ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഉത്തർപ്രദേശിലെ ലക്നോയിൽ 2,000 കോടി ചെലവിൽ ലുലു മാൾ നിർമിക്കുന്നു. 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ നിർമിക്കുന്ന ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ അയ്യായിരത്തിലേറെ പേർക്ക് തൊഴിൽ നല്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി പറഞ്ഞു. ലക്നോവിൽ നടന്ന യുപി ഇൻവെസ്റ്റേഴ്സ് മീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് എം.എ. യൂസഫലി പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനം നടത്തിയത്.
ഇരുന്നൂറിലധികം ദേശീയ-രാജ്യാന്തര ബ്രാൻഡുകളും 11 സ്ക്രീനുകളുള്ള മൾട്ടിപ്ലെക്സും 2,500 സീറ്റുകളുള്ള ഫുഡ് കോർട്ടും ഇരുപതിലധികം ഡൈനിംഗ് റസ്റ്ററന്റുകളുമുള്ളതായിരിക്കും മാൾ.
ലക്നോ ലുലു മാളിന്റെ ഒരു മിനിയേച്ചർ മോഡൽ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ എം.എ. യൂസഫലി അനാച്ഛാദനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഗവർണർ രാം നായിക്, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ വിദേശ പ്രതിനിധികൾ തടങ്ങിയവർ പങ്കെടുത്തു.
Leave a Reply