ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കോവിഡ് ബാധിതരായ ഏതാനും സ്ത്രീകളുടെ അനുഭവത്തിൽ നിന്നാണ് രോഗം ആർത്തവത്തെയും ബാധിക്കുമെന്ന റിപ്പോർട്ടുകൾ കടന്നുവരുന്നത്. തായ്‌ലൻഡിൽ അവധിക്കാലം ആഘോഷിച്ചശേഷം തിരിച്ചെത്തിയ 46കാരിയായ ഡോൺ നൈറ്റിന് കോവിഡ് ലക്ഷണങ്ങൾ കാണപ്പെട്ടുതുടങ്ങി. എന്നാൽ അസുഖം ബാധിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ആർത്തവം തെറ്റുന്നതായി കാണപ്പെട്ടു. ‘എന്റെ കോവിഡ് ലക്ഷണങ്ങൾ വളരെ ഭയാനകമായിരുന്നു. മാസങ്ങളോളം അത് തുടർന്നു. സോഫയിൽ നിന്ന് മാറാൻ എനിക്ക് കഴിയാതെയായി.” സോമർസെറ്റിലെ മാനസികാരോഗ്യ നേഴ്‌സ് കൂടിയായ ഡോൺ വെളിപ്പെടുത്തി. മാസങ്ങൾ പിന്നിട്ടപ്പോൾ തനിക്ക് ലോങ്ങ് കോവിഡ് എന്ന അവസ്ഥ ഉണ്ടായതായി അവൾ പറഞ്ഞു. ഇത് എന്തുകൊണ്ടെന്ന് ഗവേഷകർക്ക് പൂർണ്ണമായും അറിയില്ലെങ്കിലും 20 പേരിൽ ഒരാളെ, പ്രത്യേകിച്ച് സ്ത്രീകളെ ലോങ്ങ് കോവിഡ് ബാധിക്കുമെന്ന് കരുതപ്പെടുന്നു.
ജൂൺ മാസത്തിൽ, ഡോൺ ഡോക്ടറെ സന്ദർശിക്കുകയുണ്ടായി. എന്നാൽ പുറത്തുവന്ന രക്തപരിശോധനാ ഫലങ്ങൾ അമ്പരപ്പിക്കുന്നതായിരുന്നു. അവളുടെ പ്രത്യുൽപാദന ഹോർമോണുകളായ ഈസ്ട്രജൻ, പ്രോജസ്റ്ററോൺ, ഫോളിക്കിൾ-സ്റ്റിമുലേറ്റിംഗ് ഹോർമോൺ (എഫ്എസ്എച്ച്) എന്നിവ ആർത്തവവിരാമത്തിനു ശേഷമുള്ള തലത്തിലാണ്. അതോടെ അവളിൽ ആർത്തവവിരാമം ഉണ്ടായിക്കഴിഞ്ഞതായി ഡോക്ടർ അറിയിച്ചു. യുകെയിൽ ആർത്തവവിരാമം സംഭവിക്കുന്ന ശരാശരി പ്രായം 51 ആണ്. സ്ത്രീകളില്‍ പൂർണമായും ആർത്തവം അവസാനിക്കുന്ന അവസ്ഥയാണ് ആർത്തവ വിരാമം (Menopause). ഒരു സ്ത്രീ ശാരീരികമായും മാനസികമായും വളരെയധികം പ്രയാസങ്ങള്‍ അനുഭവിക്കുന്ന കാലം കൂടിയാണ് ഈ സമയം. ശരാശരി 45 മുതൽ 55 വയസ്സുവരെയാണ് ആർത്തവവിരാമം സംഭവിക്കുന്നത്.
എന്നാൽ കോവിഡ് രോഗം പെട്ടെന്നുള്ള ആർത്തവവിരാമത്തിന് കാരണമായെന്ന് പല സ്ത്രീകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമാന അനുഭവങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ട് നൂറുകണക്കിന് സ്ത്രീകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ എത്തിയത്. നൂറിലധികം അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ 80 ശതമാനം പേരും കോവിഡ് ബാധിച്ചതിനുശേഷം തങ്ങളുടെ ആർത്തവം തെറ്റിയതായി അറിയിച്ചു. ഇത്തരം അനുഭവങ്ങൾ ഡോക്ടർമാരെ പുതിയ പഠനത്തിലേക്കാണ് നയിക്കുന്നത്. സ്ട്രാറ്റ്‌ഫോർഡ്-ഓൺ-അവോണിൽ ഒരു സ്വകാര്യ ക്ലിനിക് നടത്തുന്ന ജിപിയും മേനോപോസ് വിദഗ്ധനുമായ ഡോ. ലൂയിസ് ന്യൂസൺ, എഡിൻബർഗ് സർവകലാശാലയിലെയും ലണ്ടൻ യൂണിവേഴ്‌സിറ്റി കോളജിലെയും വിദഗ്ധരുമായി ചേർന്ന് കോവിഡ് രോഗം, നേരത്തെയുള്ള ആർത്തവവിരാമത്തിന് കാരണമാകുമോ എന്ന് അന്വേഷിക്കുന്നുണ്ട്.
Leave a Reply