ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പെന്‍സില്‍വാനിയ: വംശീയ വിദ്വേഷികളെ കാറിൽ നിന്നും പുറത്താക്കിയ ടാക്സി ഡ്രൈവറാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ താരം. ജെയിംസ് ഡബ്ല്യു ബോഡ് എന്നയാളാണ് വർണവിവേചനത്തിനെതിരെ പ്രതിഷേധിച്ച് ഹീറോയായത്. അമേരിക്കയിലെ പെന്‍സില്‍വാനിയയിൽ മെയ് 13നായിരുന്നു സംഭവം. പെന്‍സില്‍വാനിയയിലെ ഫോസില്‍സ് ലാസ്റ്റ് സ്റ്റാന്റ് ബാറിനടുത്ത് നിന്നാണ് ജാക്കി എന്ന സ്ത്രീ ജെയിംസിന്റെ കാറില്‍ കയറിയത്. കാറിൽ കയറിയ ഉടൻ ജാക്കി പറഞ്ഞത് ഇങ്ങനെയാണ് – ‘കൊള്ളാം, നിങ്ങള്‍ ഒരു വെള്ളക്കാരനെപ്പോലെയാണ്’. ഇതിനോട് അപ്പോള്‍ തന്നെ അനിഷ്ടഭാവത്തില്‍ ജെയിംസ് പ്രതികരിച്ചിരുന്നു. എന്താണ് ഉദ്ദേശിച്ചതെന്ന ചോദ്യത്തിന് ജെയിംസിന്റെ തോളില്‍ തട്ടി, നീ ഒരു സാധാരണക്കാരനെപ്പോലെയാണോ? നീ ഇംഗ്ലീഷ് സംസാരിക്കുന്നു? എന്ന് പറഞ്ഞായിരുന്നു സ്ത്രീയുടെ പ്രതികരണം.
‘നിങ്ങൾക്ക് പുറത്തിറങ്ങാം. ഞാൻ യാത്ര റദ്ദാക്കുകയാണ്.’ എന്ന മറുപടി പറയാൻ ജെയിംസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇത് തികച്ചും അനുചിതമാണെന്ന് ജെയിംസ് ആവർത്തിച്ചു. വെളുത്തവരല്ലെങ്കില്‍ ഈ സീറ്റില്‍ ഇരുന്നാല്‍ എന്താണ് കുഴപ്പം എന്നും ജെയിംസ് ചോദിച്ചു.
കാറിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ടതോടെ ജാക്കിയുടെ കൂടെയുണ്ടായിരുന്ന ആൾ ജെയിംസിനെ അസഭ്യം പറയാന്‍ തുടങ്ങി. ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. കാറിന്റെ ഡാഷ്ബോർഡ് ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ മെയ് 14 ന് ജെയിംസ് ഫേസ്ബുക്കിൽ പങ്കിട്ടു. വംശീയവാദികളായ യാത്രക്കാര്‍ക്കെതിരെ പ്രതിഷേധിച്ച ക്യാബ് ഡ്രൈവറെ സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ പേരാണ് അഭിനന്ദിച്ചത്. യാത്രക്കാരുടെ ഭീഷണിയെത്തുടർന്ന് ജെയിംസ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കടപ്പാട് – nowthisnews
Leave a Reply