ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലൂട്ടൻ എയർപോർട്ടിന്റെ വിപുലീകരണത്തിന് സർക്കാർ അംഗീകാരം നൽകി. ബെഡ്‌ഫോർഡ്‌ഷെയർ ആസ്ഥാനമായുള്ള വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം വിപുലീകരണ പദ്ധതികളിൽ ഉൾപ്പെടുന്നു. പുതിയ പദ്ധതികൾ നടപ്പിലാക്കിയതിനുശേഷം യാത്രക്കാരുടെ എണ്ണം നിലവിലുള്ളതിൽ നിന്നും ഇരട്ടിയായി 32 ദശലക്ഷം ആയി ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുകെയിലെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ വിമാനത്താവളമായിരുന്നു ലൂട്ടൺ. പ്രതിവർഷം 16.9 ദശലക്ഷം ആളുകൾ ആണ് 132,000 വിമാനങ്ങളിൽ ആയി ഇതുവഴി യാത്ര ചെയ്യുന്നത് . ഒരു പുതിയ ടെർമിനലിൻ്റെ നിർമ്മാണം വിപുലീകരണ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ഇത് കൂടാതെ പുതിയ ടാക്സി വേകൾ, നിലവിലുള്ള ടെർമിനലിൻ്റെ ശേഷി വർദ്ധിപ്പിക്കൽ എന്നിവയും ഉൾപ്പെടുന്നു. വിപുലീകരണ പദ്ധതിയോട് അനുബന്ധമായി 11,000 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിമാനത്താവള വികസനത്തിനെതിരെ വിമർശനവും ഉയർന്നു വരുന്നുണ്ട്. പ്രാദേശിക ജനങ്ങളുടെ ആശങ്കകൾ സർക്കാർ അവഗണിച്ചതായി കാമ്പെയ്ൻ ഗ്രൂപ്പായ ലഡാക്കൻ്റെ ആൻഡ്രൂ ലംബോൺ പറഞ്ഞു. 2030-ഓടെ നെറ്റ് സീറോയിൽ എത്താനുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധതയെ പരിഹസിക്കുന്നതാണ് ഈ വിപുലീകരണം എന്ന് റൂറൽ ചാരിറ്റി CPRE കൂട്ടിച്ചേർത്തു. സെൻട്രൽ ലണ്ടനിൽ നിന്ന് ഏകദേശം 35 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ലൂട്ടൺ, ചെലവ് കുറഞ്ഞ യാത്രകൾക്ക് പേരുകേട്ടതാണ്. യാത്രയ്ക്ക് മാത്രമല്ല യുകെയുടെ സമ്പത്ത് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും ഈ എയർപോർട്ടിന് നിർണ്ണായകമായ പങ്കുണ്ട് . നേരിട്ടും അല്ലാതെയും 27000 -ലധികം തൊഴിൽ അവസരങ്ങൾ ആണ് എയർപോർട്ടിനോട് അനുബന്ധിച്ച് സൃഷ്ടിക്കപ്പെടുന്നത്. ഓരോ വർഷവും യുകെ സമ്പദ്‌വ്യവസ്ഥയിലേയ്ക്ക് ഏകദേശം 1.8 ബില്യൺ പൗണ്ട് ആണ് ലൂട്ടൻ എയർ പോർട്ടിന്റെ സംഭാവന .
Leave a Reply