ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത അവലോകന യോഗത്തിൽ പലിശ നിരക്കുകൾ കുറയ്ക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സാധനങ്ങളുടെ വിലയിൽ മൂന്നു വർഷത്തിലേറെയായി ഉണ്ടായിരിക്കുന്ന കുറവാണ് ഇതിന് കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യത്തിൻ്റെ കണക്കുകൾ പ്രകാരം 2023 ഒക്ടോബർ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഈ മാസം ഭക്ഷ്യ ഉത്പന്ന വിലയിൽ 0.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഭക്ഷേതര ഉത്പന്നങ്ങളുടെ വില ഒരു വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് 2. 1 ശതമാനം ആണ് കുറഞ്ഞത്. വിലകൾ കുറഞ്ഞെങ്കിലും ആളുകൾ സാധനങ്ങൾ മേടിക്കുന്നതിൽ സാരമായ കുറവുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. ബഡ്ജറ്റിന് മുന്നോടിയായി ഉപഭോക്താക്കൾ തങ്ങളുടെ ചെലവുകൾ നിയന്ത്രിക്കുന്നത് ആണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കുന്നത്.
പണപ്പെരുപ്പ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത പലിശ നിരക്ക് 5 ശതമാനത്തിൽ നിന്ന് 4.75 ശതമാനമായി കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്. നിലവിൽ പണപ്പെരുപ്പ നിരക്ക് പ്രഖ്യാപിത ലക്ഷ്യത്തിൽ എത്തി എന്നാണ് കണക്കുകൾ കാണിക്കുന്നത്. പണപ്പെരുപ്പം ഓഗസ്റ്റിലെ 2.2 % നിന്ന് സെപ്റ്റംബറിൽ 1.7% ആയി കുറഞ്ഞിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം പലിശ നിരക്ക് കുറയ്ക്കുന്നതിന് ഇത് അനുകൂല ഘടകമാണ്. എന്നിരുന്നാലും നാളെ അവതരിപ്പിക്കുന്ന ബഡ്ജറ്റ് മൂലം വിപണിയിൽ ഉണ്ടാകുന്ന ചലനങ്ങൾ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനത്തെ സ്വാധീനിക്കുമോ എന്നതാണ് സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്ന പ്രധാന ഘടകം . നികുതികളും മറ്റുള്ള പ്രഖ്യാപനങ്ങൾ മൂലം വിലകൾ കുതിച്ചുയരുകയാണെങ്കിൽ പലിശ നിരക്കുകൾ കുറയ്ക്കുന്നതിന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മടി കാണിക്കും എന്ന അഭിപ്രായവും കുറവല്ല.
Leave a Reply