നോട്ടിംഗ്ഹാമില്‍ മലയാളിയായ സിറിയക് ജോസഫിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ശിക്ഷ പ്രഖ്യാപിച്ചു. എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ എം വണ്‍ മിനി ബസ് ദുരന്തത്തിന് കാരണക്കാരായ ഡ്രൈവര്‍മാര്‍ക്ക് 17 വര്‍ഷം തടവാണ് ശിക്ഷയായി ലഭിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റൈസാര്‍ഡ് മാസീറാക്ക് എന്ന പോളണ്ട് വംശജനായ ഡ്രൈവര്‍ക്ക് 14 വര്‍ഷം തടവും മിനിബസിന് പിന്നില്‍ വന്നിടിച്ച ഫെഡ്എക്‌സ് ലോറിയുടെ ഡ്രൈവര്‍ ഡേവിഡ് വാഗ്‌സ്റ്റാഫിന് മൂന്ന് വര്‍ഷവും നാല് മാസവും തടവുമാണ് വിധിച്ചത്. എയില്‍സ്ബറി ക്രൗണ്‍ കോടതിയാണ് ഇവര്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്.
എം വണില്‍ നിര്‍ത്തിയിട്ടിരുന്ന മാസീറാക്കിന്റെ വാഹനത്തെ കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെ വാഗ്സ്റ്റാഫിന്റെ ലോറി മിനിബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ലോറികളുടെയും ഇടയില്‍ മിനിബസ് ഞെരിഞ്ഞമര്‍ന്നു. മാസീറാക്ക് മദ്യലഹരിയിലായിരുന്നെന്ന് പിന്നീട് സ്ഥിരീകരിച്ചു. വാഗ്സ്റ്റാഫ് തന്റെ വാഹനം ക്രൂസ് കണ്‍ട്രോളിലായിരുന്നു ഓടിച്ചിരുന്നത്. ഇയാള്‍ ഹാന്‍ഡ്‌സ്ഫ്രീയില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും വ്യക്തമായി. ഇടിക്കുന്നതിനു തൊട്ടുമുമ്പായി തനിക്കു മുന്നിലുള്ള വാഹനങ്ങള്‍ വാഗ്സ്റ്റാഫ് കണ്ടെങ്കിലും ബ്രേക്ക് ചെയ്യാനോ വാഹനം തിരിക്കാനോ ഇയാള്‍ ശ്രമിച്ചില്ലെന്നും വ്യക്തമായിരുന്നു.
മോട്ടോര്‍വേയില്‍ നിര്‍ത്തിയിട്ടിരുന്ന മാസീറാക്കിന്റെ വാഹനമാണ് അപകടത്തിന് കാരണമായത്. ഇയാള്‍ അപകടത്തിനു മുമ്പായി രണ്ടു മണക്കൂറോളം അശ്രദ്ധമായി വാഹനമോടിച്ചിരുന്നുവെന്ന് കോടതി കണ്ടെത്തി. സൈഡര്‍ ക്യാനുകള്‍ വാഹനത്തിന്റെ ക്യാബിനില്‍ നിന്ന് കണ്ടെത്തിയത് ഇയാള്‍ ഡ്രൈവിംഗിനിടയില്‍ മദ്യപിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നുവെന്ന് കോടതി പറഞ്ഞു. പല തവണ പിടിക്കപ്പെട്ടിരുന്നതിനാല്‍ ഇയാളുടെ പ്രൊഫഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയിരുന്നു. അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് കാരണമായതിന് എട്ട് കൗണ്ടുകളിലും അശ്രദ്ധമായ ഡ്രൈവിംഗിന് നാല് കൗണ്ടുകളിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. അശ്രദ്ധമായ ഡ്രൈവിംഗിലൂടെ മരണത്തിന് കാരണമായതില്‍ എട്ട് കൗണ്ടുകള്‍ ചുമത്തിയിരുന്നെങ്കിലും വാഗ്സ്റ്റാഫിനെ പിന്നീട് ഇതില്‍ നിന്ന് കുറ്റവിമുക്തനാക്കിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 26ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. ആറ് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. 26 വര്‍ഷങ്ങള്‍ക്കിടയിലുണ്ടാകുന്ന ഏറ്റവും ഭയാനകമായ അപകടമാണ് ഇതെന്ന് ജഡ്ജ് ഫ്രാന്‍സിസ് ഷെറിഡന്‍ പറഞ്ഞു. ഇതുപോലൊരു അപകടം ഇനി ഉണ്ടാകാതിരിക്കട്ടെയെന്നായിരുന്നു സിറിയക് ജോസഫിന്റെ കുടുംബം പ്രതികരിച്ചത്. ഇത്തരം അപകടങ്ങള്‍ പ്രതിരോധിക്കാന്‍ നടപടികളുണ്ടാകണം. ക്യാബിനുകള്‍ നിരീക്ഷിക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സുഹൃത്തുക്കളും ബന്ധുക്കളും ആവശ്യപ്പെട്ടു.
Leave a Reply