മലയാളിയായ സിറിയക് ജോസഫ് എന്ന ബെന്നിയുടെയും ഏഴ് ഇന്ത്യക്കാരുടെയും മരണത്തിന് കാരണമായ എംവണ്‍ മിനിബസ് ദുരന്തത്തില്‍ അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവറെ അപകടകരമായ ഡ്രൈവിംഗ് കുറ്റത്തില്‍ നിന്ന് ഒഴിവാക്കി. ബെന്നിയുടെ ബസില്‍ ഇടിച്ചു കയറിയ ഫെഡ്എക്‌സ് ലോറിയുടെ ഡ്രൈവര്‍ ഡേവിഡ് വാഗ്‌സ്റ്റാഫിനെതിരായി ചുമത്തിയിരുന്ന കുറ്റമാണ് ഒഴിവാക്കിയത്. എന്നാല്‍ അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് കാരണമായെന്ന കുറ്റം നിലനില്‍ക്കും. എട്ട് കൗണ്ടുകളാണ് ഇതില്‍ ചുമത്തിയിരിക്കുന്നത്. അപകടമുണ്ടാകുന്ന സമയത്ത് ഇയാള്‍ ലോറി ക്രൂസ് കണ്‍ട്രോളില്‍ ഓടിച്ചുകൊണ്ട് ഹാന്‍ഡ്‌സ് ഫ്രീ കോളിലായിരുന്നുവെന്ന് കണ്ടെത്തി.
മോട്ടോര്‍വേയില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ലോറിയും അപകടത്തിന് കാരണമായിരുന്നു. മദ്യലഹരിയിലായിരുന്ന ഇതിന്റെ പോളിഷ് വംശജനായ ഡ്രൈവര്‍ റൈസാര്‍ഡ് മാസീറാക്കിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. ത്രീ ലെയിന്‍ മോട്ടോര്‍വേയില്‍ ഇയാളുടെ ലോറിക്ക് പിന്നില്‍ എത്തിയ ബസ് ഹസാര്‍ഡ് സിഗ്നല്‍ ഇട്ടുകൊണ്ട് കടന്നു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പിന്നില്‍ നിന്ന് വാഗ്‌സ്റ്റാഫിന്റെ ലോറി ഇടിച്ചു കയറിയത്. അപകടത്തില്‍ ബസ് മാസീറാക്കിന്റെ ലോറിക്കടിയിലേക്ക് ഇടിച്ചു കയറ്റപ്പെട്ടു. ബസിലുണ്ടായിരുന്ന 12 പേരില്‍ എട്ട് പേര്‍ മരിച്ചു. 12 എച്ച്ജിവി ഡ്രൈവറായി ജോലി ചെയ്യുന്ന വാഗ്‌സ്റ്റാഫിന്റെ ജീവിതത്തിലെ ആദ്യത്തെ ഏറ്റവും വലിയ അപകടമായിരുന്നു ഇത്. അപകടത്തിനു ശേഷം പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറിന് ഇയാള്‍ ചികിത്സയിലാണ്.
മാസീറാക്കിനെതിരെ അപകടകരമായി വാഹനമോടിച്ച് മരണത്തിന് കാരണമായതിന് എട്ട് കൗണ്ടുകളും അപകടകരമായ ഡ്രൈവിംഗിലൂടെ ജനങ്ങള്‍ക്ക് ഗുരുതരമായ പരിക്കേറ്റതിന് നാല് കൗണ്ടുകളും ചുമത്തിയിട്ടുണ്ട്. വിചാരണയിലുടനീളം ഇയാള്‍ കള്ളം പറയുകയായിരുന്നുവെന്ന് ബെന്നിയുടെ ബന്ധുവായ മാത്യു ജോണ്‍ പറഞ്ഞു. മാസീറാക്കിന് കുറ്റബോധമില്ലായിരുന്നു. ശ്രദ്ധാലുവായ ഡ്രൈവര്‍ എന്നാണ് അയാള്‍ സ്വയം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇയാള്‍ ലെയിന്‍ തെറ്റിച്ചതിനും റെഡ് സിഗ്നല്‍ തെറ്റിച്ചതിനു ടിക്കറ്റ് ലഭിച്ച വിവരം വിചാരണക്കിടയില്‍ കോടതിക്ക് ബോധ്യപ്പെട്ടു. അപകട സമയത്ത് മദ്യപിച്ചിരുന്നെങ്കിലും അതായിരുന്നില്ല അപകടത്തിന് കാരണമെന്നാണ് ഇയാള്‍ പറഞ്ഞതെന്നും മാത്യു വ്യക്തമാക്കി.
ക്ഷീണം തോന്നുകയും വിയര്‍ക്കുകയും തലവേദന അനുഭവപ്പെടുകയും ചെയ്തതോടെയാണ് താന്‍ മോട്ടോര്‍വേയില്‍ വാഹനം നിര്‍ത്തിയിട്ടതെന്നാണ് മാസീറാക്ക് പറഞ്ഞത്. ഇക്കാര്യം മുമ്പ് പോലീസിനോട് പറഞ്ഞിരുന്നുമില്ല. ഇയാള്‍ ഡ്രൈവിംഗ് സീറ്റിനും പാസഞ്ചര്‍ സീറ്റിനുമിടയില്‍ ഇരിക്കുന്നത് കണ്ടതായി ഒരു ടാക്‌സി ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായും ഈ ടാക്‌സി ഡ്രൈവറാണ് പോലീസിനെ അറിയിച്ചത്. തിരക്കേറിയ മോട്ടോര്‍വേയില്‍ 12 മിനിറ്റോളം ഇയാള്‍ ലോറി നിര്‍ത്തിയിട്ടിരുന്നു.
ഓഗസ്റ്റ് 25നായിരുന്നു എംവണ്‍ മോട്ടോര്‍വേയില്‍ അപകടമുണ്ടായത്. നാല് വയസുള്ള പെണ്‍കുട്ടിയുള്‍പ്പെടെ നാല് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കുറ്റവിമുക്തനാക്കപ്പെട്ടതിനെത്തുടര്‍ന്ന് വാഗ്സ്റ്റാഫിന് ജാമ്യം നല്‍കി. നോട്ടിംഗ്ഹാം മലയാളിയായ ബെന്നി തന്റെ ഉടമസ്ഥതയിലുള്ള എബിസി ട്രാവല്‍സിന്റെ കോച്ചില്‍ പാരീസിലെ ഡിസ്‌നി ലാന്‍ഡിലേക്ക് പോകാനുള്ള യാത്രക്കാരെ ലണ്ടനിലെത്തിക്കാന്‍ പോകുകയായിരുന്നു. പുലര്‍ച്ചെ 3 മണിയോടെയാണ് ദുരന്തമുണ്ടായത്. നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റും സജീവ പ്രവര്‍ത്തകനുമായിരുന്നു. ബെന്നിയുടെ ഭാര്യ ആന്‍സിയും ബന്ധുക്കളും വിചാരണ നടപടികളില്‍ സന്നിഹിതിരായിരുന്നു. മാര്‍ച്ച് 23ന് എയില്‍സ്ബറി ക്രൗണ്‍ കോടതി കേസില്‍ വിധി പറയും.
Leave a Reply