ബിജെപിയിൽ ചേർന്ന ജോതിരാദിത്യ സിന്ധ്യക്ക് പിന്തുണ അറിയിച്ച് മധ്യപ്രദേശിലെ 22 കോൺഗ്രസ് എംഎൽഎമാർ രാജി വച്ചതോടെ പ്രതിസന്ധിയിലായ കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടണമെന്ന് ഗവർണർ. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബോധ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന് നിർദേശം മുന്നോട്ട് വച്ചത്. തിങ്കളാഴ്ച രാവിലെ 11ന് വിശ്വാസ വോട്ട് തേടണമെന്നാണ് നിർദേശം.
ഗവർണർക്ക് പ്രത്യേക അധികാരം വ്യവസ്ഥചെയ്യുന്ന ഭരണഘടനയുടെ അനുച്ഛേദം 175 പ്രകാരമാണ് ശനിയാഴ്ച രാത്രി 12 മണിയോടെ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് തേടണമെന്നുള്ള കത്ത് ഗവര്‍ണറുടെ ഓഫീസ് പുറത്തുവിട്ടത്. മധ്യപ്രദേശ് നിയമസഭയുടെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് ഗവർണറുടെ നടപടി.
22 എംഎൽഎമാർ രാജിവച്ചതോടെ സര്‍ക്കാറിന്റെ ഭൂരിപക്ഷം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംഘം നേരത്തെ ഗവർണറെ കണ്ടിരുന്നു. മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, നരോത്തം മിശ്ര, രാംപാല്‍ സിങ്, ഭൂപേന്ദ്ര സിങ് തുടങ്ങിയ നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകുകയും ചെയ്തു. ന്യൂനപക്ഷ സര്‍ക്കാരാണ് നിലവിലുള്ളത്. ഭൂരിപക്ഷം തെളിയിക്കാതെ ബജറ്റ് സമ്മേളനം തുടങ്ങുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി ബിജെപി സംഘം ഗവർണർക്ക് നൽകിയ നിവേദനം നല്‍കുകയും ചെയ്തിരുന്നു.
ബിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് ഗവർണറുടെ നടപടി. ബിജെപിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഗവർണർ തിങ്കളാഴ്ച സഭ ചേരുമ്പോള്‍ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് മൂന്ന് പേജുള്ള കത്തില്‍ വ്യക്തമാക്കുന്നത്.
നേരത്തെ, കോണ്‍ഗ്രസിൽ നിന്നും രാജി വച്ച 22 വിമത എംഎല്‍എമാരില്‍ തുളസി സിലാവത്, ഗോവിന്ദ് സിങ് രാജ്പുത്, പ്രഭുറാം ചൗധരി, ഇര്‍മതി ദേവി, പ്രദ്യുമന് സിങ് തോമര്‍, മഹേന്ദ്ര സിങ് സിസോദിയ എന്നിവരുടെ രാജി സ്പീക്കര്‍ എന്‍.പി. പ്രജാപതി ശനിയാഴ്ച സ്വീകരിച്ചിരുന്നു. ഇതിന് പുറമെ നേരിട്ട് തന്റെ മുന്നില്‍ ഹാജറാവാൻ ആവശ്യപ്പെട്ട് സ്പീക്കര്‍ വിമതര്‍ക്ക് നോട്ടീസയക്കുകയും ചെയ്തിരുന്നു.
Leave a Reply