രാഷ്ട്ര തലവന്മാരും വന്‍കിട ബിസിനസ്സുകാരും ഒക്കെ ഒറ്റയ്ക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്നതായി നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു സാധാരണക്കാരി ഒരു വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്തു എന്നത് വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസമാണ്. എന്നാല്‍ അതും സംഭവിച്ചു. റെഡിറ്റ് ഉപയോക്താവായ ഷാഡിബേബി എന്ന യൂസര്‍നെയിമുള്ള യുവതിക്ക് കഴിഞ്ഞ ദിവസം ഈ ഭാഗ്യം ലഭിച്ചു. ന്യൂയോര്‍ക്കില്‍ നിന്ന് വാഷിങ്ടണിലേക്ക് പറന്ന വിമാനത്തില്‍ ഏകയാത്രക്കാരിയാകാന്‍ സാധിച്ചുവെന്നതാണ് ആ ഭാഗ്യം. ബുക്ക് ചെയ്ത വിമാനം യാത്രക്ക് എട്ടുമണിക്കൂര്‍ മുമ്പ് കാന്‍സല്‍ ആയതാണ് സംഭവത്തിന് കാരണം.
വിമാനം റദ്ദാക്കിയ വാര്‍ത്ത അറിഞ്ഞ് ആശങ്കയിലായ ഒരു ഏജന്റ് ഉടനെ യുവതിക്കും മറ്റുചില യാത്രക്കാര്‍ക്കുമായി യുവതി ഇപ്പോള്‍ യാത്ര ചെയ്ത വിമാനം ഏര്‍പ്പാടാക്കി. എന്നാല്‍ ഇതറിയാതെ മറ്റൊരു ഏജന്റ് ഇതിന് മുമ്പുള്ള മറ്റൊരു വിമാനം യാത്രക്കാര്‍ക്കായി ഒരുക്കി. ഇതുസംബന്ധിച്ച് അനൗണ്‍സ്‌മെന്റും നടത്തി. എന്നാല്‍ ആദ്യത്തെ അറിയിപ്പ് ലഭിച്ച ഉടന്‍ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയ യുവതി രണ്ടാമതുണ്ടായ സംഭവിവാകസങ്ങള്‍ അറിഞ്ഞില്ല. മാത്രല്ല എയര്‍ലൈന്‍സ് അധികൃതരേയോ ഏജന്റുമാരേയോ യുവതി പിന്നീട് ബന്ധപ്പെടുകയും ചെയ്തില്ല.
വിമാനം പുറപ്പെടുന്നതിന് മുമ്പായി യുവതി ലോഞ്ചില്‍ എത്തിയപ്പോഴാണ് സംശയം തോന്നിയത്. പിന്നീട് വിമാനത്തില്‍ കയറിയതോടെ താന്‍ മാത്രമാണ് ആകെയുള്ള യാത്രക്കാരിയെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. തനിക്ക് ലഭിച്ച ഭാഗ്യം സെല്‍ഫിയാക്കി റെഡിറ്റില്‍ പോസ്റ്റ് ചെയ്യാനും യുവതി മറന്നില്ല.
ഒരു യാത്രക്കാരി മാത്രമേ ഉള്ളൂ എന്ന് കരുതി വിമാന അധികൃതര്‍ യാത്രയുടെ ചിട്ടവട്ടങ്ങളൊന്നും തെറ്റിച്ചില്ല. യാത്രക്ക് മുന്നോടിയായുള്ള സുരക്ഷയെ സംബന്ധിച്ചുള്ള ഡെമോണ്‍സ്‌ട്രേഷന്‍ ഉള്‍പ്പടെ എല്ലാം പതിവുപ്രകാരം നടത്തി തന്നെയാണ് യാത്ര ആരംഭിച്ചത്. യുവതി റെഡിറ്റില്‍ പങ്കുവെച്ച ചിത്രം ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് നേടിയത്.
Leave a Reply