അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ പണിയുന്നതിനായി വിശാഖപട്ടണത്ത് ഭൂമി അനുവദിച്ചത് സർക്കാർ റദ്ദാക്കിയതിനെ തുടർന്ന് ഇനി ഒരിക്കലും സംസ്ഥാനത്ത് നിക്ഷേപം നടത്തില്ലെന്ന് യുഎഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ചൊവ്വാഴ്ച ആന്ധ്രയിൽ വൈ എസ് ആർ കോൺഗ്രസ് പാർട്ടി സർക്കാരിനെ അറിയിച്ചു.

കഴിഞ്ഞ തെലുങ്ക് ദേശം പാർട്ടി സർക്കാർ സുതാര്യമായ രീതിയിൽ വിശാഖപട്ടണത്ത് ഭൂമി അനുവദിച്ചെങ്കിലും, ഭൂമി അനുവദിക്കൽ റദ്ദാക്കാനുള്ള പുതിയ സർക്കാരിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും ഇനി ഒരിക്കലും ആന്ധ്രയിൽ നിക്ഷേപം നടത്തില്ലെന്നും ലുലു ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.

“ഞങ്ങൾ വളരെ സുതാര്യമായ ലേല പ്രക്രിയയിൽ പങ്കെടുക്കുകയും ഈ പദ്ധതിക്കായി പാട്ടത്തിന് ഭൂമി ലഭിക്കുകയും ചെയ്തു. അന്താരാഷ്ട്ര പ്രശസ്‌ത കൺസൾട്ടന്റുമാരെ നിയമിക്കുക, ലോകോത്തര ആർക്കിടെക്റ്റുകൾ പദ്ധതി രൂപകൽപ്പന ചെയ്യുക തുടങ്ങിയ പ്രാരംഭ പദ്ധതി വികസന കാര്യങ്ങള്‍ക്കായി ഞങ്ങൾ വലിയ ചെലവുകൾ നടത്തിയിട്ടുണ്ടെങ്കിലും, ഈ പദ്ധതിക്കായി ഭൂമി അനുവദിക്കുന്നത് റദ്ദാക്കാനുള്ള പുതിയ ആന്ധ്ര സർക്കാരിന്റെ തീരുമാനത്തെ ഞങ്ങൾ അംഗീകരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ, ആന്ധ്രാപ്രദേശിൽ പുതിയ പദ്ധതികളിലൊന്നും നിക്ഷേപം നടത്തേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു, ”ലുലു ഗ്രൂപ്പിന്റെ ഇന്ത്യ ഡയറക്ടർ ആനന്ദ് റാം പറഞ്ഞു.

ഗൾഫ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഞങ്ങളുടെ ഗ്രൂപ്പ് 2,200 കോടി രൂപ ആന്ധ്രാപ്രദേശിൽ നിക്ഷേപിക്കാൻ തീരുമാനിച്ചിരുന്നു, ഒരു അന്താരാഷ്ട്ര കൺവെൻഷൻ സെന്ററും ഷോപ്പിംഗ് മാളും ഒരു പഞ്ചനക്ഷത്ര ഹോട്ടൽ പ്രോജക്ടും നിർമ്മിച്ച് വിശാഖപട്ടണത്തെ ഒരു കൺവെൻഷൻ-ഷോപ്പിംഗ് ഹബ്ബാക്കി ആഗോള പ്രതിച്ഛായ നൽകുക എന്നതായിരുന്നു ഉദ്ദേശം. ഇതിനുപുറമെ, 7000- ത്തിലധികം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് നിർദ്ദിഷ്ട മിക്സ്-യൂസ് പ്രോജക്റ്റ് പ്രതീക്ഷിച്ചിരുന്നു, ” ഭൂമി അനുവദിക്കുന്നത് റദ്ദാക്കാനുള്ള പുതിയ സർക്കാരിന്റെ തീരുമാനം ഗ്രൂപ്പ് അംഗീകരിക്കുന്നതായി അറിയിച്ചു കൊണ്ട് ആനന്ദ് റാം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, ഉത്തർപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന പദ്ധതികളിലെ നിക്ഷേപം തീരുമാനിച്ച പ്രകാരം മുന്നോട്ട് പോകുമെന്ന് സ്ഥിരീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ”ആനന്ദ് റാം പറഞ്ഞു.

കഴിഞ്ഞ തെലുങ്ക് ദേശം പാർട്ടി ഭരണകൂടം വിശാഖപട്ടണത്തെ ലുലു ഗ്രൂപ്പിന് അനുവദിച്ച ഭൂമി ഒക്ടോബർ 30- ന് വൈഎസ്ആർ സിപി സർക്കാർ റദ്ദാക്കിയിരുന്നു. കടലിനഭിമുഖമായുള്ള ഹാർബർ പാർക്കിന് സമീപം ഒരു അന്താരാഷ്ട്ര ഷോപ്പിംഗ് മാളും കൺവെൻഷൻ സെന്ററും നിർമ്മിക്കാൻ ലുലു ഗ്രൂപ്പിന് നൽകിയ 13.83 ഏക്കർ തിരിച്ചുപിടിക്കാൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി തീരുമാനിക്കുകയായിരുന്നു. ലുലു ഗ്രൂപ്പുമായി ഒപ്പുവെച്ച കരാർ റദ്ദാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു. ടിഡിപി സർക്കാർ അനധികൃതമായി ഭൂമി അനുവദിച്ചതായി വാർത്താവിനിമയ പബ്ലിക് റിലേഷൻസ് മന്ത്രി പെർനി വെങ്കടരാമയ്യ പറഞ്ഞു. “മുൻ മുഖ്യമന്ത്രിക്ക് ലുലു ഗ്രൂപ്പുമായുള്ള അടുപ്പം കാരണം ടിഡിപി സർക്കാർ ആഗോള ടെൻഡറുകള്‍ ക്ഷണിച്ചില്ല. പകരം ലുലു ഗ്രൂപ്പിന് ഭൂമി നൽകി. കേന്ദ്ര-സംസ്ഥാന നിയമങ്ങൾക്ക് വിരുദ്ധമായി ലുലു ഗ്രൂപ്പിന് അനുകൂലമായി ഭൂമി അനുവദിച്ചു. വിപണി മൂല്യം വളരെ കൂടുതലുള്ളപ്പോൾ ഏക്കറിന് 4 ലക്ഷം രൂപക്ക് ഭൂമി നൽകി. ’’ പെർനി വെങ്കടരാമയ്യ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിൽ ആഡംബര ഹോട്ടൽ, എക്സിബിഷൻ ഹാളുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവയുൾപ്പെടെ 2,200 കോടി രൂപയുടെ പദ്ധതിക്ക് ഗ്രൂപ്പ് തറക്കല്ലിട്ടതായി അധികൃതർ അറിയിച്ചു.