അടുത്ത വർഷം ഏപ്രില്‍ രണ്ടു മുതല്‍ ആറു വരെ മധുരയില്‍ നടക്കുന്ന സി.പി.എം പാർട്ടി കോണ്‍ഗ്രസില്‍ മൂന്നു ടേം പൂർത്തിയാക്കി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാനിരിക്കെയാണ് സീതാറാം യെച്ചൂരിയുടെ ആകസ്മികമായ നിര്യാണം.

ഇനിയുള്ള ചോദ്യം യെച്ചൂരിയുടെ പകരക്കാരൻ ആരാകുമെന്നതാണ് . ആർക്കെങ്കിലും താത്ക്കാലിക ചുമതല നല്‍കുമോ?

അതോ പാർട്ടി കോണ്‍ഗ്രസ് വരെ പി.ബിയിലെ പാർട്ടി സെന്റർ മറ്റു പി.ബി. അംഗങ്ങളുമായി ആശയവിനിമയം നടത്തി കൂട്ടായ തീരുമാനങ്ങളുമായി മുന്നോട്ടു പോകുമോ?.ഉടൻ ചേരുന്ന പി.ബി.യോഗത്തില്‍ തീരുമാനം ഉണ്ടാകാൻ ഇടയുണ്ട്.കേന്ദ്ര കമ്മിറ്റി പിന്നീട് അതംഗീകരിച്ചാല്‍ മതിയാകും.

പതിനേഴംഗ സി.പി.എം പി.ബിയില്‍ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സർക്കാർ എന്നിവർ 75 എന്ന പാർട്ടി പ്രായ പരിധി കടന്നവരാണ്.അതേസമയം പശ്ചിമ ബംഗാളില്‍ നിന്നുള്ള സി.ഐ.ടി.യു നേതാവ് തപൻസെൻ ,ആന്ധ്രയില്‍ നിന്നുള്ള ബി.വി.രാഘവലു, കേരളത്തില്‍ നിന്നുള്ള എം.എ.ബേബിഎന്നിവരാണ് പി.ബിയില്‍ നിലവിലുള്ളവരില്‍ പ്രായപരിധി കടക്കാത്തവരിലെ മുതിർന്ന നേതാക്കള്‍.ഇവരില്‍ ബേബിക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

നാല്‍പ്പതു വർഷം മുൻപ് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പദവി എം.എ.ബേബി ഒഴിഞ്ഞപ്പോള്‍ പകരം ആ സ്ഥാനത്തേക്കുവന്നത് സീതാറാം യെച്ചൂരിയായിരുന്നു.ഇപ്പോള്‍ യെച്ചൂരി ചരിത്രത്തിലേക്ക് മായുമ്ബോള്‍ സി.പി.എം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബേബി വന്നുകൂടായ്കയില്ല.കേരള ഘടകത്തിന്റെ പിന്തുണ ഇതില്‍ നിർണായകമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ എന്നിവരാണ് ബേബിയെ കൂടാതെ കേരളത്തില്‍ നിന്നും പി.ബിയിലുള്ളത്.

തപൻ സെൻ ട്രേഡ് യൂണിയൻ രംഗത്തായതിനാല്‍ സാധ്യത കുറവാണ്. പക്ഷേ, മുതിർന്ന നേതാവെന്ന നിലയില്‍ രാഘവലുവിനെ പരിഗണിച്ചേക്കാം.ബംഗാളില്‍ നിന്നുള്ള നീലോല്‍പ്പല്‍ ബസു, മുഹമ്മദ് സലിം എന്നീ പി.ബി അംഗങ്ങളില്‍ നീലോല്‍പ്പല്‍ ജൂനിയറാണെങ്കിലും ഉയർന്നു വരുന്ന നേതാവാണ് .എന്നാല്‍ അടുത്ത പാർട്ടി കോണ്‍ഗ്രസ് വരെ ഒരു വനിതയ്ക്ക് ചുമതല നല്‍കാൻ ആലോചിച്ചാല്‍ പ്രായ പരിധി പരിഗണിക്കാതെ വൃന്ദയ്ക്ക് നറുക്കു വീഴാം. പിന്നെയുള്ള വനിത സുഭാഷിണി അലിയാണ് .അവർക്ക് സാധ്യത കുറവാണ്. ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരും പ്രായപരിധി നോക്കാതെ പരിഗണിക്കപ്പെട്ടേക്കാം.