്റേത് നഗരത്തെയും പോലെ ലണ്ടനിലും പോരായ്മ നിലനിൽക്കുന്നുണ്ട് എങ്കിലും, കുറ്റകൃത്യങ്ങളുടെ നിരക്ക് നോക്കിയാൽ ജീവിക്കാനും ജോലി ചെയ്യാനും ആസ്വദിക്കാനുമുള്ള സുരക്ഷിതമായ സ്ഥലമാണിതെന്ന് മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ സർ മാർക്ക് റൗലി മാധ്യമങ്ങളോട് പറഞ്ഞു. 2022 ൽ നടന്ന ദാരുണമായ കൊലപാതക സംഭവങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ 11 മാസം പ്രായമുള്ള ഹേസൽ പ്രജാപതിയാണ്. സെപ്റ്റംബർ 20 ന് ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ വെച്ചാണ് മരണം സംഭവിച്ചത്. ഓഗസ്റ്റ് 14 ന് പടിഞ്ഞാറൻ ലണ്ടനിലെ ഗ്രീൻഫോർഡിൽ കുത്തേറ്റു മരിച്ച 87 കാരനായ തോമസ് ഒഹാലോറനാണ് ഏറ്റവും പ്രായം കൂടിയ ആൾ. കുറ്റകൃത്യങ്ങൾ ഇല്ലാത്ത നഗരമാണ് സ്വപ്നമെന്നും, അതിനായി നിരന്തരം പരിശ്രമിക്കും എന്നാണ് അധികൃതർ പറയുന്നത്