റെഡിംഗ്: മലയാളിയായ സിറിയക് ജോസഫിന്റെയും (ബെന്നി) മറ്റ് ഏഴ് പേരുടെയും മരണത്തിന് കാരണമായ എം വണ്‍ മോട്ടോര്‍വേ ആപകടത്തിന്റെ വിചാരണ ആരംഭിച്ചു. റെഡിംഗ് ക്രൗണ്‍ കോര്‍ട്ടിലാണ് വിചാരണാ നടപടികള്‍ ആരംഭിച്ചത്. പൂര്‍ണ്ണമായും ഒഴിവാക്കാമായിരുന്ന അപകടം ട്രക്ക് ഡ്രൈവര്‍മാരുടെ അശ്രദ്ധയും മദ്യലഹരിയിലുള്ള ഡ്രൈവിംഗും കാരണമാണ് സംഭവിച്ചതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു. ബ്രിട്ടീഷുകാരനായ ഡേവിഡ് വാഗ്സ്റ്റാഫ്, പോളണ്ടുകാരനാട റൈസാര്‍ഡ് മാസീറാക്ക് എന്നിവരുടെ ലോറികളാണ് ബെന്നി യുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയത്. സ്ലോ ലെയിനില്‍ നിര്‍ത്തിയിട്ടിരുന്ന മാസീറാക്കിന്റെ ലോറിയെ കടന്നു പോകാന്‍ ബെന്നിയുടെ മിനി ബസ് ശ്രമിക്കുന്നതിനിടെ വാഗ്‌സ്റ്റാഫിന്റെ ലോറി ഇടിച്ചു കയറുകയായിരുന്നു.
അപകടത്തില്‍ രണ്ടു ലോറികള്‍ക്കുമിടയില്‍പ്പെട്ട മിനി ബസ് പൂര്‍ണ്ണമായും തകര്‍ന്നു. ഓഗസ്റ്റ് 26ന് നടന്ന അപകടത്തില്‍ എട്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മാസീറാക്ക് അനുവദനീയമായതിനേക്കാള്‍ രണ്ടിരട്ടിയിലധികം മദ്യപിച്ചിരുന്നുവെന്നും അപകടത്തിനു മുമ്പ് റൗണ്ട്എബൗട്ടില്‍ തെറ്റായ ദിശയിലോടിച്ച് രണ്ട് കാറുകളുമായി കൂട്ടിയിടിക്കാന്‍ തുടങ്ങിയിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. താന്‍ 21 മണിക്കൂര്‍ മുമ്പ് മദ്യപിച്ചിരുന്നുവെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞെങ്കിലും അത് പച്ചക്കള്ളമാണെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. നിര്‍ത്തിയിട്ട വാഹനത്തിന്റെ ഡ്രൈവര്‍ സീറ്റിനും പാസഞ്ചര്‍ സീറ്റിനുമിടയില്‍ ഇയാള്‍ ഇരുട്ടില്‍ ഇരിക്കുന്നത് കണ്ടതായി ഒരു ടാക്‌സി ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു.
ഇയാള്‍ മദ്യപിച്ചിരുന്നതായും നിര്‍ത്തിയിട്ട വാഹനത്തില്‍ കിടന്ന് ഉറങ്ങുകയായിരുന്നുവെന്നുമാണ് വ്യക്തമായത്. അപകടത്തിന് ശേഷം സ്ഥലത്തെത്തിയ പോലീസ് ഇയാളുടെ ലോറിക്കുള്ളില്‍ നിന്ന് സിഡറിന്റെ രണ്ട് ക്യാനുകള്‍ കണ്ടെത്തിയിരുന്നു. മറ്റ് ചില ഡ്രൈവര്‍മാരും ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. വാഗ്സ്റ്റാഫ് വാഹനമോടിച്ചിരുന്നത് ഓട്ടോ പൈലറ്റിലായിരുന്നുവെന്നും തനിക്കു മുമ്പില്‍ നടക്കുന്നത് എന്താണെന്ന് അയാള്‍ അറിഞ്ഞതുപോലുമില്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. 56 മൈല്‍ വേഗതയില്‍ പോകുകയായിരുന്ന ഇയാള്‍ക്ക് 10 സെക്കന്‍ഡ് മുമ്പ് തന്റെ മുന്നിലുള്ള വാഹനം കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
പുലര്‍ച്ചെ 3 മണിക്കുണ്ടായ അപകടത്തില്‍ വാഗ്സ്റ്റാഫ് ആക്‌സിലറേറ്റര്‍ കുറയ്ക്കാനോ ബ്രേക്ക് ചെയ്യാനോ ശ്രമിച്ചതിന്റെ അടയാളം പോലും പരിശോധനയില്‍ കണ്ടെത്താനായില്ല. രണ്ട് പ്രതികളും റോഡില്‍ അപകടകരമായാണ് പെരുമാറിയത്. അതുതന്നെയാണ് അപകടത്തിന് കാരണമായതെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. ബെന്നിയുടെ ഭാര്യ ആന്‍സി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ വിചാരണ കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.
Leave a Reply