കൊല്ലം: പ്രണയം ഒരുപാട് നിറങ്ങൾ കാണിച്ചിട്ടുള്ളതാണ്. പ്രണയം അവസാനിക്കുന്നത് പലവിധത്തിലാകാം.. ശുഭ വാർത്തയല്ല എങ്കിൽ പ്രണയം അത്ര നല്ല സുഖമുള്ള കാര്യമല്ല പ്രണയിതാക്കൾളെ സംബന്ധിച്ചിടത്തോളം. ഇതാ അത്തരത്തിൽ ഒരു പ്രണയകഥ.  വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍, തന്നെ തള്ളിപ്പറഞ്ഞതിന് കാമുകിയെ വെട്ടിവീഴ്ത്തി യുവാവിന്റെ പ്രതികാരം. തന്നെ തള്ളിപ്പറഞ്ഞ ശേഷം മറ്റൊരു വിവാഹത്തിന് തയ്യാറായ യുവതിയെ മുറച്ചെറുക്കനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ കാമുകന്‍ വെട്ടിവീഴ്ത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വെട്ടേറ്റ യുവതി സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. കാമുകനായ പൂവറ്റൂരിലെ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പൂവറ്റൂര്‍ പടിഞ്ഞാറ് കച്ചേരിമുക്ക് സ്വദേശി രതീഷിനെ (28) തിരെയാണ് പുത്തൂര്‍ പൊലീസ് കേസെടുത്തത്.

പ്രവാസ ജീവിതം മതിയാക്കി കാമുകന്‍ ഒടുവില്‍ തിരികെയെത്തിയപ്പോള്‍ വിവാഹം കഴിക്കാന്‍ സാധ്യമല്ലെന്ന് കാമുകി പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു. ഇതോടെ മാനസികമായി തകര്‍ന്ന കാമുകന്‍ പെണ്‍കുട്ടി മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നു എന്നറിഞ്ഞതോടെ പ്രതികാരത്തിന് കോപ്പുകൂട്ടുകയായിരുന്നുവെന്നും അങ്ങനെയാണ് ഇന്നലെ ആക്രമണം നടന്നതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: വെണ്ടാര്‍ സ്വദേശിനിയായ യുവതിയും കുടുംബവും രതീഷിന്റെ വീടിന്റെ സമീപ പ്രദേശത്ത് താമസത്തിന് എത്തിയത് ആറുവര്‍ഷം മുൻപാണ്. ഇതിനിടയിലാണ് യുവതിയും രതീഷും  പ്രണയ ബന്ധത്തിലാകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാട്ടില്‍ കൂലിപ്പണിക്ക് പോയിരുന്ന രതീഷ് വിവാഹം കഴിക്കാനായാണ് ഗള്‍ഫില്‍ ജോലി തേടി പോയത്. അവധിക്ക് നാട്ടില്‍ വരുമ്‌ബോള്‍ ഇരുവരുടേയും വീട്ടുകാരുടെ സമ്മതത്തോടെ ചുറ്റിക്കറങ്ങുകയും പതിവായിരുന്നു. ഇത്തവണ അവധിക്ക് എത്തിയപ്പോള്‍ ഇനി തിരിച്ചു പോകുന്നില്ലെന്നും നിന്നെ കാണാതിരിക്കാന്‍ കഴിയുന്നില്ലെന്നും യുവതിയോട് പറഞ്ഞിരുന്നു. തിരികെ വിദേശത്തേക്ക് പോകാതെ നാട്ടില്‍ കഴിയവെ സുഹൃത്തുക്കളുമായി മദ്യപാനം തുടങ്ങിയതോടെ യുവതിയുടെ ബന്ധുക്കൾക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. ഇതോടെ യുവതിയുടെ വീട്ടുകാര്‍ക്ക് ഇവരുടെ ബന്ധത്തില്‍ എതിര്‍പ്പായി. അങ്ങനെ യുവതിയെ അകലെയുള്ള ബന്ധുവീട്ടിലേക്ക് വീട്ടുകാര്‍ മാറ്റുകയും ചെയ്തു.

യുവാവ് കാമുകിയെ കാണാതായതോടെ വീട്ടിലെത്തി വഴക്കിട്ടു. ഒടുവില്‍ യുവതിയുടെ മാതാപിതാക്കള്‍ രതീഷുമായുള്ള വിവാഹത്തിന് താൽപ്പര്യമില്ല എന്ന് വ്യക്തമാക്കുകയും ചെയ്‌തു. യുവതിയെ വിവാഹം കഴിപ്പിച്ചു നല്‍കിയില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നു രതീഷ് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. ഇതിനിടയിലാണ് ഇന്നലെ രാത്രി മുറച്ചെറുക്കനൊപ്പം ബന്ധുവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് വരുന്ന വഴി യുവതിയെ രതീഷ് വെട്ടിവീഴ്ത്തിയത്. ബൈക്കില്‍ വരികയായിരുന്ന യുവതിയുടെ തുടയിലാണ് വെട്ടു കൊണ്ടത്. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ രതീഷ് സ്ഥലം വിട്ടു. തുടയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോയ രതീഷിനായി പുത്തൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.