മധ്യപ്രദേശിൽ ബിജെപിയെ പിന്നിലാക്കി വീണ്ടും കോണ്‍ഗ്രസ്. കോൺഗ്രസിനെ പിന്നിലാക്കി ലീഡ് പിടിച്ച് ബിജെപി മുന്നിലെത്തിയിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശിൽ നടക്കുന്നത്. ആകെയുള്ള 230 സീറ്റുകളിൽ 110 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ഒരുഘട്ടത്തിൽ കേവലഭൂരിപക്ഷവും കടന്ന് കുതിച്ച കോൺഗ്രസ് 107 സീറ്റിലൊതുങ്ങുന്ന കാഴ്ചയായിരുന്നു അല്‍പം മുന്‍പ് കണ്ടത്. ബിജെപി 107 സീറ്റിലാണ് ഇപ്പോള്‍ മുന്നില്‍.
8 സീറ്റുകളിൽ ബിഎസ്പിയും മറ്റ് പാർട്ടികള്‍ നാല് സീറ്റിലും മുന്നിലാണ്. ബിഎസ്പി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎസ്പി സ്വാധീനമുള്ള 22 മണ്ഡലങ്ങള്‍ ആണ് ഇനി നിര്‍ണ്ണായകം. ഈ സീറ്റുകളില്‍ ലീഡ് നില അയ്യായിരത്തില്‍ താഴെ മാത്രമാണ്.
നാലാം തവണയും അധികാരത്തിലെത്തുന്നത് സ്വപ്നം കാണുന്ന ബിജെപിക്ക് മധ്യപ്രദേശ് നിർണായകമാണ്. മധ്യ ഇന്ത്യയുടെ മണ്ണിൽ വീണ്ടും വേരോടാൻ കോൺഗ്രസിന് ജയം കൂടിയേ തീരൂ. തൊഴിലില്ലായ്മയും കാർഷികപ്രശ്നങ്ങളും ബിജെപിയെ പ്രതിരോധത്തിലാക്കി. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 165 സീറ്റ് നേടിയാണ് ബിജെപി കരുത്ത് തെളിയിച്ചത്. 58 സീറ്റിലൊതുങ്ങിയ കോൺഗ്രസിന് ആശ്വാസം പകരുന്നതാണ് നിലവിലെ ഫലം.
രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസ് അധികാരമുറപ്പിച്ചു. 199 സീറ്റുകളുള്ള രാജസ്ഥാനിൽ 92 സീറ്റുകളില്‍ കോൺഗ്രസ് ലീഡ് ചെയ്യുന്നു. 80 സീറ്റുകളിൽ ബിജെപിയും നാലിടത്ത് ബിഎസ്പിയും മുന്നിലാണ്. മറ്റ് പാർട്ടികൾ 20 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
57 സീറ്റുകളിൽ ലീഡ് ചെയ്യുന്ന കോൺഗ്രസ് ഛത്തീസ്ഗഢിൽ ഭരണമുറപ്പിച്ചുകഴിഞ്ഞു. ബിജെപി 24 സീറ്റിൽ മുന്നിലാണ്.
രണ്ട് സംസ്ഥാനങ്ങളിൽ ബിജെപിയെ അടിതെറ്റിച്ച് മുന്നോട്ടുകുതിക്കുമ്പോഴും ഭരണത്തിലിരുന്ന മിസോറാം കോൺഗ്രസിനെ കൈവിട്ടു. പത്ത് വർഷം നീണ്ട കോണ്‍ഗ്രസ് ഭരണം അവസാനിക്കുന്നു എന്ന സൂചനയാണ് മിസോറാം നൽകുന്നത്.
ആകെയുള്ള 40 സീറ്റുകളിൽ 27 സീറ്റിൽ എംഎൻഎഫ് ലീഡ് ചെയ്യുന്നു. കോൺഗ്രസ് ഏഴിലൊതുങ്ങി. മിസോറാം പീപ്പിൾസ് കോൺഫറൻസ് അഞ്ചിടത്തും ബിജെപി ഒരിടത്തും മുന്നിലാണ്. ഇനിയൊരു തിരിച്ചുവരവ് കോൺഗ്രസിന് അപ്രാപ്യമാണ്.
Leave a Reply