വർഷങ്ങളായി പുല്ലും പായലും വളർന്നു തിങ്ങി നിറഞ്ഞ മടൽക്കുഴിയിൽ അഞ്ചടിയോളം താഴ്ചയിൽ നിന്നു ലഭിച്ച മൃതദേഹാവശിഷ്ടം പുരുഷന്റേതെന്നു പോലീസ് സ്ഥിരീകരിച്ചു.കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൊണ്ടുവന്ന് വിജനമായ സ്ഥലത്ത് താഴ്ത്തിയതാണോ എന്ന അന്വേഷണത്തിലാണ് പോലീസ്.
2017 ഏപ്രിൽ ആറിന് താഴത്തങ്ങാടി അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ പുതിയ കാറുമായി കാണാതായത്.പോലീസ് അന്വേഷണം നടത്തിയെങ്കിലും ദന്പതികളെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല.
ഇവർ കൊല ചെയ്യപ്പെട്ടതാണെന്നാണ് പോലിസിന്റെ നിഗമനമെങ്കിലും മൃതദേഹങ്ങളോ ഇവർ സഞ്ചരിച്ചിരുന്ന കാറോ കണ്ടെത്താനായിട്ടില്ല.ചെമ്മനത്തുകരയിൽനിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടം 40 നും 50 നും ഇടയ്ക്കു പ്രായമുള്ള പുരുഷന്റേതാണെന്നാണ് ഫോറൻസിക് അധികൃതരുടെ പ്രാഥമിക നിഗമനം.
ഇതു കൂടി കണക്കിലെടുത്ത് താഴത്തങ്ങാടിയിൽനിന്ന് കാണാതായ ദന്പതികളുടെ ബന്ധുക്കളിൽനിന്ന് വിവരം തേടുകയും അവരുടെ രക്തസാന്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.കൊല നടത്തിയവർ ആസൂത്രിതമായി വ്യത്യസ്ത സ്ഥലങ്ങളിൽ മൃതേദേഹങ്ങൾ ഒളിപ്പിച്ചതാകാമെന്ന സാധ്യതയും പോലിസ് തള്ളിക്കളയുന്നില്ല.
ഇതിനു പുറമേ പത്തു വർഷം മുന്പ് കാണാതായ വൈക്കം പോളശേരി സ്വദേശിയായ വിമുക്ത ഭടനെ സംബന്ധിച്ചും സംശയങ്ങളുയരുന്നതിനാൽ ബന്ധുക്കളുടെ രക്തസാന്പിളുകളും പോലിസ് ശേഖരിച്ചിരുന്നു.ഇതിൽ വിമുക്ത ഭടനുമായി മൃതേദേഹാവശിഷ്ടങ്ങൾക്ക് ഉയരത്തിലൊഴികെ ചില സാമ്യങ്ങളുണ്ടെന്ന് പോലിസ് പറഞ്ഞു.
വിമുക്ത ഭടന്റെ കാലിലെ ഒടിവു ശസ്ത്രക്രിയ നടത്തി പരിഹരിച്ചിരുന്നു. മൃതദേഹാവശിഷ്ടത്തിലും ഇത്തരത്തിൽ അസ്ഥി ശസ്ത്രക്രിയയിലൂടെ കൂട്ടി ചേർത്തതായി കണ്ടെത്തിയിരുന്നു.മദ്യപിച്ചു അടിപിടിയുണ്ടാക്കി നടന്നിരുന്ന വിമുക്തഭടൻ ഏതെങ്കിലും സംഘർഷത്തിൽ കൊല ചെയ്യപ്പെട്ട് കുഴിച്ചുമൂടപെട്ടതാണോ എന്ന സാധ്യതയും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
കാണാതാകുന്നതിനു മുന്പ് വിമുക്തഭടൻ ചേർത്തല പൂച്ചാക്കലിലെ ഭാര്യ വിട്ടീലായിരുന്നു താമസം.കുറച്ചുകാലം മാതാപിതാക്കൾക്കൊപ്പം ചെമ്മനത്തുകരയിൽ ഇയാൾ വാടക വീട്ടിൽ താമസിച്ചിരുന്നതായി പോലിസിനു വിവരം ലഭിച്ചിരുന്നു.
പൂച്ചാക്കലിൽ കഴിയുന്നതിനിടയിൽ ഇയാൾ ചെമ്മനത്തുകരയിലെ സുഹൃത്തുകളെ കാണാനോ മറ്റോ എത്തി സംഘർഷത്തിൽപ്പെട്ടതാണോ എന്ന സംശയം ബലപ്പെടുകയാണ്.മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവത്തിലെ ചുരുളഴിക്കാൻ പോലീസ് സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം ഉൗർജിതമാക്കിയത്.
വൈക്കം ഡിവൈഎസ്പി എ.ജെ. തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നു വരുന്നത്. തിരുവനന്തപുരത്തെ ഫോറൻസിക്ക് ലാബിൽ രാസ പരിശോധനയക്കായി മൃതദേഹാവശിഷ്ടങ്ങൾ ഇന്നലെ കൊണ്ടുപോയി.കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റുമോർട്ടം ചെയ്തതിന്റെ ഫോറൻസിക് റിപ്പോർട്ടുകൂടി ഇതിനൊപ്പം ഫോറൻസിക് ലാബ് അധികൃതർക്കു കൈമാറി.
