‘എന്റെ മൂന്നു മക്കൾക്കും ഞാൻ വിഷം നൽകിക്കഴിഞ്ഞു. ഉടൻ ഞാനും അതു കഴിക്കും. ദയവായി വില്ലുപുരം ജില്ലയിൽ മൂന്നക്ക ലോട്ടറി കർശനമായി തടയുക. എന്നെപ്പോലെയുള്ള ഒരുപാട് മനുഷ്യരെ രക്ഷിക്കാനാകും. ഇനി ഞാൻ ആരെയും ശല്യപ്പെടുത്താൻ വരില്ല. എന്നെന്നേയ്ക്കുമായി എല്ലാവരോടും യാത്ര പറയുന്നു’–വീഡിയോയിലെ അരുണിന്റെ വാക്കുകൾ
മൂന്നക്ക ഓണ്‍ലൈന്‍ ലോട്ടറി ഒരു കുടുംബത്തെയാകെ ഇല്ലാതാക്കി. തമിഴ്നാട് വില്ലുപുരത്താണ് യുവാവ് ഭാര്യയെയും മൂന്നു പെണ്‍കുട്ടികളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ ലോട്ടറിയില്‍ ലക്ഷങ്ങള്‍ നഷ്ടമായി വീടു വില്‍ക്കേണ്ടി വന്നതിനു തൊട്ടുപിറകെയായിരുന്നു നടുക്കുന്ന ക്രൂരത.
തടിയനങ്ങാതെ പണമുണ്ടാക്കാന്‍ ഒറ്റനമ്പര്‍ ലോട്ടറി അടക്കമുള്ള കുറുക്കുവഴികളില്‍ ഭാഗ്യം തേടുന്നവര്‍ വില്ലുപുരത്തു നിന്നുള്ള ഈ കാഴ്ചകള്‍ മനസിരുത്തി കാണണം. ഭാഗ്യം പടികടന്നെത്തുമെന്ന വിശ്വാസത്തില്‍ ലക്ഷങ്ങള്‍ ഓണ്‍ലൈന്‍ ലോട്ടറിയില്‍ മുടക്കിയപ്പോള്‍ ഇല്ലാതായത് അഞ്ചംഗ കുടുംബം. വില്ലുപുരം സീതേരിക്കരിയെന്ന ഗ്രാമം ഉണര്‍ന്നത് തന്നെ നടക്കുന്ന വാര്‍ത്തയുമായാണ്. സ്വന്തം അദ്ധ്വാനം കൊണ്ടു വീടുണ്ടാക്കി നാട്ടുകാരുടെയെല്ലാം പ്രശംസാപാത്രമായിരുന്ന യുവാവായിരുന്നു അരുണ്‍കുമാറെന്ന സ്വര്‍ണപണിക്കാരന്‍.
ഇടയ്ക്ക് പണി കുറഞ്ഞു. പണമുണ്ടാക്കാനായി അരുണ്‍ പിന്നെ കണ്ടെത്തിയത് മൂന്നക്ക ഓണ്‍ലൈന്‍ ലോട്ടറിയായിരുന്നു. തുടക്കത്തില്‍ ചെറിയ സംഖ്യകള്‍ കിട്ടിയതോടെ മുപ്പത്തിമൂന്ന് വയസിനുള്ളില്‍ ഉണ്ടാക്കിയതെല്ലാം ലോട്ടറിയില്‍ തുലച്ചു. അവസാനം സ്വന്തം വീടു വിറ്റ് കടം വീട്ടി. വാടക വീട്ടിലേക്കു മാറിയതിനു പിന്നാലെ സ്വര്‍ണപണിക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഒരു വിഡിയോയിട്ടു.
വിഡിയോ കണ്ടു വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഭാര്യ ശിവകാമി, അഞ്ചുവയസുള്ള മകള്‍ പ്രിയദര്‍ശിനി, മുന്നുവയസുകാരി യുവശ്രീ, അഞ്ചുമാസം പ്രായമുള്ള ഭാരതി എന്നിവരെയാണ് ജ്യൂസില്‍ സയനൈഡ് ചേര്‍ത്ത് നല്‍കി അരുണ്‍ കൊലപ്പെടുത്തിയത്. നാലുപേരും മരിച്ചെന്നുറപ്പാക്കിയതിനു ശേഷം അരുണ്‍ സയനൈഡ് ചേര്‍ത്ത മദ്യം കഴിച്ചു സ്വയം മരണം തിരഞ്ഞെടുത്തു. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ നിയമ വിരുദ്ധ ഓണ്‍ലൈന്‍ ലോട്ടറി നടത്തിപ്പിനെ കുറിച്ചു അന്വേഷിക്കാന്‍ തമിഴ്നാട് നിയമമന്ത്രി സി.വി.ഷണ്‍മുഖം ഉത്തരവിട്ടു.
Leave a Reply