ന്യൂസ് ഡെസ്ക് മലയാളം യുകെ

ലൂട്ടൺ : ജോലിക്കാര്യത്തിനു വേണ്ടിയാണ് മൈക്ക് ഹാൾ ലൂട്ടണിൽ നിന്ന് നോർത്ത് വെയിൽസിലേക്ക് പോയത്. ഓഗസ്റ്റ് 20 ന് തന്റെ അയൽക്കാരിൽ നിന്നും ഫോൺകോൾ എത്തിയതിനെ തുടർന്ന് ലൂട്ടണിലെ വീട്ടിലെത്തിയ ഹാൾ ഞെട്ടിപ്പോയി. മറ്റൊരാൾ തന്റെ വീട്ടിൽ താമസമാക്കിയിരിക്കുന്നു. ആ വീടിന്റെ അവകാശം മൈക്ക് ഹാളിന് നഷ്ടമായി കഴിഞ്ഞിരുന്നു. തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് വീടിന്റെ വില്പന നടന്നിരിക്കുന്നതെന്ന് ഹാൾ വ്യക്തമാക്കി. പുതിയ ഉടമ വീട് സ്വന്തമാക്കിയതോടെ വീട്ടുപകരണങ്ങളും കർട്ടനുകളുമെല്ലാം മാറ്റിയിരുന്നു. തട്ടിപ്പല്ലെന്ന് ആദ്യം പറഞ്ഞെങ്കിലും പോലീസ് ഇപ്പോൾ അന്വേഷണം നടത്തുകയാണ്. ഹാളിന്റെ അറിവില്ലാതെയാണ് വീട് വിറ്റുപോയതെന്ന് വ്യക്തമായിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“അയൽവാസികളിൽ നിന്ന് വിവരമറിഞ്ഞാണ് ഞാൻ വീട്ടിലെത്തിയത്. താക്കോൽ ഉപയോഗിച്ച് മുൻവാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒരാൾ വന്നു വാതിൽ ഉള്ളിൽ നിന്ന് തുറന്നു തന്നു. വീട്ടിനുള്ളിൽ കയറിയപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.” ഹാൾ വെളിപ്പെടുത്തി. വീടിന്റെ അറ്റകുറ്റപണികൾ നടത്തിയ വ്യക്തിയാണ് പുതിയ ഉടമയുടെ പിതാവിനെ കൂട്ടി എത്തിയത്. അപ്പോഴാണ് ജൂലൈയിൽ തന്നെ വീട് വിറ്റുപോയതായി ഹാൾ അറിഞ്ഞത്. ഓൺലൈനിൽ ലാൻഡ് രജിസ്ട്രി ഡോക്യുമെന്റേഷനിൽ, വീട് ഓഗസ്റ്റ് 4 മുതൽ പുതിയ ഉടമയുടെ പേരിലാണുള്ളത്.

പോലീസ് എത്തിയെങ്കിലും ഇതൊരു സിവിൽ കേസ് ആയതിനാൽ അഭിഭാഷകനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടു. പിന്നീട് ഓൺലൈനിൽ പോലീസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതേ മറുപടിയാണ് ലഭിച്ചതെന്ന് ഹാൾ പറഞ്ഞു. അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് വക്താവ് അറിയിച്ചു. 131,000 പൗണ്ടിനാണ് ഹാളിന്റെ വീട് വിറ്റുപോയിരിക്കുന്നത്. ഇത്തരം തട്ടിപ്പിനും വഞ്ചനയ്ക്കുമുള്ള നഷ്ടപരിഹാരമായി കഴിഞ്ഞ വർഷം 3.5 മില്യൺ പൗണ്ടാണ് ലാൻഡ് രജിസ്‌ട്രി ചിലവഴിച്ചത്.