അന്വേഷണം പത്തു വർഷം മുന്പു കാണാതായ ടിവി പുരം സ്വദേശിയായ ഗൃഹനാഥനിലേക്കും നീളുന്നു.നാട്ടിൽ ചില അടിപിടി കേസുകളിൽ ബന്ധമുണ്ടായിരുന്ന യുവാവിനെ പിന്നീട് പൊടുന്നനെ കാണാതാകുകയായിരുന്നു. ഇയാളുടെ ബന്ധുക്കളിൽനിന്നു പോലിസ് വിവരങ്ങൾ തേടി.
2017 ഏപ്രിൽ ആറിന് ഒരു ഹർത്താൽ ദിനത്തിൽ വൈകുന്നേരം ഏഴോടെ ഭക്ഷണം വാങ്ങാനായി വീടിനടുത്തുള്ള തട്ടുകടയിലേക്ക് കാറിൽ പോയതാണ് കോട്ടയം താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37)എന്നിവർ.ഇവരെ കാണാതായി വർഷങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ഒരു സൂചനയുമില്ല. ഇപ്പോഴും വീട്ടുകാരും ബന്ധുക്കളും ഇവർക്കായി കാത്തിരിക്കുകയാണ്.
ലോക്കൽ പൊലീസ് അന്വേഷണം ആരംഭിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. നാടുമുഴുവൻ അരിച്ചുപെറുക്കിയിട്ടും കാർ അടക്കം ദന്പതിമാരെക്കുറിച്ച് ഒരു സൂചനയുമില്ല.ആരെങ്കിലും അവരെ അപായപ്പെടുത്തിയേക്കാം എന്ന സാധ്യത പോലീസ് ആദ്യം മുതൽ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇവർക്ക് ശത്രുക്കൾ ആരുമില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്.
തട്ടുകടയിലേക്കെന്നു പറഞ്ഞു കാറുമായി പുറത്തേക്ക് പോയപ്പോൾ പഴ്സ്, എടിഎം കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, മൊബൈൽ ഫോണ് എന്നിവയൊന്നും ഇവർ എടുത്തിരുന്നില്ല.രാത്രി വൈകിയും ഇവരെ കണാതായതോടെയാണ് ഹാഷിമിന്റെ ബാപ്പ അന്വേഷിച്ചിറങ്ങിയത്. സുഹൃത്തുക്കൾ, ബന്ധുവീടുകൾ അടക്കം പരിചയക്കാരുടെ മേഖലകളിൽ അന്വേഷിച്ചെങ്കിലും ഒരു തുന്പും ലഭിച്ചില്ല.
പിറ്റേന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെത്തി പരാതി നൽകി. ഹാഷിമിന്റെ ഫോർ രജിസ്ട്രേഷൻ ഗ്രേ കളർ വാഗണ്ആർ കാർ ഇല്ലിക്കൽ പാലം കടന്ന് വലത്തോട്ട് പോയതായി സിസി ടിവി ദൃശ്യത്തിൽ കണ്ടെത്തി.ആറ്റിൽ പതിച്ചതാവാം എന്ന നിഗമനത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാർ ആക്ഷൻ കൗണ്സിൽ രൂപീകരിച്ച് സമര രംഗത്തെത്തിയതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.
അവരുടെ അന്വേഷണത്തിൽ കാണാതായതിന്റെ തലേദിവസം ഹാഷിം പീരുമേട്ടിലെത്തിയതായി വിവരം ലഭിച്ചു.ഹാഷിം എന്തിന് പീരുമേട്ടിൽ പോയി എന്നായി പിന്നെയുള്ള അന്വേഷണം. അന്നു പുറത്തുപോയതു സംബന്ധിച്ചു ഹാഷിമിനോട് ചോദിച്ചപ്പോൾ കോട്ടയം ടൗണിൽ ഉണ്ടായിരുന്നുവെന്നാണ് മറുപടി പറഞ്ഞതെന്നു വീട്ടുകാർ പറയുന്നു.
പിന്നീട് പീരുമേട് കേന്ദ്രമാക്കി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഹാഷിമും ഭാര്യയും പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന വിവരവും ഇതിനിടെ ക്രൈംബ്രാഞ്ചിന് ലഭിച്ചു.ഹബീബ വിഷാദ രോഗത്തിന് ചികിത്സ തേടിയതായും കണ്ടെത്തി. ഇതിനിടയിൽ ഹാഷിമിനേയും ഭാര്യ ഹബീബയേയും അജ്മീർ ദർഗയിൽ കണ്ടെന്നുള്ള കോട്ടയം സ്വദേശിയുടെ മൊഴിയെ തുടർന്നു ക്രൈംബ്രാഞ്ച് സംഘം അവിടെ ഒരാഴ്ചയോളം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുൾ ഖാദർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Leave a Reply