ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ പ്രൈമറി സ്കൂളുകളിൽ വിദ്യാർത്ഥി പ്രവേശനം കുറയുന്നതോടെ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 800 സ്കൂളുകൾ വരെ അടച്ചുപൂട്ടേണ്ടി വരുമെന്ന് എജുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (EPI മുന്നറിയിപ്പ് നൽകി . ജനനനിരക്ക് കുറഞ്ഞത് മാത്രമല്ല ലണ്ടനിൽ നിന്ന് കുടുംബങ്ങൾ മറ്റ് സ്ഥലങ്ങളിലേയ്ക്ക് കുടിയേറുന്നതും കുട്ടികളെ സ്വകാര്യ സ്കൂളുകളിലേക്കോ വിദേശത്തേക്കോ മാറ്റുന്നതുമാണ് പ്രവേശനം കുറയാൻ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് .
2018-19 അക്കാദമിക് വർഷത്തിൽ 4.5 ദശലക്ഷം വിദ്യാർത്ഥികളാണ് പ്രൈമറി തലത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അത് 2% ആയി കുറഞ്ഞു. 2029 ഓടെ ഇത് 4.24 ദശലക്ഷമായി ഇടിയുമെന്നാണ് കണക്കാക്കപ്പെടുന്നത് . ഇത് 1.62 ലക്ഷം കുട്ടികളുടെ കുറവിനും ഏകദേശം 800 സ്കൂളുകളുടെ അടച്ചുപൂട്ടലിനും കാരണമാകും . പ്രവേശനം കുറഞ്ഞ സ്കൂളുകൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരും. ഇത് കാരണം നിരവധി കൗൺസിലുകൾക്ക് സ്കൂളുകൾ നടത്താൻ പ്രയാസമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
ലണ്ടനിലുള്ള സ്കൂളുകളാണ് ഏറ്റവും കൂടുതൽ പതിസന്ധി നേരിടുന്നത് . ഐസ്ലിംഗ്ടൺ, ലാംബത്ത്, സൗത്ത്വർക്കുൾപ്പെടെ ഒമ്പത് ലോക്കൽ അതോറിറ്റികളിൽ വലിയ തോതിൽ വിദ്യാർത്ഥി പ്രവേശനം കുറഞ്ഞതായി ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട് . ബ്രെക്സിറ്റിനു ശേഷമുള്ള കുടിയേറ്റവും കോവിഡിന് ശേഷമുള്ള സാഹചര്യങ്ങളും ചില കുട്ടികൾക്ക് സംസ്ഥാന വിദ്യാഭ്യാസ സംവിധാനങ്ങൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. സ്കൂളുകൾ അടച്ചുപൂട്ടുന്നതിനു പകരം കൂടുതൽ സാമ്പത്തിക സഹായം നൽകാൻ സർക്കാർ ഇടപെടണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു.
Leave a Reply